വിജയ് മല്യയെ രാജ്യംവിടാനനുവദിക്കരുതെന്ന് ബാങ്കുകളുടെ കണ്‍സോര്‍ഷ്യം

ന്യൂഡല്‍ഹി: സാമ്പത്തിക ക്രമക്കേട് നടത്തിയതിന്  എന്‍ഫോഴ്മെന്‍റ് ഡയറക്ടറേറ്റ് കേസെടുത്ത പ്രമുഖ മദ്യ വ്യവസായി വിജയ് മല്യയെ രാജ്യം വിടാനനുവദിക്കരുതെന്നാവശ്യപ്പെട്ട് എസ്.ബി.ഐ നേതൃത്വം നല്‍കുന്ന ബാങ്കുകളുടെ കണ്‍സോര്‍ഷ്യം സുപ്രീംകോടതിയില്‍. ഹരജിയില്‍ ചീഫ് ജസ്റ്റിസ് ടി.എസ് താക്കുര്‍, യു.യു. ലളിത് എന്നിവരടങ്ങിയ ബെഞ്ച് ബുധനാഴ്ച വാദം കേള്‍ക്കും. കിങ്ഫിഷര്‍ എയര്‍ലൈന്‍സിന് വായ്പ നല്‍കിയത് വഴി  എസ്.ബി.ഐ  നേതൃത്വം കൊടുക്കുന്ന ബാങ്ക് കണ്‍സോര്‍ഷ്യത്തിലെ 17ഓളം ബാങ്കുകളില്‍ മല്യ 7000 കോടിയോളം രൂപ തിരിച്ചടക്കാനുണ്ട്. മല്യയെപ്പോലെ ഒരു എന്‍.ആര്‍.ഐ രാജ്യം വിട്ടാല്‍ പിന്നീട് അദ്ദേഹത്തെ പിടികൂടാന്‍ ബുദ്ധിമുട്ടാവുമെന്ന് അറ്റോര്‍ണി ജനറല്‍ കോടതിയെ അറിയിച്ചു.

നഷ്ടത്തിലായതിനെ തുടര്‍ന്ന് തന്‍റെ ഉടമസ്ഥതയിലുള്ള കിങ്ഫിഷര്‍ മദ്യക്കമ്പനി അടുത്തിടെ 515 കോടി രൂപക്ക് മല്യ ഒരു ബ്രിട്ടീഷ് കമ്പനിക്ക് കൈമാറിയിരുന്നു. പിന്നീട് യു.കെയിലേക്ക് ചേക്കറാനായിരുന്നു മല്യയുടെ പദ്ധതി. എന്നാല്‍ വന്‍തുക  കുടിശ്ശിക നല്‍കാനുള്ളതിനാല്‍  വില്‍പന നടത്തിയ വഴി ലഭിച്ച തുക ഡെബ്റ്റ് റിക്കവറി ട്രൈബ്യൂണല്‍ തിങ്കളാഴ്ച മരവിപ്പിച്ചിരുന്നു. അതിനാല്‍ കേസ് തീര്‍പ്പാകുന്നതു വരെ ഈ പണം വിജയ് മല്യക്ക് ഉപയോഗിക്കാനാവില്ല. 7000 കോടി രൂപയുടെ വായ്പ തിരിച്ചടക്കുന്നതില്‍ വീഴ്ച വരുത്തിയ വിജയ് മല്യയെ അറസ്റ്റ് ചെയ്യണമെന്നും പാസ്പോര്‍ട്ട് കണ്ടുകെട്ടണമെന്നും ആവശ്യപ്പെട്ട് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയാണ് ഡെബ്റ്റ് റിക്കവറി ട്രൈബ്യൂണലില്‍ പരാതി നല്‍കിയത്.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.