ന്യൂഡല്‍ഹി: സര്‍ക്കാര്‍, കോടതി സംവിധാനങ്ങളെ വെട്ടിച്ച് പാര്‍ലമെന്‍റ് അംഗം കൂടിയായ മദ്യവ്യവസായി വിജയ് മല്യ രാജ്യം വിട്ടതോടെ വന്‍കിട പൊതുമേഖലാ ബാങ്കുകള്‍ പ്രതിക്കൂട്ടിലായി. മല്യക്ക് 9,000 കോടി രൂപ വായ്പ നല്‍കിയത് മതിയായ ഈടിലല്ല, ദു$സ്വാധീനം വഴിയാണെന്ന വിവരമാണ് സി.ബി.ഐ വൃത്തങ്ങള്‍ പങ്കുവെക്കുന്നത്. സര്‍ക്കാറിലുള്ളവരും ബാങ്ക് മേധാവികളും മല്യക്കു വേണ്ടി ഒത്തുകളിച്ചപ്പോള്‍ സഹസ്ര കോടികള്‍ വെള്ളത്തിലായി.
പൂട്ടിയ കിങ്ഫിഷര്‍ എയര്‍ലൈന്‍സിനു മാത്രം 17 പൊതുമേഖലാ ബാങ്കുകള്‍ ചേര്‍ന്ന് നല്‍കിയത് 6,963 കോടിയാണ്. മദ്യക്കമ്പനിയായ യുനൈറ്റഡ് ബ്രിവറീസ്, കിങ്ഫിഷര്‍ ഫിന്‍വെസ്റ്റ് ഇന്ത്യ എന്നിവയും വിജയ് മല്യയുടെ കമ്പനികളാണ്. വിമാനക്കമ്പനിയുടെ ‘പെരുമ’യിലാണ് മല്യ ബാങ്ക് മേധാവികളെ വീഴ്ത്തിയത്. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ മാത്രം നല്‍കിയത് 1600 കോടിയാണ്. പൊന്മാനിന്‍െറ ചിഹ്നമുള്ള കിങ്ഫിഷര്‍ എയര്‍ലൈന്‍സ് 2009ല്‍തന്നെ പ്രതിസന്ധിയിലായിരുന്നു. എന്നിട്ടും ഐ.ഡി.ബി.ഐ ബാങ്കിനെ സ്വാധീനിച്ച് മല്യ വാങ്ങിയത് 900 കോടിയുടെ വായ്പയാണ്. ഒറ്റ മാസത്തിനകമാണ് ഈ വായ്പ അനുവദിച്ചത്. ഭീമമായ സംഖ്യ മതിയായ ഈടോ രേഖകളോ ഇല്ലാതെ വായ്പ നല്‍കുന്നതിനെതിരായ മുന്നറിയിപ്പുകള്‍ അവഗണിക്കപ്പെട്ടു. നിയമസംവിധാനങ്ങളെ കബളിപ്പിച്ച് രാജ്യം വിട്ട മല്യ, ഐ.പി.എല്‍ മേധാവിയായിരുന്ന ലളിത് മോദിയെപ്പോലെ ലണ്ടനിലേക്കാണ് മുങ്ങിയതെന്നാണ് വിവരം. അടുത്ത കാലത്ത് നടന്ന പ്രമാദമായ മൂന്നു സാമ്പത്തിക തട്ടിപ്പു കേസില്‍ ഇവര്‍ രണ്ടു പേരില്‍നിന്ന് വ്യത്യസ്തമായി സഹാറ ഗ്രൂപ് മേധാവി സുബ്രതാ റോയിക്കു മാത്രമാണ് രാജ്യത്തിന് പുറത്തു കടക്കാന്‍ അവസരം കിട്ടാതെ പോയത്. അതാകട്ടെ, സുപ്രീംകോടതി ഇടപെടല്‍ വഴിയാണ്.
