എന്‍.ഡി.എ വിപുലീകരിക്കും

തിരുവനന്തപുരം: സംസ്ഥാനത്ത് എന്‍.ഡി.എ വിപുലീകരിക്കാന്‍ സ്റ്റിയറിങ് കമ്മിറ്റി യോഗം തീരുമാനിച്ചു. മൂന്ന് മാസത്തിനുള്ളില്‍ ബൂത്ത് തലം വരെയുള്ള കമ്മിറ്റികള്‍ രൂപവത്കരിക്കും. മൂന്ന് മാസത്തിനുള്ളില്‍ ന്യൂഡല്‍ഹിയില്‍ യോഗം ചേര്‍ന്ന് സംസ്ഥാനത്ത് ആവിഷ്കരിക്കേണ്ട പരിപാടികള്‍, ഏതെല്ലാം മേഖലകളില്‍ ശ്രദ്ധ കേന്ദ്രീകരിക്കണം തുടങ്ങിയവ തീരുമാനിക്കാനും ധാരണയായി. അതേസമയം, കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ എന്‍.ഡി.എക്ക് ഒറ്റക്കെട്ടായി പ്രവര്‍ത്തിക്കാന്‍ കഴിഞ്ഞിട്ടില്ളെന്നും ന്യൂനപക്ഷങ്ങളുടെ ആശങ്ക മാറ്റണമെന്നും ഘടകകക്ഷി നേതാക്കള്‍ യോഗത്തില്‍ പറഞ്ഞു. ബി.ജെ.പി ദേശീയ പ്രസിഡന്‍റ് അമിത് ഷായുടെ അധ്യക്ഷതയിലായിരുന്നു യോഗം.

സംസ്ഥാനത്ത് 2021ലെ നിയമസഭാ തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് പ്രവര്‍ത്തിക്കണമെന്ന് അമിത് ഷാ പറഞ്ഞു. 2019 ലെ ലോക്സഭാ തെരഞ്ഞെടുപ്പ് അതിന്‍െറ റിഹേഴ്സല്‍ ആവും. അതിനാല്‍ എന്‍.ഡി.എ ഘടകകക്ഷികളുടെ വികസനം സംസ്ഥാനത്ത് ആവശ്യമാണ്. എന്‍.ഡി.എയെ മുന്നോട്ട് നയിക്കുന്നത് ലക്ഷ്യംവെച്ച് കേരളത്തിന്‍െറ പരമാവധി വികസനത്തിന് സഹായം നല്‍കും. ജനങ്ങളുടെ വിശ്വാസം ആര്‍ജിക്കാനും സംസ്ഥാനത്തിന്‍െറ വികസനത്തിന് കരുതല്‍ നല്‍കുന്നെന്ന് തെളിയിക്കാനുമാണിത്. ന്യൂനപക്ഷങ്ങളുടെ ആശങ്ക ഒഴിവാക്കി അവരെയും എന്‍.ഡി.എയുമായി അടുപ്പിക്കുന്ന പദ്ധതികള്‍ രൂപവത്കരിക്കും. ഇക്കാര്യത്തില്‍ ക്രൈസ്തവസമുദായത്തെ വിശ്വാസമാണ്. അവര്‍ പുരോഗമനത്തിനായി നില്‍ക്കുന്നവരാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.  എന്‍.ഡി.എക്ക് കഴിഞ്ഞ നിയമസഭാതെരഞ്ഞെടുപ്പില്‍ ഒറ്റക്കെട്ടായി പ്രവര്‍ത്തിക്കാന്‍ കഴിഞ്ഞിട്ടില്ളെന്ന് ഘടകകക്ഷിനേതാക്കള്‍ പറഞ്ഞു. ഇതിനായി ജില്ല, മണ്ഡലം, പഞ്ചായത്ത്, വാര്‍ഡ് തലത്തില്‍ കമ്മിറ്റികള്‍ രൂപവത്കരിക്കണമെന്ന് ജെ.എസ്.എസ് ജനറല്‍ സെക്രട്ടറി രാജന്‍ ബാബു പറഞ്ഞു. ബി.ജെ.പി സംസ്ഥാന പ്രസിഡന്‍റ് കുമ്മനം രാജശേഖരന്‍, നേതാക്കളായ ഒ. രാജഗോപാല്‍ എം.എല്‍.എ, വി. മുരളീധരന്‍, പി.കെ. കൃഷ്ണദാസ്, ദേശീയ സെക്രട്ടറി എച്ച്. രാജ, നളിന്‍കുമാര്‍ കട്ടീല്‍ എം.പി, ബി.ഡി.ജെ.എസ് അഖിലേന്ത്യാ പ്രസിഡന്‍റ് തുഷാര്‍ വെള്ളാപ്പള്ളി, സംസ്ഥാന വൈസ് പ്രസിഡന്‍റ് ടി.വി. ബാബു, ജനറല്‍ സെക്രട്ടറി സുഭാഷ് വാസു, കുമരദാസ്, പി.സി. തോമസ് എന്നിവരും പങ്കെടുത്തു.

