കൊച്ചി: സാങ്കേതിക തകരാറിനെ തുടർന്ന് കൊച്ചി തുറമുഖത്ത് നങ്കൂരമിട്ട ഇറാനിയൻ നാവിക കപ്പലായ 'ഐറിസ് ലാവനി'ലെ (IRIS Lavan) 183 ജീവനക്കാരെയും തിരിച്ചയക്കാനൊരുങ്ങി ഇന്ത്യ. പശ്ചിമേഷ്യയിൽ യുദ്ധസാഹചര്യം രൂക്ഷമായ സാഹചര്യത്തിൽ, മാനുഷിക പരിഗണന നൽകിയാണ് കപ്പലിന് കൊച്ചിയിൽ അടുക്കാൻ ഇന്ത്യ അനുമതി നൽകിയത്.
വിശാഖപട്ടണത്ത് നടന്ന അന്താരാഷ്ട്ര ഫ്ലീറ്റ് റിവ്യൂവിലും 'മിലാൻ 2026' നാവികാഭ്യാസത്തിലും പങ്കെടുത്ത ശേഷം മടങ്ങുകയായിരുന്ന ഇറാനിയൻ നാവിക സംഘത്തിന്റെ ഭാഗമായിരുന്നു ഐറിസ് ലാവൻ കപ്പൽ. ഫെബ്രുവരി 28ന് സാങ്കേതിക തകരാർ റിപ്പോർട്ട് ചെയ്തതിനെത്തുടർന്ന് കപ്പലിന് കൊച്ചിയിൽ അടിയന്തരമായി അടുക്കാൻ അനുമതി തേടി ഇറാൻ ഇന്ത്യയെ സമീപിക്കുകയായിരുന്നു. മാർച്ച് 4നാണ് കപ്പൽ കൊച്ചിയിലെത്തിയത്. അന്നുമുതൽ കപ്പലിലെ ജീവനക്കാരെ കൊച്ചിയിലെ നാവികസേനാ കേന്ദ്രത്തിൽ സുരക്ഷിതമായി താമസിപ്പിച്ചിരിക്കുകയായിരുന്നു.
അതേസമയം, ഇറാനിയൻ കപ്പലിന് അഭയം നൽകിയത് രാഷ്ട്രീയ തീരുമാനമല്ലെന്നും, മാനുഷിക പരിഗണന മുൻനിർത്തിയുള്ളതാണെന്നും വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ പാർലമെന്റിൽ വ്യക്തമാക്കി. 'ഈ സാഹചര്യത്തിൽ ഇതൊരു ശരിയായ നടപടിയാണെന്ന് ഞങ്ങൾ വിശ്വസിക്കുന്നു,' എന്ന് അദ്ദേഹം പറഞ്ഞു. വിഷയത്തിൽ ഇറാൻ വിദേശകാര്യമന്ത്രി ഇന്ത്യയോട് നന്ദി രേഖപ്പെടുത്തിയതായും അദ്ദേഹം അറിയിച്ചു.
ഐറിസ് ലവൻ വിശാഖപട്ടണത്തെ നാവികാഭ്യാസം കഴിഞ്ഞ് മടങ്ങവെയാണ് സാങ്കേതിക തകര റിപ്പോർട്ട് ചെയ്തത്. അതിനുശേഷമാണ് പശ്ചിമേഷ്യയിൽ യു.എസ്-ഇസ്രായേൽ സംയുക്ത ആക്രമണങ്ങൾ രൂക്ഷമായത്. ഇതിന്റെ ഭാഗമായി ശ്രീലങ്കൻ തീരത്ത് വെച്ച് മറ്റൊരു ഇറാനിയൻ യുദ്ധക്കപ്പലായ 'ഐറിസ് ദേന' (IRIS Dena) യു.എസ് അന്തർവാഹിനി ആക്രമിച്ചു തകർത്തിരുന്നു. ഈ ആക്രമണത്തിൽ 84 സൈനികർ കൊല്ലപ്പെടുകയും നിരവധി ജീവനക്കാർക്ക് പരിക്കേൽക്കുകയും ചെയ്തു.
സംഘർഷം രൂക്ഷമായതോടെ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇറാൻ പ്രസിഡന്റ് മസ്ഊദ് പെസഷ്കിയാനുമായി ഫോണിൽ സംസാരിച്ചു. മേഖലയിലെ സംഘർഷം, സാധാരണക്കാരുടെ മരണം, അടിസ്ഥാന സൗകര്യങ്ങൾക്കുണ്ടായ നാശനഷ്ടങ്ങൾ എന്നിവയിൽ അദ്ദേഹം കടുത്ത ആശങ്ക രേഖപ്പെടുത്തി. ചർച്ചകളിലൂടെയും നയതന്ത്ര ഇടപെടലുകളിലൂടെയും സമാധാനം പുനഃസ്ഥാപിക്കേണ്ടതിന്റെ ആവശ്യകതയും ഇന്ത്യയുടെ ഊർജ്ജ സുരക്ഷയും അദ്ദേഹം ഊന്നിപ്പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.