അഫ്സല്‍ ഗുരുവിനെ തൂക്കിലേറ്റിയ രീതി തെറ്റെന്ന് ജസ്റ്റിസ് അശോക് ഗാംഗുലി

കൊല്‍ക്കത്ത: പാര്‍ലമെന്‍റ് ആക്രമണക്കേസിലെ പ്രതി അഫ്സല്‍ ഗുരുവിനെ തൂക്കിലേറ്റിയ രീതിക്കെതിരെ സുപ്രീംകോടതി മുന്‍ ജഡ്ജി ജസ്റ്റിസ് അശോക് ഗാംഗുലി. കഴുത്തില്‍ കുരുക്ക് മുറുകുന്നതുവരെ മനുഷ്യാവകാശത്തിന് പ്രതിക്ക് അര്‍ഹതയുണ്ടെന്ന് അദ്ദേഹം പറഞ്ഞു. കൊല്‍ക്കത്തയില്‍ ടെലിഗ്രാഫ് പത്രം സംഘടിപ്പിച്ച ദേശീയ സംവാദത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. 2013 ഫെബ്രുവരി മൂന്നിനാണ് അഫ്സല്‍ ഗുരുവിന്‍െറ ദയാഹരജി തള്ളിയത്. ഫെബ്രുവരി ഒമ്പതിനാണ് തൂക്കിലേറ്റിയത്. ഇത് തെറ്റാണ്. ദയാഹരജി തള്ളിയത് ചോദ്യംചെയ്യാന്‍ അദ്ദേഹത്തിന് അവകാശമുണ്ടായിരുന്നു. അദ്ദേഹത്തിന്‍െറ കുടുംബാംഗങ്ങള്‍ക്കും അതേക്കുറിച്ച് അറിയാന്‍ അവകാശമുണ്ടെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം, അശോക് ഗാംഗുലിയുടെ നിലപാടിനെതിരെ ചടങ്ങില്‍ സംസാരിച്ച മുതിര്‍ന്ന ബോളിവുഡ് നടന്‍ അനുപം ഖേര്‍ രംഗത്തുവന്നു. സുപ്രീംകോടതി വിധി തെറ്റായിരുന്നുവെന്ന് മുന്‍ ജഡ്ജിയായ അശോക് ഗാംഗുലി പറഞ്ഞത് ഞെട്ടിച്ചതായും പ്രസ്താവനയില്‍ ലജ്ജിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പത്തിലൊരംശം കഴിവെങ്കിലുമുണ്ടെങ്കില്‍ താന്‍ രാഹുല്‍ ഗാന്ധിക്ക് വോട്ട് ചെയ്യുമായിരുന്നുവെന്ന് അനുപം ഖേര്‍ പറഞ്ഞു. ജെ.എന്‍.യു വിദ്യാര്‍ഥി കനയ്യ കുമാറിനെതിരെയും അദ്ദേഹം രംഗത്തുവന്നു. ഇന്ത്യാവിരുദ്ധ മുദ്രാവാക്യം മുഴക്കിയ ചടങ്ങില്‍ പങ്കെടുത്തതിന്‍െറ പേരില്‍ അദ്ദേഹത്തെ നായകനായി കൊണ്ടാടുകയാണെന്നും അനുപം ഖേര്‍ വിമര്‍ശിച്ചു.  

നിങ്ങള്‍ തെരുവിലുള്ള ഒരാളോട് ചോദിക്കുകയാണെങ്കില്‍ അവര്‍ അസഹിഷ്ണുതയെക്കുറിച്ച് സംസാരിക്കില്ല. അവരുടെ ആവശ്യം ഒരു ദിവസം രണ്ടുനേരം ഭക്ഷണം കിട്ടുക എന്നതായിരിക്കും -അദ്ദേഹം പറഞ്ഞു. ഏറ്റവും വലിയ അസഹിഷ്ണുത ഉണ്ടായിരുന്നത് അടിയന്തരാവസ്ഥയുടെ കാലഘട്ടത്തിലായിരുന്നുവെന്നും അന്ന് എതിരെ സംസാരിച്ച എല്ലാവരെയും ജയിലിലടച്ചതായും ഖേര്‍ പറഞ്ഞു.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.