ഇസ്രായേൽ സഹകണത്തോടെ ഇന്ത്യ വികസിപ്പിച്ച മിസൈൽ പരീക്ഷിച്ചു

ചാന്ദിപ്പൂർ: ഇസ്രായേൽ സഹകരണത്തോടെ നിർമിച്ച ദീർഘദൂര ഭൂതല-വായു മിസൈൽ ഇന്ത്യ വിജയകരമായി പരീക്ഷിച്ചു. ചാന്ദിപ്പൂർ ഇൻറഗ്രേറ്റഡ് ടെസ്റ്റ് റേഞ്ചിൽ നിന്ന് മൊബൈൽ ലോഞ്ചർ ഉപയോഗിച്ചാണ് പരീക്ഷണ വിക്ഷേപണം നടത്തിയത്. പരീക്ഷണം വിജയകരമായിരുന്നുവെന്നും മിസൈൽ ലക്ഷ്യസ്ഥാനം തകർത്തതായും ഡി.ആർ.ഡി.ഒ വാർത്താ കുറിപ്പിൽ അറിയിച്ചു.

ആകാശ മാർഗമുള്ള ആക്രമണങ്ങളെ ഫലപ്രദമായി പ്രതിരോധിക്കാൻ മിസൈലിന് കരുത്തുണ്ട്. മൾട്ടി ഫംഗ്ഷണൽ സർവേലൻസ് ആൻഡ് ത്രെറ്റ് അലർട്ട് റഡാർ (എം.എഫ് സ്റ്റാർ) സംവിധാനമാണ് മിസൈലിൽ ഘടിപ്പിച്ചിട്ടുള്ളത്. ഇതുപ്രകാരം ആകാശ മാർഗമുള്ള എതിരാളിയെ റഡാർ കണ്ടുപിടിക്കുകയും മിസൈലിന് ആക്രമണത്തിനുള്ള വഴികാട്ടുകയും ചെയ്യും.

പ്രതിരോധ കേന്ദ്രങ്ങൾ, മെട്രോ സിറ്റികൾ, ആണവ നിലയങ്ങൾ എന്നിവക്ക് നേരെയുള്ള പൈലറ്റ് ഉള്ളതും ഇല്ലാത്തതുമായ യുദ്ധവിമാനങ്ങളുടെ ആക്രമണങ്ങൾ പ്രതിരോധിക്കുകയാണ് ലക്ഷ്യം. ഇസ്രായേൽ എയ്റോസ്പേസ് ഇൻഡസ്ട്രീസുമായി സഹകരിച്ച് ഹൈദരാബാദിലെ ഡി.ആർ.ഡി.ഒ റിസർച്ച് ലാബാണ് മിസൈൽ നിർമിച്ചത്.

കഴിഞ്ഞ വർഷം ഡിസംബറിൽ ദീർഘ ദൂര ഭൂതല-വായു മിസൈൽ നാവികസേന വിജയകരമായി പരീക്ഷിച്ചിരുന്നു. നാവികസേനയുടെ യുദ്ധക്കപ്പലായ ഐ.എൻ.എസ് കൊൽക്കത്തയിൽ നിന്നായിരുന്നു വിക്ഷേപണം

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.