രൂപയുടെ മൂല്യത്തിൽ വൻ ഇടിവ്: ഡോളറിനെതിരേ 92.43 ആയി

ന്യൂഡൽഹി: പശ്ചിമേഷ്യയിലെ യുദ്ധവും ആഗോള വിപണിയിൽ അസംസ്‌കൃത എണ്ണ വില കുതിക്കുകയും ചെയ്യുന്നതിനിടെ റെക്കോർഡ് തകർച്ചയിൽ രൂപ. ഡോളറിനെതിരെ 92.43 നിലവാരത്തിലേക്കാണ് രൂപയുടെ മൂല്യം താഴ്ന്നത്. ക്രൂഡ് വില ബാരലിന് 100 ഡോളർ പിന്നിട്ടതാണ് കനത്ത ഭീഷണിയായത്. വ്യാപാരം ആരംഭിക്കുമ്പോൾ ഇന്റർബാങ്ക് വിദേശനാണ്യ വിപണിയിൽ രൂപയുടെ മൂല്യം 92.33 ആയിരുന്നു. വ്യാപാരത്തിനിടയിൽ മൂല്യം 92.37 ലേക്ക് താഴുകയും പിന്നീട് റെക്കോഡ് താഴ്ചയിലെത്തുകയും ചെയ്തു.

സംഘർഷത്തിന് മുമ്പ് ബാരലിന് 70 ഡോളർ ആയിരുന്ന എണ്ണവില 100 ഡോളർ കടന്നു. വൻതോതിൽ ക്രൂഡ് ഇറക്കുമതി ചെയ്യുന്ന രാജ്യമായതിനാൽ കറൻസിക്ക് കനത്ത സമ്മർദം നേരിടേണ്ടിവന്നു. ഇറാൻ യുദ്ധം ആരംഭിച്ചതു മുതൽ രൂപയുടെ മൂല്യത്തിൽ ഒന്നര ശതമാനത്തോളം ഇടിവുണ്ടായിട്ടുണ്ട്. പശ്ചിമേഷ്യയിലെ യുദ്ധം ആഗോള ധനകാര്യ വിപണികളിൽ വ്യാപകമായി അസ്ഥിരത സൃഷ്ടിച്ചതും രൂപക്ക് തിരിച്ചടിയായി.

മറ്റ് വികസ്വര രാജ്യങ്ങളിലെ കറൻസികളുമായി താരതമ്യം ചെയ്യുമ്പോൾ രൂപയുടെ പ്രകടനം മെച്ചപ്പെട്ട നിലയിലാണ്. രൂപയുടെ മൂല്യം അനിയന്ത്രിതമായി ഇടിയാതിരിക്കാൻ ആർ.ബി.ഐ വിപണിയിൽ ഇടപെട്ടതാണ് കാരണം. യുദ്ധത്തിന് പിന്നാലെ രൂപ ഒരു ശതമാനം ഇടിഞ്ഞപ്പോൾ മറ്റ് വികസ്വര വിപണികളിലെ കറൻസികൾ ഇതിലും വലിയ തകർച്ചയാണ് നേരിട്ടത്.

ഉപഭോക്തൃ വില സൂചിക (സി.പി.ഐ) ഫെബ്രുവരിയിൽ 3.21 ശതമാനമായി ഉയർന്നു. ജനുവരിയിൽ ഇത് 2.74 ശതമാനമായിരുന്നു. പത്ത് മാസത്തിനിടയിലെ ഏറ്റവും ഉയർന്ന നിരക്കാണിത്.

Tags:    
News Summary - Rupee Hits Record Low Oil and Iran War Jolt Indian Markets

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.