പരീക്ഷയൊഴികെ നിയമന നടപടി ഓണ്‍ലൈനാക്കുന്നത് പരിഗണനയില്‍

കേന്ദ്ര സര്‍വിസിലെ സെക്രട്ടറിമാരുടെ സമിതി പ്രധാനമന്ത്രിക്കു സമര്‍പ്പിച്ച ശിപാര്‍ശയാണ് പരിഗണിക്കുന്നത്
ന്യൂഡല്‍ഹി: കേന്ദ്ര സര്‍ക്കാര്‍ നിയമനങ്ങളിലെ എഴുത്തു പരീക്ഷയൊഴികെ നടപടിക്രമം പൂര്‍ണമായും ഇന്‍റര്‍നെറ്റ് അധിഷ്ഠിത ഓണ്‍ലൈന്‍ രൂപത്തിലാക്കുന്നത് കേന്ദ്ര സര്‍ക്കാറിന്‍െറ പരിഗണനയില്‍. കേന്ദ്ര സര്‍വിസിലെ സെക്രട്ടറിമാരുടെ സമിതി പ്രധാനമന്ത്രിക്കു സമര്‍പ്പിച്ച ശിപാര്‍ശയാണ് പരിഗണിക്കുന്നത്. ഇതു നടപ്പായാല്‍ നിയമനത്തിന്‍െറ ഒരു ഘട്ടത്തിലും സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കു മുന്നില്‍ ഉദ്യോഗാര്‍ഥികള്‍ കാത്തുകെട്ടി നില്‍ക്കേണ്ടിവരില്ല. പേഴ്സനല്‍ പരിശീലന വകുപ്പ് സെക്രട്ടറി സഞ്ജയ് കോത്താരി, വിദേശകാര്യ സെക്രട്ടറി എസ്. ജയശങ്കര്‍ എന്നിവരടങ്ങുന്ന 12 അംഗ സമിതിയാണ് ഇതു സംബന്ധിച്ച നിര്‍ദേശം കഴിഞ്ഞ ജനുവരിയില്‍ പ്രധാനമന്ത്രിക്കു സമര്‍പ്പിച്ചത്. ഇതനുസരിച്ച് എല്ലാ ഒഴിവും പൊതുപോര്‍ട്ടല്‍ വഴിയാവും സര്‍ക്കാര്‍ അറിയിക്കുക.

ഓണ്‍ലൈനായിത്തന്നെ അപേക്ഷിക്കുകയും സര്‍ട്ടിഫിക്കറ്റ് നല്‍കുകയും ചെയ്യണം. ആധാര്‍ കാര്‍ഡുടമകള്‍ക്ക് ഡിജിറ്റല്‍ ഒപ്പ് സേവനം നല്‍കുന്ന ഇ-സൈന്‍ വഴി ഡിജിറ്റല്‍ ഒപ്പിടാം. ഇത് അപേക്ഷാ ഫോറങ്ങള്‍ പുരിപ്പിക്കുന്നതും ഒപ്പിടുന്നതും സമര്‍പ്പിക്കാനായി കാത്തുനില്‍ക്കുന്നതും ഒഴിവാക്കാന്‍ സഹായിക്കും. പരീക്ഷാഫീസും ഓണ്‍ലൈനായി അടക്കാന്‍ സൗകര്യമേര്‍പ്പെടുത്തും. ഡിജിറ്റല്‍ ലോക്കറിലേക്ക് അപ്ലോഡുചെയ്യുന്ന സര്‍ട്ടിഫിക്കറ്റുകള്‍ പിന്നീട് അധികൃതര്‍ക്ക് എപ്പോള്‍ വേണമെങ്കിലും പരിശോധിക്കാനുമാവും.

സര്‍ട്ടിഫിക്കറ്റുകള്‍ സ്വയം സാക്ഷ്യപ്പെടുത്തിയാല്‍ മതിയെന്ന സൗകര്യം നേരത്തേ കേന്ദ്രം അനുവദിച്ചിരുന്നു.
ഗ്രൂപ് സിയിലും ഗ്രൂപ് ഡിയിലുമുള്ള എല്ലാ തസ്തികകളിലും ജൂനിയര്‍ ഗ്രൂപ് ബി തസ്തികകളിലും വ്യക്തിഗത ഇന്‍റര്‍വ്യൂ സര്‍ക്കാര്‍ നേരത്തേ ഒഴിവാക്കിയിരുന്നു. നിയമനത്തിനുള്ള പ്രൊവിഷനല്‍ അപ്പോയ്ന്‍റ്മെന്‍റ് ലെറ്ററുകളും ഇ-സൈന്‍ ചെയ്ത് ഓണ്‍ലൈനായാവും ഉദ്യോഗാര്‍ഥിക്ക് അയച്ചുകൊടുക്കുക. ക്രിമിനല്‍കേസ് പശ്ചാത്തലമില്ളെന്ന പൊലീസ് വെരിഫിക്കേഷന്‍ സര്‍ട്ടിഫിക്കറ്റ് വൈകുന്ന നിലവിലെ സാഹചര്യത്തില്‍ അതും ഉദ്യോഗാര്‍ഥി ഓണ്‍ലൈനായി സ്വയം സാക്ഷ്യപ്പെടുത്തി നല്‍കിക്കൊണ്ട് ജോലിയില്‍ കയറാന്‍ അനുവദിക്കണമെന്നാണ് സെക്രട്ടറിമാരുടെ സമിതി ശിപാര്‍ശ നല്‍കിയിരിക്കുന്നത്. പക്ഷേ, സമയബന്ധിതമായി പൊലീസ് സര്‍ട്ടിഫിക്കറ്റ് സമര്‍പ്പിച്ചാലേ ജോലി സ്ഥിരപ്പെടൂ.
മാര്‍ച്ച് 31ന് സ്വയം സാക്ഷ്യപ്പെടുത്തി സത്യവാങ്മൂലം സമര്‍പ്പിച്ചുകൊണ്ട് ജോലിയില്‍ കയറാനുള്ള അനുമതി സര്‍ക്കാര്‍ വിജ്ഞാപനം ചെയ്തിട്ടുണ്ട്. സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കു മുന്നില്‍ ഹാജരാവാതെ പേപ്പര്‍രഹിതമായി പണച്ചെലവില്ലാതെയുള്ള നിയമനമാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. ശിപാര്‍ശ നിലവില്‍ പേഴ്സനല്‍ മന്ത്രാലയം പഠിച്ചുവരുകയാണ്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.