കനയ്യയുടെ ജാമ്യം റദ്ദാക്കാന്‍  ഡല്‍ഹി ഹൈകോടതി വിസമ്മതിച്ചു

ന്യൂഡല്‍ഹി: ജവഹര്‍ലാല്‍ നെഹ്റു സര്‍വകലാശാല വിദ്യാര്‍ഥി യൂനിയന്‍ പ്രസിഡന്‍റ് കനയ്യ കുമാറിന്  രാജ്യദ്രോഹ കേസില്‍ നല്‍കിയ ഇടക്കാല ജാമ്യം അടിയന്തരമായി റദ്ദാക്കണമെന്ന ആവശ്യം ഡല്‍ഹി ഹൈകോടതി നിരാകരിച്ചു. വ്യവസ്ഥ ലംഘിച്ചെന്നാരോപിച്ച് ജാമ്യം റദ്ദാക്കാന്‍ ആവശ്യപ്പെടുന്ന ഹരജികളിലെ വാദം ഏപ്രില്‍ 28ലേക്ക് മാറ്റി. 
കനയ്യ വ്യവസ്ഥ ലംഘിച്ചിട്ടുണ്ടോ എന്ന കാര്യം തര്‍ക്ക വിഷയമാണെന്ന് ഡല്‍ഹി പൊലീസ് അഭിഭാഷകന്‍ ശൈലേന്ദ്ര ബബ്ബാര്‍ കോടതിയെ അറിയിച്ചു. കനയ്യക്കെതിരായ ആരോപണങ്ങള്‍ക്ക് തെളിവ് നല്‍കണമെന്നും ജാമ്യം റദ്ദാക്കേണ്ട കാര്യമില്ളെന്നും ഡല്‍ഹി സര്‍ക്കാറും വ്യക്തമാക്കി. വ്യവസ്ഥ ലംഘിച്ചതിന് ഹരജിക്കാരന്‍ തെളിവ് ഹാജരാക്കിയിട്ടില്ളെന്ന് സ്റ്റാന്‍ഡിങ് കോണ്‍സല്‍ രാഹുല്‍ മെഹ്റ ചൂണ്ടിക്കാട്ടി. 
എന്നാല്‍, ജാമ്യം ലഭിച്ച ശേഷം നടത്തിയ പ്രസംഗം ദേശവിരുദ്ധമാണെന്നാണ് ഹരജിക്കാരുടെ വാദം. പ്രശാന്ത് കുമാര്‍   ഉംറാവോ, വിനീത് ജിന്‍ഡാല്‍ എന്നിവരാണ് ജാമ്യം റദ്ദാക്കാന്‍ ഹരജി നല്‍കിയത്. കള്ള സത്യവാങ്മൂലം നല്‍കിയതിന് കോടതി സ്വമേധയാ കേസെടുക്കണമെന്നും ആവശ്യമുണ്ട്. താല്‍കാലിക ജാമ്യത്തിനുള്ള കനയ്യയുടെ വിഷയം കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകള്‍ നോക്കുന്നുണ്ടെന്ന് കോടതി പറഞ്ഞു. പരാതിക്കാര്‍ക്ക് ആവലാതിയുണ്ടെങ്കില്‍ ഇക്കാര്യം പൊലീസിന്‍െറ ശ്രദ്ധയില്‍ പെടുത്താം. 
ഫെബ്രുവരി ഒമ്പതിന് കാമ്പസില്‍ നടന്ന പരിപാടിയില്‍ ദേശവിരുദ്ധ മുദ്രാവാക്യം മുഴക്കി എന്നാരോപിച്ചാണ് കനയ്യ, ഉമര്‍ ഖാലിദ്, അനിര്‍ബന്‍ ഭട്ടാചാര്യ എന്നിവരെ അറസ്റ്റു ചെയ്തത്. മൂവര്‍ക്കും പിന്നീട് ഇടക്കാല ജാമ്യം ലഭിച്ചു. കനയ്യക്ക് ജാമ്യം അനുവദിക്കവെ രാജ്യദ്രോഹകരമായ പ്രവൃത്തികള്‍ ആവര്‍ത്തിച്ചാല്‍ റദ്ദാക്കുമെന്ന്കോടതി മുന്നറിയിപ്പ് നല്‍കിയിരുന്നു. 
 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.