ബലൂച് ആക്ടിവിസ്റ്റുകള്‍ ഡല്‍ഹിയില്‍; പ്രവാസ ബലൂച് സര്‍ക്കാറിന് ശ്രമം

ന്യൂഡല്‍ഹി: ഇന്ത്യാ-പാകിസ്താന്‍ ബന്ധം  വഷളായി തുടരുന്നതിടെ,  ഇന്ത്യ കേന്ദ്രീകരിച്ച്  ബലൂചിസ്താന്‍ പ്രവാസ സര്‍ക്കാര്‍ രൂപവത്കരിക്കാന്‍ നീക്കം.
പ്രവാസ ബലൂച്  സര്‍ക്കാറിന് പിന്തുണ തേടി  ബലുചിസ്താന്‍ സ്വാതന്ത്ര്യ പ്രവര്‍ത്തക  നഅ്ല ഖാദ്രി ബലൂച് ഡല്‍ഹിയിലത്തെി.  ഇന്ത്യന്‍ ഭരണാധികാരികളുമായും മറ്റു രാഷ്ട്രീയ നേതാക്കളുമായും കൂടിക്കാഴ്ച നടത്തുമെന്നും പ്രവാസ സര്‍ക്കാറിന് പിന്തുണ തേടുമെന്നും  നഅ്ല ഖാദ്രി പറഞ്ഞു. കശ്മീരില്‍ പാകിസ്താന്‍ നടത്തുന്ന ഇടപെടലിന് മറുപടിയായി ബലൂചിസ്താനിലെ വിമത നീക്കങ്ങള്‍ക്ക്  പിന്തുണയുമായി ഇന്ത്യ മുന്നോട്ടുവന്ന സാഹചര്യത്തിലാണ്  ബലൂച് വിമത നേതാക്കളുടെ പുതിയ നീക്കം.  ചൈനയുമായി പൊരുതുന്ന തിബത്തിന് പിന്തുണ നല്‍കുന്ന ഇന്ത്യ  അവര്‍ക്ക് പ്രവാസ തിബത്ത് സര്‍ക്കാര്‍ രൂപവത്കരിച്ച് പ്രവര്‍ത്തിക്കാന്‍ അനുമതി നല്‍കിയിട്ടുണ്ട്. അത്തരമൊരു പരിഗണനയാണ് ബലൂച് വിമതര്‍ പ്രതീക്ഷിക്കുന്നത്.

  സ്വാതന്ത്ര്യദിന പ്രസംഗത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി  ബലൂചിസ്താന്‍ വിഷയം പരാമര്‍ശിച്ചതിന് പിന്നാലെ ഏതാനും ബലൂചിസ്താന്‍ ആക്ടിവിസ്റ്റുകള്‍  ഡല്‍ഹി സന്ദര്‍ശിച്ചിരുന്നു. ബലൂച് ലിബറേഷന്‍ ഓര്‍ഗനൈസേഷന്‍െറ (ബി.എല്‍.ഒ) നേതൃത്വത്തില്‍ ഡല്‍ഹിയില്‍ കഴിഞ്ഞ ആഴ്ച സെമിനാറും നടന്നു.
ആദ്യമായി ബലൂചിസ്താന്‍ പ്രശ്നം ഐക്യരാഷ്ട്ര സഭയില്‍ ഉന്നയിച്ച ഇന്ത്യ, പാകിസ്താന്‍ ബലൂച് ജനതയോട് നടത്തുന്ന മനുഷ്യാവകാശ ലംഘനങ്ങള്‍ക്കെതിരെ പ്രതികരിക്കാന്‍ ലോക രാജ്യങ്ങളോട് ആഹ്വാനം ചെയ്തു. മാത്രമല്ല, ബലൂച് ജനതക്കായി ആകാശവാണിയുടെ സേവനം വ്യാപകമാക്കാനുള്ള സംവിധാനം കേന്ദ്ര സര്‍ക്കാര്‍ ഒരുക്കിയിട്ടുമുണ്ട്.  അതിനായി ആകാശവാണി പ്രത്യേക മൊബൈല്‍ ആപ്പും വെബ്സൈറ്റും പുറത്തിറക്കി.

1975മുതല്‍ ബലൂച് ഭാഷയില്‍ ആകാശവാണി പരിപാടി പ്രക്ഷേപണം ചെയ്യുന്നുണ്ടെങ്കിലും ഇപ്പോഴാണ് ബലൂച് ജനതയിലേക്ക് കൂടുതല്‍ ഇറങ്ങിച്ചെല്ലാനുള്ള നീക്കമുണ്ടാകുന്നത്. പ്രവാസ ബലൂച് സര്‍ക്കാര്‍  എന്ന ആശയത്തോട്  കേന്ദ്ര സര്‍ക്കാര്‍ പ്രതികരിച്ചിട്ടില്ല. എന്നാല്‍, തിരസ്കരിക്കപ്പെട്ടവരുടെയും ഹിംസക്ക് ഇരയാക്കപ്പെട്ടവരുടെയും നാടാണ് എക്കാലവും ഇന്ത്യ എന്നതാണ് ബലൂചികള്‍ക്ക് നല്‍കുന്ന പിന്തുണയെക്കുറിച്ചുള്ള ചോദ്യത്തിന്  വിദേശകാര്യ മന്ത്രാലയം നല്‍കിയ മറുപടി. ജവഹര്‍ലാല്‍ നെഹ്റുവിനുശേഷം ഇന്ത്യന്‍ പ്രധാനമന്ത്രിമാരുമായി ബലൂച് നേതാക്കള്‍ക്ക് ബന്ധമുണ്ടായിരുന്നില്ളെന്നും നരേന്ദ്ര മോദി ഇപ്പോള്‍ പ്രതീക്ഷ നല്‍കുന്നുവെന്നും  നഅ്ല ഖാദ്രി പറഞ്ഞു.  

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.