യാത്രാബത്ത ക്രമക്കേട് എം.പിയെ പ്രോസിക്യൂട്ട് ചെയ്യാന്‍ അനുമതി

ന്യൂഡല്‍ഹി: വ്യാജരേഖയുണ്ടാക്കി പാര്‍ലമെന്‍റിന്‍െറ യാത്രാ ബത്ത (എല്‍.ടി.സി) വാങ്ങിയ രാജ്യസഭാ എം.പിയെ പ്രോസിക്യൂട്ട് ചെയ്യാന്‍ സഭാധ്യക്ഷന്‍കൂടിയായ  ഉപരാഷ്ട്രപതി ഹാമിദ് അന്‍സാരി സി.ബി.ഐക്ക് അനുമതി നല്‍കി. ബിഹാറില്‍നിന്നുള്ള ജനതാദള്‍ യു. എം.പി അനില്‍ സഹാനിക്കെതിരായ ക്രിമിനല്‍ നിയമ നടപടിക്കാണ് അനുമതി നല്‍കിയത്.വ്യാജ വിമാന ടിക്കറ്റുകളും ബോര്‍ഡിങ് പാസുകളും ഉപയോഗിച്ച് എവിടേക്കും യാത്രചെയ്യാതെ 23 ലക്ഷം രൂപ എല്‍.ടി.സി ഇനത്തില്‍ തട്ടിയെടുത്തുവെന്നാണ് സഹാനിക്കെതിരായ ആരോപണം. എയര്‍ ഇന്ത്യ ഉദ്യോഗസ്ഥനും ഡല്‍ഹിയിലെ ട്രാവല്‍ ഏജന്‍റും കേസില്‍ പ്രതികളാണ്. എല്ലാ എം.പിമാര്‍ക്കും ഒരു വര്‍ഷം 34 വിമാന ടിക്കറ്റുകള്‍ തങ്ങളുടെ മണ്ഡലത്തിലേക്ക് യാത്ര ചെയ്യാനായി അനുവദിക്കുന്നുണ്ട്.
രാജ്യസഭയുടെ ചരിത്രത്തില്‍ ആദ്യമായിട്ടാണ് ഇത്തരമൊരു പ്രോസിക്യുഷന്‍ അനുമതി. എം.പിമാര്‍ക്കെതിരെ ക്രിമിനല്‍ നടപടിക്ക് ലോക്സഭ നേരത്തെ രണ്ടു തവണ അനുമതി നല്‍കിയിട്ടുണ്ട്. അതേസമയം ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍ നേതൃത്വം നല്‍കുന്ന ജനതാദള്‍ യു. രാജിക്കാര്യത്തിലുള്ള തീരുമാനം അനില്‍ സഹാനിക്ക് വിട്ടു. എന്നാല്‍, ഇക്കാര്യത്തില്‍ രാജിവെക്കില്ളെന്നും താനൊരു കുറ്റവും ചെയ്തിട്ടില്ളെന്നും കേസിന് പിന്നില്‍ വ്യക്തമായ ഗൂഢാലോചനയാണെന്നും അനില്‍ സഹാനി പട്നയില്‍ പ്രതികരിച്ചു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.