ഹിന്ദുമുന്നണി നേതാവിന്‍െറ കൊലപാതക കേസ് ക്രൈംബ്രാഞ്ചിന് കൈമാറി

ചെന്നൈ: കോയമ്പത്തൂരില്‍ ഹിന്ദുമുന്നണി വക്താവ് സി. ശശികുമാര്‍ കൊല്ലപ്പെട്ട സംഭവത്തില്‍ കേസ് അന്വേഷണം ക്രൈംബ്രാഞ്ച് സി.ഐ.ഡിക്ക് കൈമാറാന്‍ സംസ്ഥാന ഡി.ജി.പി ടി.കെ. രാജേന്ദ്രന്‍ ഉത്തരവിട്ടു. എ.ഡി.ജി.പി റാങ്കിലുള്ള ഉദ്യോഗസ്ഥന്‍ അനേഷണത്തിന് നേതൃത്വം നല്‍കും.  ഈ മാസം 22ന് നടന്ന കൊലപാതകത്തില്‍ കോയമ്പത്തൂര്‍ തുടിയലൂര്‍ പൊലീസ് സ്റ്റേഷനിലാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ഇരുചക്രവാഹനങ്ങളില്‍ എത്തിയ സംഘം ശശികുമാറിനെ വെട്ടിക്കൊലപ്പെടുത്തി രക്ഷപ്പെടുകയായിരുന്നു. ഒരാഴ്ച കഴിഞ്ഞിട്ടും ലോക്കല്‍ പൊലീസ് നേതൃത്വം നല്‍കിയ അന്വേഷണ സംഘത്തിന് പ്രതികളെക്കുറിച്ച് സൂചന ലഭിക്കാത്തതിനെ തുടര്‍ന്നാണ്  കേസ് ക്രൈംബ്രാഞ്ചിനെ ഏല്‍പിച്ചത്.

തീവ്രവാദ ബന്ധമുള്ള പ്രതികളെ പിടികൂടണമെന്നാവശ്യപ്പെട്ട് ബി.ജെ.പിയും സംഘ് പരിവാര്‍ സംഘടനകളും സംസ്ഥാനമൊട്ടുക്കും പ്രക്ഷോഭത്തിലാണ്. ബി.ജെ.പി സംസ്ഥാന കമ്മിറ്റിയുടെ ആഹ്വാനപ്രകാരം സംസ്ഥാനമെങ്ങും പ്രവര്‍ത്തകര്‍ അറസ്റ്റ് വരിച്ചു. അനുവാദമില്ലാതെ പ്രകടനം നടത്താന്‍ സംഘടിച്ച അഞ്ഞൂറോളം ബി.ജെ.പി പ്രവര്‍ത്തകരെ ചെന്നൈയില്‍ പൊലീസ് അറസ്റ്റ് ചെയ്തു നീക്കി.

ദേശീയ സെക്രട്ടറി എ. രാജ, സംസ്ഥാന പ്രസിഡന്‍റ് ഡോ. തമിഴിസൈ സൗന്ദരരാജന്‍ എന്നിവരുടെ നേതൃത്വത്തിലാണ് എഗ്മോര്‍ രാജരത്തിനം സ്റ്റേഡിയത്തിന് സമീപം പ്രവര്‍ത്തകര്‍ സംഘടിച്ചത്. വള്ളുവര്‍ക്കോട്ടത്തില്‍  പ്രതിഷേധം സംഘടിപ്പിക്കാന്‍ അനുവാദം നിഷേധിച്ചതിനെ തുടര്‍ന്നാണ് വേദി മാറ്റിയത്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.