inscription
ചെന്നൈ: തമിഴ്നാട്ടിലെ പുതുക്കോട്ടയിൽ 700 വർഷം പഴക്കമുള്ള അസീറിയൻ ശിലാലിഖിതങ്ങൾ കണ്ടെത്തി. അരസഹസ്രാബ്ദത്തിലേറെ പഴക്കമുള്ള തദ്ദേശഭരണ സംവിധാന ചരിത്രത്തിലേക്ക് വെളിച്ചം വീശുന്നതാണ് ഈ കണ്ടെത്തൽ. തഞ്ചാവൂർ തമിഴ് യൂനിവേഴ്സിറ്റിയിലെ ഗവേഷകനും ആർക്കിയോളജിക്കൽ റിസർച്ച് ഫോറം ഉപജ്ഞാതാവുമായ മണികണ്ഠനാണ് പുതിയ വ്യാഖ്യാനങ്ങളിലേക്ക് ചരിത്രത്തെ നയിക്കാവുന്ന കണ്ടെത്തൽ നടത്തിയത്. ചരിത്രകുതുകികളായ നാട്ടുകാരിൽ ചിലർ നൽകിയ സൂചനകളിൽ നിന്നാണ് മണികണ്ഠൻ കുടുതൽ അന്വേഷണം നടത്തി ഈ വിലപ്പെട്ട ചരിത്രശേഖരം കണ്ടെത്തുന്നത്. ഇത്തരത്തിൽ മൂന്ന് ശിലാലിഖിതങ്ങളാണ് കണ്ടെത്തിയത്. ഇതിൽ രണ്ടെണ്ണം പൂർണമായും മറ്റൊന്ന് ഭാഗികമായി മുറിഞ്ഞുപോയ നിലയിലുമാണ് കണ്ടെത്തിയത്.
മധ്യകാലഘട്ടത്തിലെ ഭരണസംവിധാനങ്ങളെക്കുറിച്ച് കൂടുതൽ ചരിത്രാനേഷണത്തിന് ഈ കണ്ടെത്തൽ വഴിവെക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. പ്രത്യേകിച്ചും ഗ്രാമീണ ഭരണം, നികുതി പിരിക്കൽ, ജലസേചന സംവിധാനം, സുരക്ഷാസംവിധാനങ്ങൾ തുടങ്ങിയവയെക്കുറിച്ച് പല പുതിയ അറിവുകളും ഈ ശിലാലിഖിതങ്ങൾ പങ്കുവെക്കുന്നു.
ഇതിൽ ഏറ്റവും പഴക്കമുള്ളത് 13ാം നൂറ്റാണ്ടിലേതും രണ്ടാമത്തേത് 14ാം നൂറ്റാണ്ടിലേതും ഭാഗീകമായി തകർന്നത് പതിനഞ്ചാം നുറാണ്ടിലേതുമാണെന്ന് പ്രാഥമികമായി കണക്കാക്കുന്നു. പതിനഞ്ചാം നൂറ്റാണ്ടിലെ ലിഖിതത്തിൽ ‘മുല്ലൈ’ എന്ന തമിഴ് പദം കാണാം. ഭാഷയുടെ രൂപീകരണ ചരിത്രം കണക്കാക്കിയാണ് ഇപ്പോൾ ഇവയുടെ പഴക്കം നിർണയിച്ചിരിക്കുന്നത്. കൂടുതൽ വ്യാഖ്യാനങ്ങൾ ഇതുസംബന്ധിച്ച് വരാനിരിക്കുന്നതേയുള്ളൂ. അതിനായി സംസ്ഥാന ആർക്കിയോളജി വകുപ്പിനും ആർക്കിയോളജിക്കൽ സർവെ ഓഫ് ഇന്ത്യക്കും അപേക്ഷ നൽകുമെന്ന് ഗവേഷകൻ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.