ലളിത് മോദിയുമായും സഹാറയുമായി മല്യക്ക് ബന്ധങ്ങളുണ്ട്. ഐ.പി.എല്‍ ടീമായ റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ളൂര്‍ മല്യയുടെ ഉടമസ്ഥതയിലാണ്. ഫോര്‍മുല വണ്‍, സഹാറ ഫോഴ്സ് ഇന്ത്യ എന്നിവയുടെ സഹ ഉടമാവകാശവുമുണ്ട്. ലണ്ടനില്‍ താമസിക്കാനുള്ള താല്‍പര്യം മല്യ നേരത്തെ തന്നെ പരസ്യമായി പ്രകടിപ്പിച്ചിരുന്നു. വന്‍കടക്കെണി നേരിടുന്നുവെന്നു പറയുമ്പോള്‍ തന്നെ, മല്യക്ക് ബ്രിട്ടനിലും മറ്റും വലിയ ആസ്തികള്‍ ഇപ്പോഴുമുണ്ട്്. കര്‍ണാടകത്തില്‍നിന്ന് സ്വതന്ത്രനായി രാജ്യസഭയില്‍ എത്തിയ വിജയ് മല്യക്ക് ഇന്ത്യയിലും പുറത്തും സഹായം നല്‍കാന്‍ വിപുല ബന്ധങ്ങളുമുണ്ട്. അത്യാഡംബര ജീവിതമാണ് അദ്ദേഹം നയിക്കുന്നത്.
മംഗലാപുരം സ്വദേശിയായ വ്യവസായി വിട്ടല്‍ മല്യയുടെ മകനായി ഗൗഡ സാരസ്വത ബ്രാഹ്മണ കുടുംബത്തില്‍ ജനിച്ച വിജയ് മല്യ ബി.കോം പഠനത്തിന് ശേഷം 28ാം വയസ്സില്‍ പിതാവിന്‍െറ മരണത്തെ തുടര്‍ന്നാണ് മദ്യവ്യവസായ ഗ്രൂപ് ചെയര്‍മാനായത്. രാജ്യത്തിനകത്തും പുറത്തുമുള്ള 100ഓളം കമ്പനികളുടെ കൂട്ടായ്മയായി യു.ബി ഗ്രൂപ് പിന്നീട് മാറി. ബര്‍ഗര്‍ പെയിന്‍റ്സ്, ക്രോംപ്ടണ്‍, മാംഗ്ളൂര്‍ കെമിക്കല്‍സ്, ഏഷ്യന്‍ ഏജ്, സിനി ബ്ളിറ്റ്സ് തുടങ്ങിയവയില്‍ മല്യയുടെ വിരലടയാളമുണ്ട്. 2005ല്‍ തുടങ്ങിയ കിങ്ഫിഷര്‍ എയര്‍ലൈന്‍സ് 2007ല്‍ എയര്‍ ഡക്കാണ്‍ വിമാനക്കമ്പനിയെയും ഏറ്റെടുത്തിരുന്നു. എന്നാല്‍, വിമാനക്കമ്പനി പാപ്പരായി 2013ല്‍ അടച്ചുപൂട്ടി. യഥാര്‍ഥത്തില്‍ ഈ കമ്പനിയുടെ മറവില്‍ സഹസ്രകോടികളുടെ വായ്പ തരപ്പെടുത്തി മറ്റു ബിസിനസുകളിലേക്ക് തിരിച്ചു വിടുകയാണ് മല്യ ചെയ്തത്. അതിനിടയില്‍ ലണ്ടനില്‍ സൂക്ഷിച്ചിരുന്ന ടിപ്പു സുല്‍ത്താന്‍െറ വാള്‍ ലേലം പിടിച്ചത് 1,75,000 പൗണ്ടിന്. മഹാത്മ ഗാന്ധിയുടെ സ്വന്തം സാധനങ്ങള്‍ സര്‍ക്കാര്‍ ശ്രമങ്ങളെ തോല്‍പിച്ച് 18 ലക്ഷം ഡോളറിന് ന്യൂയോര്‍ക്കില്‍നിന്ന് ലേലത്തില്‍ പിടിച്ചത് മദ്യരാജാവിന്‍െറ മറ്റൊരു കമ്പം.
