ഇശ് റത്ത് ജഹാൻ വ്യാജ ഏറ്റുമുട്ടൽ: സത്യവാങ്മൂലത്തിൽ ഉറച്ച് ചിദംബരം

ന്യൂഡൽഹി: ഇശ് റത്ത് ജഹാൻ വ്യാജ ഏറ്റുമുട്ടൽ കേസിൽ സത്യവാങ്മൂലം തിരുത്തി നൽകിയെന്ന മുൻ കേന്ദ്ര ആഭ്യന്തര സെക്രട്ടറി ജി.കെ പിള്ളയുടെ ആരോപണം മുൻ കേന്ദ്ര ആഭ്യന്തര മന്ത്രി പി. ചിദംബരം ശരിവെച്ചു. അതേസമയം, തന്‍റെ അറിവോടെയോ സമ്മതത്തോെടയോ അല്ല ആദ്യ സത്യവാങ്മൂലം കോടതിയിൽ സമർപ്പിച്ചതെന്നും ചിദംബരം പറഞ്ഞു.

ഇന്‍റലിജൻസ് ബ്യൂറോയും ഗുജറാത്ത് പൊലീസും ചേർന്ന് രഹസ്യ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ആദ്യ സത്യവാങ്മൂലം തയാറാക്കിയത്. എന്നാൽ, രഹസ്യാന്വേഷണ വിവരങ്ങൾ അതിന് തെളിവല്ല. അന്വേഷണ ഏജൻസി ശേഖരിച്ച് കോടതിയിൽ സമർപ്പിക്കുന്ന റിപ്പോർട്ട് ആണ് തെളിവായി സ്വീകരിക്കേണ്ടത്. ഈ സാഹചര്യത്തിലാണ് വീണ്ടും ഒരു സത്യവാങ്മൂലം കോടതിയിൽ സമർപ്പിച്ചതെന്നും ചിദംബരം വ്യക്തമാക്കി.

ഈ വിഷയത്തിന്‍റെ അന്തസത്തയിൽ താൻ ഉറച്ചുനിൽക്കുന്നതായും ചിദംബരം അറിയിച്ചു. പുതിയ സത്യവാങ്മൂലം സമർപ്പിക്കുന്ന കാര്യം മുൻ ആഭ്യന്തര സെക്രട്ടറി അറിഞ്ഞില്ലല്ലോ എന്ന ചോദ്യത്തിന് അത് സിവിൽ സർവീസ് ഉദ്യോഗസ്ഥർക്ക് മാത്രമുള്ള പ്രിവിലേജ് ആണെന്നും മന്ത്രിയായ തനിക്കതില്ലെന്നും ചിദംബരം ചൂണ്ടിക്കാട്ടി.

ഇശ്റത്ത് ജഹാൻ ഏറ്റമുട്ടൽ കേസുമായി ബന്ധപ്പെട്ട സത്യവാങ്മൂലം മുൻ ആഭ്യന്തര മന്ത്രി പി. ചിദംബരം തിരുത്തിയെന്ന് മുൻ ആഭ്യന്തര സെക്രട്ടറി ജി. കെ പിള്ള ആരോപിച്ചിരുന്നു. ഐ.ബിയിലെ കീഴുദ്യോഗസ്ഥരുമായി ബന്ധപ്പെട്ടാണ് ചിദംബരം സത്യവാങ്മൂലം തിരുത്തിയത്. സത്യവാങ്മൂലം തയാറാക്കിയത് ചിദംബരത്തിന്‍റെ മേൽനോട്ടത്തിലാണ്. ഇതിന്‍റെ മുഴുവൻ ഉത്തരവാദിത്തവും ചിദംബരത്തിനാണെന്നും എൻ.ഡി ടിവി അഭിമുഖത്തിൽ ജി.കെ പിള്ള വ്യക്തമാക്കിയത്.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.