ശിവഗിരി പാക്കേജ്: അമിത് ഷാ
ഉറപ്പുനല്‍കിയെന്ന് സന്യാസിമാര്‍

വര്‍ക്കല: ശിവഗിരി ശ്രീനാരായണധര്‍മ സംഘം ട്രസ്റ്റിന്‍െറ ആഭിമുഖ്യത്തില്‍ പ്രധാനമന്ത്രിക്ക് സമര്‍പ്പിച്ച ‘ശിവഗിരി പാക്കേജ്’ നടപ്പാക്കുമെന്ന് ബി.ജെ.പി ദേശീയ അധ്യക്ഷന്‍ അമിത് ഷാ ഉറപ്പുനല്‍കിയതായി ധര്‍മസംഘം ജനറല്‍ സെക്രട്ടറി സ്വാമി ഋതംബരാനന്ദ, സ്വാമി ഗുരുപ്രസാദ് എന്നിവര്‍ അറിയിച്ചു. അമിത് ഷായുടെ ശിവഗിരി സന്ദര്‍ശനശേഷം മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു ഇരുവരും.
അമിത് ഷായുമായുള്ള ചര്‍ച്ചയില്‍ രാഷ്ട്രീയം വിഷയമായില്ളെന്ന് സ്വാമി ഋതംബരാനന്ദ വ്യക്തമാക്കി. കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിന് മുമ്പും പിന്നീട് പ്രധാനമന്ത്രിയായ ശേഷവും ശിവഗിരി സന്ദര്‍ശിച്ചപ്പോഴാണ് നരേന്ദ്ര മോദിക്ക് ശിവഗിരി പാക്കേജ് സമര്‍പ്പിച്ചത്. ശിവഗിരി മെഡിക്കല്‍ കോളജ്, അന്താരാഷ്ട്ര ശ്രീനാരായണ മ്യൂസിയം, ശിവഗിരിയില്‍ തീര്‍ഥാടന ഓഡിറ്റോറിയം, ശിവഗിരി ലാന്‍ഡ് സ്കേപ്പിങ്, വര്‍ക്കല റെയില്‍വേ സ്റ്റേഷനെ ഹൈടെക് സ്റ്റേഷനായി ഉയര്‍ത്തുക, കാസര്‍കോട് കേന്ദ്ര സര്‍വകലാശാലയോ തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളമോ ശ്രീനാരായണഗുരുവിന്‍െറ പേരിലാക്കുക എന്നിവയാണ് ശിവഗിരി പാക്കേജിലുള്ളത്. ‘സ്വദേശി ദര്‍ശന്‍’ പാക്കേജ് നടപ്പാക്കാനുള്ള നിര്‍ദേശവും അംഗീകരിച്ചു.

 

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.