269 കോടി മല്യക്ക് നല്‍കിക്കഴിഞ്ഞതായി ഡിയാജിയോ
ബംഗളൂരു: യുനൈറ്റഡ് സ്പിരിറ്റ്സ് മദ്യകമ്പനി കൈമാറിയ വകയില്‍ വിജയ് മല്യക്ക് നല്‍കാനുള്ള 515 കോടിയില്‍ 269 കോടി നല്‍കിക്കഴിഞ്ഞതായി ബ്രിട്ടീഷ് മദ്യരാജാക്കന്മാരായ ഡിയാജിയോ. ഫെബ്രുവരിയില്‍ കരാര്‍ ഒപ്പിട്ട സമയത്തുതന്നെ ഈ തുക നല്‍കിയതായും ബാക്കി തുക 2017ല്‍ നല്‍കാന്‍ തീരുമാനിച്ചതായും ഡിയാജിയോ വക്താവ് മുംബൈയില്‍ പറഞ്ഞു. 9000 കോടി കുടിശ്ശിക വരുത്തിയതിനെ തുടര്‍ന്ന് മല്യയെ രാജ്യം വിടാന്‍ അനുവദിക്കരുതെന്ന് ആവശ്യപ്പെട്ട് ബാങ്കുകളുടെ കണ്‍സോര്‍ട്യം സുപ്രീംകോടതിയെ സമീപിച്ചതിന് പിന്നാലെയാണ് വെളിപ്പെടുത്തല്‍. അതിനിടെ, മല്യ മാര്‍ച്ച് രണ്ടിനുതന്നെ ഇന്ത്യ വിട്ടതായി സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. സി.ബി.ഐയുടെ ആവശ്യപ്രകാരം ഡെബ്റ്റ് റിക്കവറി ട്രൈബ്യൂണല്‍ കഴിഞ്ഞ ദിവസം ഡിയാജിയോയുമായുള്ള ഇടപാട് മരവിപ്പിച്ചിരുന്നു. ഇതിനിടെയിലാണ് പണം കൈമാറിക്കഴിഞ്ഞുവെന്ന വെളിപ്പെടുത്തലുമായി ഡിയാജിയോ എത്തിയിരിക്കുന്നത്.
എയര്‍പോര്‍ട്ട് അതോറിറ്റിക്ക് നല്‍കാനുള്ളത് 294 കോടി
നെടുമ്പാശ്ശേരി: പ്രവര്‍ത്തനം നിര്‍ത്തിവെച്ച കിങ്ഫിഷര്‍ എയര്‍ലൈന്‍സിന്‍െറ ചെയര്‍മാന്‍ വിജയ്മല്യ എയര്‍പോര്‍ട്ട് അതോറിറ്റിക്ക് നല്‍കാനുള്ളത് 294 കോടി രൂപ. 2012ല്‍ എയര്‍പോര്‍ട്ട് അതോറിറ്റിക്ക് 136 കോടിയുടെ വണ്ടിച്ചെക്ക് നല്‍കിയിരുന്നു. തുടര്‍ന്ന് മുംബൈ ഹൈകോടതിയില്‍ എയര്‍പോര്‍ട്ട് അതോറിറ്റി ചെക് കേസും നല്‍കിയിട്ടുണ്ട്. പ്രതിസന്ധി കണക്കിലെടുത്ത് വിമാനക്കമ്പനികള്‍ക്ക് നല്‍കുന്ന സേവനങ്ങള്‍ക്കുള്ള ഫീസ് യഥാസമയം എയര്‍പോര്‍ട്ട് അതോറിറ്റി ഇപ്പോള്‍ ഈടാക്കുന്നുണ്ട്. വിവിധ വിമാനക്കമ്പനികളില്‍നിന്നും ഇക്കഴിഞ്ഞ ഡിസംബറിലെ കണക്കനുസരിച്ച് 2,793 കോടി രൂപയാണ് പിരിഞ്ഞുകിട്ടാനുള്ളത്. ഗോ എയര്‍ 78 കോടിയും സ്പൈസ്ജെറ്റ് 50 കോടിയും നല്‍കാനുണ്ട്. കുടിശ്ശിക ഓരോ മാസവും കുറേശെയായി തിരിച്ചുപിടിക്കാനാണ് നിര്‍ദേശം നല്‍കിയിരിക്കുന്നത്.
കഴിഞ്ഞ ദിവസം 900 കോടിയുടെ സാമ്പത്തിക ക്രമക്കേട് നടത്തിയെന്നാരോപിച്ച് മല്യക്കെതിരെ എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് കേസെടുത്തിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.