മുംബൈ: വിഡിയോ കോളിൽ സൈബർ പൊലീസ് ചമഞ്ഞ് ദമ്പതികളെ പറ്റിച്ച് 50 ലക്ഷം തട്ടിയെടുത്തു. ഒക്ടോബർ പത്തിന് നടന്ന സംഭവം റിട്ട. ബാങ്ക് ഉദ്യോഗസ്ഥൻ പൊലീസിൽ പരാതിപ്പെട്ടതോടെയാണ് പുറം ലോകമറിഞ്ഞത്. മൂന്ന് ദിവസം നീണ്ട വിഡിയോ കോളിലൂടെയാണ് തട്ടിപ്പുകാർ ദമ്പതികളുടെ പണം കൈക്കലാക്കിയത്.
നാസിക് പൊലീസാണെന്ന് പരിചയപ്പെടുത്തിയാണ് തട്ടിപ്പുകാർ ഇവരെ ബന്ധപ്പെടുന്നത്. കള്ളപ്പണക്കേസിൽ ദമ്പതികൾക്ക് പങ്കുണ്ടെന്ന് ആരോപിക്കുകയും വിശ്വസിപ്പിക്കുന്നതിന് വേണ്ടി ഇവരുടെ പേരടങ്ങിയ വ്യാജ എഫ്.ഐ.ആർ കാണിക്കുകയും ചെയ്തു. തുടർന്ന് എൻ.ഐ.എ ഉദ്യോഗസ്ഥനാണെന്ന് പരിചയപ്പെടുത്തിയ തട്ടിപ്പുകാർ ദമ്പതികൾ നിരീക്ഷണത്തിലാണെന്നും അന്വേഷണത്തിന്റെ ഭാഗമായി തുടർച്ചയായി മൂന്ന് ദിവസം വിഡിയോ കോളിൽ തുടരണമെന്നും ആവശ്യപ്പെട്ടു.
തുടർന്നുള്ള ദിവസങ്ങളിൽ ദമ്പതികളുടെ ബാങ്ക് അക്കൗണ്ട് വിവരങ്ങൾ തട്ടിപ്പുകാർ കൈക്കലാക്കി. ദമ്പതികളുടെ പക്കലുള്ള പണം പരിശോധിക്കണമെന്ന് തട്ടിപ്പുകാർ ആവശ്യപ്പെടുകയും പണം തന്നിരിക്കുന്ന അക്കൗണ്ടിലേക്ക് അയക്കാൻ ആവശ്യപ്പെടുകയും ചെയ്തു. പരിഭ്രാന്തിയിലായ ദമ്പതികൾ ഉടൻ തന്നെ പണമയച്ച് കൊടുത്തു. പണം ലഭിച്ചതോടെ തട്ടിപ്പുകാരുടെ കോൾ നിന്നു.
പ്രായമായവരെ കേന്ദ്രീകരിച്ചുള്ള ’ഡിജിറ്റൽ അറസ്റ്റ്’ തുടർക്കഥയാവുന്നത് വലിയ പ്രതിസന്ധിയാണ് സൃഷ്ടിക്കുന്നത്. സാങ്കേതികവിദ്യയിലുള്ള അറിവില്ലായ്മയാണ് തട്ടിപ്പുകാർ ചൂഷണം ചെയ്യുന്നത്. ഇത്തരം തട്ടിപ്പിലൂടെ നഷ്ടപ്പെട്ട പണം പിന്നീട് തിരികെ ലഭിക്കുന്നത് അപൂർവ്വമാണ്. നിയമപാലകർ തങ്ങളെ നിരീക്ഷിക്കുന്നുണ്ടെന്ന് ഇരകളെ വിശ്വസിപ്പിക്കുന്ന ഇത്തരം ‘ഡിജിറ്റൽ അറസ്റ്റ്’ തട്ടിപ്പുകൾ ഇന്ത്യയിലുടനീളം വർധിച്ചുവരുന്നതായി ഉദ്യോഗസ്ഥർ മുന്നറിയിപ്പ് നൽകിയിരുന്നു. പൊലീസോ മറ്റ് അന്വേഷണ ഏജൻസികളോ പണമയക്കാൻ ആവശ്യപ്പെടുകയോ വിഡിയോ കോളിൽ വരുകയോ ഇല്ലെന്ന് പൊലീസ് നിരവധി തവണ മുന്നറിയിപ്പ് നൽകിയിട്ടും ഇത്തരം തട്ടിപ്പുകൾ കുറയുന്നില്ല എന്നതും ആശങ്കാജനകമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.