ഇന്ത്യ-അമേരിക്ക കരാര്‍ സ്വതന്ത്ര സൈനിക നീക്കത്തെ ബാധിക്കും –കോണ്‍ഗ്രസ്

ന്യൂഡല്‍ഹി: അമേരിക്കയുമായി ലോജിസ്റ്റിക്സ് എക്സ്ചേഞ്ച് മെമ്മോറാണ്ടം ഓഫ് എഗ്രിമെന്‍റ് (എല്‍.ഇ.എം.ഒ.എ) ഒപ്പുവെക്കാനുള്ള കേന്ദ്രസര്‍ക്കാര്‍ നീക്കം രാജ്യതാല്‍പര്യത്തിന് വിരുദ്ധമാണെന്ന് കോണ്‍ഗ്രസ് വക്താവ് ആനന്ദ് ശര്‍മ വാര്‍ത്താസമ്മേളനത്തില്‍ കുറ്റപ്പെടുത്തി. കരാര്‍ ഒപ്പുവെച്ചാല്‍ ഇന്ത്യയെ അത് അമേരിക്കയുടെ സൈനിക ചേരിയിലത്തെിക്കും. ഇന്ത്യന്‍ സൈനിക നീക്കങ്ങളെല്ലാം അമേരിക്കക്ക് അനായാസം നിരീക്ഷിക്കാന്‍  കഴിയും. ഇത് ഇന്ത്യയുടെ സ്വതന്ത്ര സൈനിക നീക്കങ്ങളെ ദോഷകരമായി ബാധിക്കും -അദ്ദേഹം പറഞ്ഞു.
2004മുതലുള്ള യു.പി.എ ഭരണകാലത്തും എല്‍.ഇ.എം.ഒ.എ കരാര്‍ എന്ന ആശയം അമേരിക്ക മുന്നോട്ടുവെച്ചിരുന്നു. എന്നാല്‍, യു.പി.എ സര്‍ക്കാര്‍ ഇത്തരമൊരു കരാര്‍ ഒപ്പുവെക്കുന്നതിനെ ശക്തമായി എതിര്‍ത്തു. സന്ദര്‍ഭങ്ങള്‍ക്കനുസരിച്ച് സൈനിക സഹകരണമാകാം എന്നതായിരുന്നു യു.പി.എ സര്‍ക്കാര്‍ സ്വീകരിച്ച നിലപാട്. ഇതിന് കടകവിരുദ്ധമായി ഒൗപചാരികമായി കരാര്‍ ഒപ്പുവെക്കാനാണ് മോദി സര്‍ക്കാര്‍ തീരുമാനം. ഇതിലൂടെ ഇന്ത്യ ഏഷ്യയിലെ അമേരിക്കയുടെ വലിയ സൈനിക ലക്ഷ്യങ്ങളുടെ പങ്കാളിയായി മാറും. അത് ഏഷ്യ-പെസഫിക് മേഖലയിലെ പ്രാദേശിക സന്തുലിതാവസ്ഥയെ  ബാധിക്കുമെന്നതിനെക്കാള്‍ ഇന്ത്യയുടെ തന്ത്രപരമായ പരമാധികാരവും സുരക്ഷാ താല്‍പര്യങ്ങളും ബലികഴിക്കാനും ഇടവരുത്തും. ക്രമേണ നേരിട്ടുള്ള സൈനികസഹകരണത്തിലേക്ക് വഴിവെക്കും. ഇന്ത്യയുടെ തന്ത്രപരമായ സൈനിക സഖ്യകക്ഷികളായ റഷ്യ, ചൈന എന്നിവയുടെ ശക്തമായ എതിര്‍പ്പിന് ഇടവരുത്തും.
അമേരിക്കയടക്കമുള്ള രാജ്യങ്ങളോട് സൈനിക സഹകരണം ഉണ്ടാക്കരുതെന്നതാണ്  ജവഹര്‍ലാല്‍ നെഹ്റു പ്രധാനമന്ത്രിയായിരുന്നപ്പോള്‍ മുതല്‍ ഇന്ത്യ തുടര്‍ന്നുവരുന്ന നയം. ഏതെങ്കിലുമൊരു രാജ്യവുമായുള്ള സൈനിക സഹകരണം ഇന്ത്യയുമായി നല്ല ബന്ധത്തിലുള്ള രാജ്യത്തിന്‍െറ താല്‍പര്യങ്ങളെ ഹനിച്ചുകൊണ്ടാകരുതെന്നും ഇന്ത്യക്ക് നിര്‍ബന്ധമുണ്ടായിരുന്നു. വര്‍ഷങ്ങളായി തുടര്‍ന്നുവരുന്ന ഈ നിലപാട് ബലികഴിച്ചുകൊണ്ട് കരാര്‍ ഒപ്പുവെക്കാനുള്ള തീരുമാനത്തില്‍നിന്ന് മോദി സര്‍ക്കാര്‍ പിന്മാറണം.  അമേരിക്കയുമായുള്ള സൈനിക സഹകരണത്തെയല്ല കോണ്‍ഗ്രസ് എതിര്‍ക്കുന്നത്.  മറിച്ച്, സൈനിക ചേരിയില്‍ പങ്കാളിയാകുന്നതിനെയാണെന്നും ആനന്ദ് ശര്‍മ വ്യക്തമാക്കി.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.