കശ്മീരില്‍ പെരുന്നാളിനും കര്‍ഫ്യു; ഏറ്റുമുട്ടലില്‍ രണ്ടു മരണം

ന്യൂഡല്‍ഹി: സംഘര്‍ഷം രൂക്ഷമായ കശ്മീര്‍ താഴ്വരയില്‍ ബലിപെരുന്നാള്‍ ദിനത്തില്‍ ഉണ്ടായ പുതിയ ഏറ്റുമുട്ടലുകളില്‍ രണ്ടു യുവാക്കള്‍ കൊല്ലപ്പെട്ടു. താഴ്വരയിലെ 10 ജില്ലകളിലും വീണ്ടും കര്‍ഫ്യൂ ഏര്‍പ്പെടുത്തിയതിനെ തുടര്‍ന്ന് പള്ളികള്‍പോലും സുരക്ഷാസേന തുറപ്പിക്കാതിരുന്ന ബലിപെരുന്നാള്‍ ദിനമാണ് കടന്നു പോയത്. കര്‍ഫ്യൂ നിഴലില്‍ ആഘോഷങ്ങളൊന്നുമില്ലാതെ പെരുന്നാള്‍ കടന്നുപോയത് സ്വാതന്ത്ര്യത്തിനു ശേഷം ഇതാദ്യമാണ്. ഈദ്ഗാഹ് മൈതാനത്തോ പ്രസിദ്ധമായ ഹസ്രത് ബാല്‍ പള്ളിയിലോ ജുമാമസ്ജിദിലോ ഈദ് നമസ്കാരം നടന്നില്ല. വീടുകളില്‍നിന്ന് പ്രാര്‍ഥനക്കും മറ്റുമായി വിശ്വാസികളെ പുറത്തിറങ്ങാന്‍ സുരക്ഷാ സേന അനുവദിച്ചില്ല.

മുഖ്യമന്ത്രി മെഹ്ബൂബ മുഫ്തി, മുന്‍മുഖ്യമന്ത്രി ഉമര്‍ അബ്ദുല്ല തുടങ്ങിയവര്‍ക്കടക്കം പള്ളിയിലത്തെി ഈദ് നമസ്കാരം നടത്താന്‍ സാധിച്ചില്ല. ചെറു പള്ളികളില്‍മാത്രമാണ് പ്രാര്‍ഥന അനുവദിച്ചത്. സുരക്ഷാ സേനയുടെ വിലക്ക് അവഗണിച്ച് തെക്കന്‍ കശ്മീരിലും മറ്റും പ്രതിഷേധ പ്രകടനങ്ങള്‍ നടന്നു. ഇതേതുടര്‍ന്നുണ്ടായ പൊലീസ് വെടിവെപ്പിലാണ് ബന്ദിപ്പോരയിലും ഷോപിയാനിലുമായി രണ്ടു യുവാക്കള്‍ കൊല്ലപ്പെട്ടത്. ബന്ദിപ്പോരയിലെ നിബ്രിപ്പോരയില്‍ ഈദ്ഗാഹിലേക്ക് പോയ മുസ്തഫ അസ്മദ് മിര്‍ എന്ന വിദ്യാര്‍ഥിയുടെ ഖബറടക്കം ഈദ്ഗാഹ് മൈതാനത്തു തന്നെയാണ് നടത്തിയത്. കണ്ണീര്‍ വാതക ഷെല്‍ തട്ടിയാണ് മിര്‍ മരിച്ചത്. ഷോപിയാനില്‍ പൊലീസിന്‍െറ വെടിയേറ്റാണ് രണ്ടാമത്തെയാള്‍ കൊല്ലപ്പെട്ടത്.

രണ്ടു മാസത്തിലേറെയായി തുടരുന്ന സംഘര്‍ഷത്തില്‍ മരണസംഖ്യ 81ആയി. പൊലീസിന്‍െറ പെല്ലറ്റ് പ്രയോഗത്തിലും മറ്റും ചൊവ്വാഴ്ച 30ലേറെ പേര്‍ക്ക് പരിക്കേറ്റു. യു.എന്‍ പൊതുസഭാ സമ്മേളനം തുടങ്ങുന്നതു പ്രമാണിച്ച് യു.എന്നിന്‍െറ പ്രാദേശിക ഓഫിസിലേക്ക് വിഘടനവാദികള്‍ നടത്താന്‍ നിശ്ചയിച്ച മാര്‍ച്ച് പൊലീസ് വിലക്കി. ദേശീയപാത ഉപരോധിക്കാനും വിഘടനവാദികള്‍ ആഹ്വാനം ചെയ്തിരുന്നു.

ഈദ് ദിനത്തിലും തൊട്ടു തലേന്നുമെല്ലാം തിരക്കു ബഹളങ്ങള്‍കൊണ്ട് മുഖരിതമാകാറുള്ള ശ്രീനഗറിലെ മാര്‍ക്കറ്റുകള്‍ കഴിഞ്ഞ ദിവസങ്ങളില്‍ വിജനമായിരുന്നു. ബേക്കറികളും മറ്റ് പലഹാരക്കടകളും അടഞ്ഞുകിടന്നു. ബലിക്ക് ആടുകളുമായി കാത്തുനിന്നവര്‍ നിരാശരായി മടങ്ങി. ബക്രീദിനോടനുബന്ധിച്ച് പ്രതിഷേധ പ്രകടനങ്ങള്‍ ഉണ്ടാകുമെന്ന വിലയിരുത്തലില്‍ സുരക്ഷാ സേന വലിയ സന്നാഹങ്ങളാണ് ഒരുക്കിയിരുന്നത്. നിരീക്ഷണത്തിന് ഹെലികോപ്ടറുകളും ഡ്രോണുകളും ഇറക്കിയിരുന്നു.

തെക്കന്‍ കശ്മീരിലും മറ്റും പൊലീസിനെയും സി.ആര്‍.പി.എഫിനെയും സഹായിക്കാന്‍ സൈനികരെ സജ്ജമാക്കി നിര്‍ത്തി. ഇന്‍റര്‍നെറ്റ് സേവനങ്ങള്‍ നിര്‍ത്തിവെച്ചു. മൊബൈല്‍ സൗകര്യങ്ങളും ബി.എസ്.എന്‍.എല്‍ മൂന്നു ദിവസത്തേക്ക് നിര്‍ത്തിയിരിക്കുകയാണ്. പുതിയ സാഹചര്യങ്ങളില്‍ തെക്കന്‍ കശ്മീരില്‍ മൂന്നു ബറ്റാലിയന്‍ സൈന്യത്തെക്കൂടി വിന്യസിച്ചു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.