ലാലു പ്രസാദ് യാദവും കുടുംബവും വോട്ട് ചെയ്തപ്പോൾ
പട്ന: ബിഹാർ നിയമസഭാ തെരഞ്ഞെടുപ്പിന്റെ ആദ്യ ഘട്ടത്തിൽ 121 മണ്ഡലങ്ങളിലേക്ക് വോട്ടെടുപ്പ് പുരോഗമിക്കുന്നു. ഉച്ച തിരിഞ്ഞ് മൂന്നു മണി വരെ 53 ശതമാനത്തിലധികം പോളിങ് രേഖപ്പെടുത്തി. 3.75 കോടി വോട്ടർമാരിൽ 53.77 ശതമാനം പേർ വോട്ട് രേഖപ്പെടുത്തിയതായി ഉദ്യോഗസ്ഥൻ പറഞ്ഞു.
ഭരണകക്ഷിയായ എൻ.ഡി.എക്ക് ലിറ്റ്മസ് പരീക്ഷണമായി കണക്കാക്കപ്പെടുന്ന തെരഞ്ഞെടുപ്പിന്റെ ആദ്യ ഘട്ടത്തിൽ വോട്ട് രേഖപ്പെടുത്തിയ മുൻനിര നേതാക്കളിൽ മുഖ്യമന്ത്രി നിതീഷ് കുമാറും ഇൻഡ്യാ ബ്ലോക്കിന്റെ മുഖ്യമന്ത്രി സ്ഥാനാർഥി തേജസ്വി യാദവും ഉൾപ്പെടുന്നു.
ആദ്യഘട്ടത്തിലെ വോട്ടെടുപ്പ് മന്ദഗതിയിലാക്കുക എന്ന ഉദ്ദേശ്യത്തോടെ മഹാഘഡ്ബന്ധൻ ശക്തമായ ബൂത്തുകളിൽ ഇടക്കിടെ വൈദ്യുതി വിച്ഛേദിക്കപ്പെടുന്നുവെന്ന് പ്രതിപക്ഷമായ ആർ.ജെ.ഡി ‘എക്സ്’ പോസ്റ്റിൽ ആരോപിച്ചു. മന്ദഗതിയിലുള്ള വോട്ടെടുപ്പ് മനഃപൂർവമാണെന്നും തെരഞ്ഞെടുപ്പ് കമീഷൻ, ഇത്തരം കൃത്രിമത്വം മനസ്സിലാക്കുകയും ഉടനടി നടപടി സ്വീകരിക്കുകയും ചെയ്യണമെന്നും അവർ ആവശ്യപ്പെട്ടു.
എന്നാൽ, ആരോപണം പൂർണമായും അടിസ്ഥാനരഹിതവും തെറ്റിദ്ധരിപ്പിക്കുന്നതുമാണെന്ന് ബിഹാർ മുഖ്യ തെരഞ്ഞെടുപ്പ് ഓഫിസ് പ്രതികരിച്ചു. എല്ലാ പോളിങ് സ്റ്റേഷനുകളിലും വോട്ടെടുപ്പ് സുഗമമായി നടക്കുന്നു. വോട്ടെടുപ്പ് പ്രക്രിയ നീതിയുക്തവും സുതാര്യവും തടസ്സമില്ലാത്തതുമാണെന്ന് ഉറപ്പാക്കാൻ ഇന്ത്യൻ തിരഞ്ഞെടുപ്പ് കമീഷൻ എല്ലാ സ്റ്റാൻഡേർഡ് പ്രോട്ടോക്കോളുകളും പാലിക്കുന്നുണ്ടെന്നും തെറ്റിദ്ധരിപ്പിക്കുന്ന പ്രചാരണത്തിന് അടിസ്ഥാനമില്ലെന്നും ഓഫിസ് പറഞ്ഞു.
സംസ്ഥാനത്തുടനീളമുള്ള 1,314 സ്ഥാനാർഥികളുടെ വിധി നിർണയിക്കാൻ 3.75 കോടിയിലധികം വോട്ടർമാർ ആണ് ബൂത്തുകളിലേക്കൊഴുകുന്നത്. കർശന സുരക്ഷാ ക്രമീകരണങ്ങൾക്കിടയിൽ രാവിലെ ഏഴു മണിക്ക് പോളിങ് ആരംഭിച്ചു. വൈകുന്നേരം 5 മണി വരെ തുടരുമെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.
ഗോപാൽഗഞ്ച് ജില്ലയിൽ ഇതുവരെയുള്ള ഏറ്റവും ഉയർന്ന പോളിങ് ശതമാനം (46.73) രേഖപ്പെടുത്തി. തൊട്ടുപിന്നാലെ ലഖിസാരായി (46.37), ബെഗുസാരായി (46.02) എന്നിങ്ങനെയാണ്.
തേജസ്വി യാദവ്, കേന്ദ്രമന്ത്രി ഗിരിരാജ് സിങ്, ഉപമുഖ്യമന്ത്രി വിജയ് കുമാർ സിൻഹ എന്നിവരുൾപ്പെടെ നിരവധി മുതിർന്ന രാഷ്ട്രീയക്കാർ നേരത്തെ എത്തി വോട്ട് രേഖപ്പെടുത്തി.
തേജസ്വി പട്നയിലെ വെറ്ററിനറി കോളേജിൽ തന്റെ പിതാവും ആർ.ജെ.ഡി മേധാവിയുമായ ലാലു പ്രസാദിനൊപ്പം വോട്ട് രേഖപ്പെടുത്തി. ഗിരിരാജ് സിങ് ലഖിസരായിലും, കേന്ദ്രമന്ത്രി രാജീവ് രഞ്ജൻ സിങ്, സംസ്ഥാന മന്ത്രി നിതിൻ നബിൻ എന്നിവരും പട്നയിൽ വോട്ട് ചെയ്തു.
വൈശാലിയിലെ ഒരു വോട്ടർ പോത്തിന്റെ പുറത്തേറി പോളിങ് സ്റ്റേഷനിൽ എത്തി എല്ലാവരെയും വോട്ടെടുപ്പിൽ പങ്കാളികളാവാൻ പ്രോൽസാഹിപ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.