ന്യൂ ഡൽഹി: പശ്ചിമേഷ്യൻ യുദ്ധത്തെ തുടർന്ന് രാജ്യത്ത് പാചക വാതക പ്രതിസന്ധി രൂക്ഷമാകുന്ന സാഹചര്യത്തിൽ എൽ.പി.ജിക്ക് പകരം മറ്റ് ഇന്ധനങ്ങൾ കൂടി ഉപയോഗിക്കാൻ നിർദേശം നൽകി കേന്ദ്ര സർക്കാർ. ഭക്ഷണം പാകം ചെയ്യാൻ കൽക്കരിയും മണ്ണെണ്ണയും ഉപയോഗിക്കാമെന്നും സംസ്ഥാനങ്ങൾക്ക് കൂടുതൽ മണ്ണെണ്ണ നൽകുമെന്നും കേന്ദ്രം വ്യക്തമാക്കി.
സംസ്ഥാനങ്ങൾക്ക് നാൽപതിനായിരം ലിറ്റർ അധിക മണ്ണെണ്ണ നൽകുമെന്ന് കേന്ദ്ര പെട്രോളിയം മന്ത്രാലയം വ്യക്തമാക്കി. കൂടുതൽ കൽക്കരി ലഭ്യമാക്കാനും നടപടികൾ തുടങ്ങിയിട്ടുണ്ടെന്നും നിലവിലെ സാഹചര്യത്തിൽ പൂഴ്ത്തിവെപ്പും കരിഞ്ചന്തയും തടയാൻ നടികൾ ഊർജിതമാക്കുമെന്നും മന്ത്രാലയം കൂട്ടിച്ചേർത്തു.
കരിഞ്ചന്തയിൽ ഒരു സിലിണ്ടറിന് വില 5000 രൂപയിലേക്ക് ഉയർന്നു. വിറകടുപ്പിലേക്ക് മാറിയിരിക്കുകയാണ് മിക്ക ഹോട്ടലുകളും. ഗാർഹിക സിലിണ്ടറുകളുടെ വിതരണം തടസപ്പെടില്ലെന്ന് പറയുമ്പോഴും വാണിജ്യ സിലിണ്ടറുകളുടെ ലഭ്യതയുടെ കാര്യത്തിൽ സർക്കാർ ഉറപ്പൊന്നും പറയുന്നില്ല.
വാണിജ്യ സിലിണ്ടർ ഇന്ന് മുതൽ വിതരണം ചെയ്യുമെന്ന് കേന്ദ്ര പെട്രോളിയം മന്ത്രി ഇന്നലെ അറിയിച്ചെങ്കിലും നേരത്തെ നൽകിയിരുന്നതിന്‍റെ അഞ്ചിലൊന്ന് വിതരണം മാത്രമാണ് ഉണ്ടാവുക. പല സംസ്ഥാനങ്ങളിലും സിലിണ്ടർ കിട്ടാൻ ജനങ്ങൾ വരിനിൽക്കുകയാണ്. ആഭ്യന്തര എൽ.പി.ജി ഉൽപാദനം 25 ശതമാനം വർധിപ്പിച്ചു എന്ന് പറയുമ്പോഴും പ്രശ്ന പരിഹാരം ആയിട്ടില്ല.
കേരളത്തിൽ 40 ശതമാനം ഹോട്ടലുകൾ പൂട്ടിയതായി ഹോട്ടലുടമകളുടെ സംഘടന പറയുന്നു. പ്രവർത്തിക്കുന്നവയാകട്ടെ മെനു വെട്ടിക്കുറച്ചു. കൂടുതൽ എൽ.പി.ജി ആവശ്യമായ വിഭവങ്ങൾ ഒഴിവാക്കി ഹോട്ടലുകളും റെസ്റ്റോറന്‍റുകളും നടത്തിക്കൊണ്ടുപോകാനാണ് ശ്രമം. പല സംസ്ഥാനങ്ങളിലും ബുക്ക് ചെയ്ത ഗാർഹിക എല്‍.പി.ജി സിലിണ്ടറുകൾ ലഭിക്കാൻ വൈകുന്നുവെന്ന പരാതികളും വ്യാപകമാണ്.
പുതിയ ഗാർഹിക സിലിണ്ടറുകൾ ബുക്ക് ചെയ്യാനുള്ള ഇടവേള ഗ്രാമീണ മേഖലകളിൽ 45 ദിവസമാക്കി ഉയർത്തിയിരുന്നു. കേരളത്തിൽ പകുതി എൽ.പി.ജി കണക്ഷനും ഗ്രാമീണ മേഖലയിലാണ്. നഗരങ്ങളിൽ ബുക്കിങ് ഇടവേള നേരത്തെ തന്നെ 25 ദിവസമാക്കി വർധിപ്പിച്ചിരുന്നു. എന്നാൽ സിലിണ്ടർ ബുക്കിങ് സാധ്യമാവുന്നില്ലെന്ന് പലരും പരാതിപ്പെടുന്നുണ്ട്. ഒരേസമയം നിരവധി പേർ ഓൺലൈനായി ബുക്ക് ചെയ്യാൻ ശ്രമിക്കുന്നത് കാരണം സർവറുകൾ തകരാറിലാകുന്നതാണ് പ്രശ്നമെന്ന് ഏജൻസികൾ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.