ബംഗളൂരു: വി.ഡി സവർക്കറുടെ ചിത്രമടങ്ങിയ ഫ്‌ളക്‌സിനെച്ചൊല്ലിയുള്ള തർക്കം സംഘർഷത്തിലേക്ക്. കർണാടകയിലെ ഷിമോഗയിലാണ് സംഭവം. സംഘർഷത്തിൽ രണ്ടുപേർക്ക് കുത്തേറ്റു. പ്രദേശത്ത് പൊലീസ് നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്. സ്വാതന്ത്ര്യദിനാഘോഷത്തിന്റെ ഭാഗമായി ഷിമോഗയിലെ അമീർ അഹ്മദ് നഗറിൽ ഒരു വിഭാഗം വി.ഡി സവർക്കറുടെ ചിത്രമടങ്ങിയ ഫ്‌ളക്‌സ് സ്ഥാപിച്ചതാണ് തർക്കങ്ങൾക്കു തുടക്കം. ഇതിൽ എതിർപ്പുമായി മറ്റൊരു സംഘമെത്തി. ഇവർ ഫള്ക്‌സ് നീക്കം ചെയ്യുകയും സ്ഥാനത്ത് മൈസൂർ ഭരണാധികാരിയും സ്വാതന്ത്ര്യ സമരസേനാനിയുമായിരുന്ന ടിപ്പു സുൽത്താന്റെ ഫ്‌ളക്‌സ് സ്ഥാപിക്കുകയും ചെയ്തു.
സംഭവം വലിയ സംഘർഷത്തിലേക്ക് നയിച്ചു. ഇതിനിടയിലാണ് രണ്ടുപേർക്ക് കുത്തേറ്റത്. തുടർന്ന് പൊലീസെത്തി ആൾക്കൂട്ടത്തെ പിന്തിരിപ്പിച്ചു. പിന്നാലെ നിരോധനാജ്ഞ പ്രഖ്യാപിക്കുകയും ചെയ്തു. നാലിൽ കൂടുതൽ പേർ കൂട്ടംകൂടി നിൽക്കുന്നതിനു വിലക്കുണ്ട്. തർക്കസ്ഥലത്ത് ഉദ്യോഗസ്ഥർ ദേശീയപതാക ഉയർത്തുകയും ചെയ്തു. കൂടുതൽ പൊലീസിനെ സ്ഥലത്ത് വിന്യസിച്ചിട്ടുണ്ട്. അതേസമയം, കുത്തിയ കേസിലെ പ്രതികളിൽ നാലുപേരെ പൊലീസ് ഇന്ന് രാവില അറസ്റ്റ് ചെയ്തു. ഇവരിൽ ഒരാളുടെ കാലിൽ പൊലീസുമായുള്ള ഏറ്റുമുട്ടലിൽ ബുള്ളറ്റ് തറച്ചിട്ടുണ്ടെന്ന് പൊലീസ് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.