അഭിഭാഷകവൃത്തിയില്‍ സ്വതന്ത്രവിഹാരം അനുവദിക്കാനാവില്ലെന്ന് സുപ്രീംകോടതി

ന്യൂഡല്‍ഹി: നിയമ തൊഴില്‍രംഗം പരിഷ്കരണത്തിന് കേഴുകയാണെന്നും അഭിഭാഷകവൃത്തിയില്‍ സ്വതന്ത്രവിഹാരം അനുവദിക്കാനാവില്ളെന്നും സുപ്രീംകോടതി. അഭിഭാഷകവൃത്തി അനുമതിക്ക് പരീക്ഷ നിര്‍ബന്ധമാക്കാനുള്ള ബാര്‍ കൗണ്‍സിലിന്‍െറ തീരുമാനം ചോദ്യംചെയ്തുള്ള ഹരജി പരിഗണിക്കുന്നതിനിടെയാണ് കോടതി പരാമര്‍ശം. ഹരജിയില്‍ പ്രതികരണമറിയിക്കാന്‍ ബാര്‍ കൗണ്‍സിലിനോട് ചീഫ് ജസ്റ്റിസ് ടി.എസ്. ഠാകുര്‍, ജസ്റ്റിസ് യു.യു. ലളിത് എന്നിവരടങ്ങുന്ന ബെഞ്ച് ആവശ്യപ്പെട്ടു.

എന്നാല്‍, വരാനിരിക്കുന്ന എ.ഐ.ബി.ഇ പരീക്ഷ സ്റ്റേ ചെയ്യണമെന്ന ആവശ്യം കോടതി അംഗീകരിച്ചില്ല. 20 ലക്ഷത്തിലധികം അഭിഭാഷകര്‍ കോടതികളിലുണ്ടെന്നും ആവശ്യത്തിന് അഭിഭാഷകരുള്ള സ്ഥിതിക്ക് കൂടുതല്‍പേരെ ഉള്‍ക്കൊള്ളിക്കുന്നത് യോഗ്യതയുടെ അടിസ്ഥാനത്തിലാവണമെന്നും കോടതി പറഞ്ഞു. ആവശ്യത്തിന് അധ്യാപകരും ലൈബ്രറിയും ഹാജരും ഉറപ്പാക്കാത്ത നിരവധി കോളജുകള്‍ രാജ്യത്തുണ്ടെന്ന് ചീഫ് ജസ്റ്റിസ് ചൂണ്ടിക്കാട്ടി.

ആവശ്യത്തില്‍ കൂടുതല്‍ പേര്‍ ഈരംഗത്തേക്ക് കടന്നുവന്നാല്‍ നിലനില്‍പ്പിനായുള്ള മത്സരം തെറ്റായ വഴികളിലേക്ക് നയിക്കാനിടയുണ്ടെന്നും ഏറ്റവും മികച്ചവര്‍ മാത്രം ഈ മേഖലയിലേക്ക് എത്താനുള്ള സംവിധാനം വേണമെന്നും കോടതി പറഞ്ഞു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.