ഭാഷ അടിച്ചേൽപ്പിക്കൽ കാരണം കർണാടകയിൽ 90,000 വിദ്യാർഥികൾ പരാജയപ്പെട്ടുവെന്ന് ഡി.എം.കെ മന്ത്രി

ചെന്നൈ: കർണാടകയിൽ 90,000ത്തിലധികം വിദ്യാർഥികൾ ബോർഡ് പരീക്ഷകളിൽ പരാജയപ്പെട്ടത് ഒരു ഭാഷയുടെ അടിച്ചേൽപ്പിക്കൽ മൂലമാണെന്ന് തമിഴ്‌നാട് വിദ്യാഭ്യാസ മന്ത്രി അൻബിൽ മഹേഷ് പൊയ്യമൊഴി. സ്‌കൂളിലെ ചടങ്ങളിൽ വിദ്യാർഥികളെ അഭിസംബോധന ചെയ്യവെയാണ് അദ്ദേഹം ഈ പരാമർശം നടത്തിയത്. കേന്ദ്ര സർക്കാറിന്റെ ഹിന്ദിഭാഷാ നയത്തെയും വിദ്യാഭ്യാസ ധനസഹായത്തെയും അ​ദ്ദേഹം വിമർശിച്ചു.

ഭാഷാ പഠനം വിദ്യാർഥികൾക്ക് ഒരു തെരഞ്ഞെടുപ്പായിരിക്കണമെന്നും മന്ത്രി പറഞ്ഞു. മൂന്നാം ഭാഷ ഒരു ഓപ്ഷനായിരിക്കണം. നിർബന്ധമാവരുതെന്നും വിദ്യാഭ്യാസ നയങ്ങളിൽ വഴക്കത്തിന്റെ ആവശ്യകത എടുത്തുകാണിച്ചുകൊണ്ട് അദ്ദേഹം പറഞ്ഞു.

തമിഴ്‌നാട്, കേരളം തുടങ്ങിയ ഉയർന്ന പ്രകടനം കാഴ്ച വെക്കുന്ന സംസ്ഥാനങ്ങൾക്കുളള സുപ്രധാന വിദ്യാഭ്യാസ ഫണ്ടുകൾ കേന്ദ്ര സർക്കാർ തടഞ്ഞുവച്ചതായും അദ്ദേഹം ആരോപിച്ചു. വിദ്യാഭ്യാസ ഫണ്ടുകൾ ഞെരുക്കി കേന്ദ്രം സംസ്ഥാനങ്ങളെ ഭീഷണിപ്പെടുത്തുകയാണ്. എന്നാൽ, മുഖ്യമന്ത്രി സ്റ്റാലിൻ ഇടപെട്ട് മുഴുവൻ ചെലവും തമിഴ്നാട് വഹിക്കുമെന്ന് ഉറപ്പ് നൽകിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഹിന്ദി ഒരു ഭാഷയുടെയും ശത്രുവല്ല എന്ന കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ വാദത്തിന് മറുപടിയായി തമിഴും അങ്ങനെ തന്നെയാണെന്ന് ഡി.എം.കെ എം.പി കനിമൊഴി നേരത്തെ പ്രതികരിച്ചിരുന്നു. ‘ഹിന്ദി ഒരു ഭാഷയുടെയും ശത്രുവല്ലെങ്കിൽ, തമിഴും ഒരു ഭാഷയുടെയും ശത്രുവല്ല. കുട്ടികൾ തമിഴ് പഠിക്കട്ടെ. ഉത്തരേന്ത്യയിലെ ജനങ്ങൾ കുറഞ്ഞത് ഒരു ദക്ഷിണേന്ത്യൻ ഭാഷയെങ്കിലും പഠിക്കട്ടെ. അതാണ് യഥാർത്ഥ ദേശീയോദ്ഗ്രഥനം’ - എന്നായിരുന്നു കനിമൊഴിയുടെ വാക്കുകൾ.

Tags:    
News Summary - 90,000 students failed in Karnataka due to language imposition, says DMK minister

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.