സത്യപ്രതിജ്ഞയെ ആശീര്‍വദിക്കാന്‍ ‘കേന്ദ്രവിരുദ്ധ മഹാസഖ്യം’

ന്യൂഡല്‍ഹി: ബിഹാറില്‍ തകര്‍പ്പന്‍ജയം നേടിയ മഹാസഖ്യത്തിന്‍െറ മന്ത്രിസഭ രണ്ടുലക്ഷത്തോളം പേരെ സാക്ഷിനിര്‍ത്തി നിതീഷ് കുമാറിന്‍െറ നേതൃത്വത്തില്‍ സത്യവാചകം ചൊല്ലവെ കേന്ദ്രമന്ത്രി വെങ്കയ്യ നായിഡുവിനെപ്പോലെ ചുരുക്കംപേര്‍ ഒഴികെ അതിഥികളെല്ലാം വര്‍ധിത ആവേശത്തിലായിരുന്നു. നിതീഷിന്‍െറ ജെ.ഡി.യു, ലാലുവിന്‍െറ ആര്‍.ജെ.ഡി, കോണ്‍ഗ്രസ് എന്നീ പാര്‍ട്ടികളാണ് മഹാസഖ്യമായി മത്സരിച്ചതെങ്കില്‍ കേന്ദ്രസര്‍ക്കാറിന്‍െറ എതിരാളികളുടെ അതിമഹാ സഖ്യമായിരുന്നു സത്യപ്രതിജ്ഞാവേദിയില്‍.
അടുത്തയാഴ്ച തുടങ്ങാനിരിക്കുന്ന പാര്‍ലമെന്‍റിന്‍െറ ശീതകാലസമ്മേളനം സര്‍ക്കാറിന് എത്രമാത്രം തലവേദന പിടിച്ചതാവും എന്നു വ്യക്തമാക്കുന്ന മുന്നണി.  വൈരികളായിരുന്ന ലാലുവിനെയും നിതീഷിനെയും കൂട്ടിയോജിപ്പിക്കാന്‍ നടുവില്‍നിന്ന എ.ഐ.സി.സി ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയും ഗുലാംനബി ആസാദും കേരള മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയും കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയുമുള്‍പ്പെടെ കോണ്‍ഗ്രസ് നേതാക്കളെല്ലാം വര്‍ഷങ്ങള്‍ക്കുശേഷം പാര്‍ട്ടിയംഗങ്ങള്‍ക്കുകൂടി പങ്കാളിത്തമുള്ള ബിഹാര്‍ മന്ത്രിസഭയുടെ സ്ഥാനാരോഹണത്തിന് സാക്ഷ്യംവഹിക്കാനുണ്ടായിരുന്നു. കിട്ടിയ വേദികളിലെല്ലാം ലാലുവിനെ അഴിമതിക്കാരനെന്ന് വിളിച്ചാക്ഷേപിച്ചിരുന്ന ആം ആദ്മി അധ്യക്ഷന്‍ അരവിന്ദ് കെജ്രിവാള്‍ ലാലുവിനൊപ്പം കൈകോര്‍ത്തുനിന്നത് കാമറകള്‍ക്ക് വിരുന്നായി. ദേശീയചാനലുകളിലെ വൈകുന്നേരചര്‍ച്ചക്കും. പ്രത്യയശാസ്ത്ര പ്രശ്നങ്ങള്‍ പറഞ്ഞ് മഹാസഖ്യത്തില്‍ ചേരാതെ തനിച്ച് മുന്നണിയുണ്ടാക്കി മത്സരിച്ച് തോല്‍ക്കുകയും പല സീറ്റുകളിലും മഹാസഖ്യ സ്ഥാനാര്‍ഥികളുടെ തോല്‍വിക്ക് വഴിവെക്കുകയും ചെയ്ത സി.പി.എമ്മിന്‍െറ ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി വേദിയിലത്തെി ലാലുവിനെയും നിതീഷിനെയും ചേര്‍ത്തുപിടിച്ചു. മുന്‍ പ്രധാനമന്ത്രി എച്ച്.ഡി. ദേവഗൗഡ, കശ്മീര്‍ മുന്‍ മുഖ്യമന്ത്രി ഫാറൂഖ് അബ്ദുല്ല, ഗുജറാത്ത് മുന്‍ മുഖ്യമന്ത്രി ശങ്കര്‍ സിങ് വഗേല, സി.പി.ഐ നേതാവ് ഡി. രാജ, ഡി.എം.കെ നേതാവ് എം.കെ. സ്റ്റാലിന്‍ എന്നിവരുടെ സാന്നിധ്യവും ഒട്ടേറെ രാഷ്ട്രീയസൂചനകള്‍ നല്‍കുന്നു. കേന്ദ്രസര്‍ക്കാറിന്‍െറ നയങ്ങള്‍ക്കെതിരെ ഒന്നിച്ചണിനിരക്കുന്നതിനെ കുറിച്ച് മാധ്യമങ്ങള്‍ക്കു മുന്നില്‍ വാചാലരായും ഇക്കാര്യം പരസ്പരം ഓര്‍മിപ്പിച്ചുമാണ് നേതാക്കള്‍ പിരിഞ്ഞത്.
സീറ്റ് വീതംവെപ്പില്‍ മുന്നണി വിട്ടുമാറി മത്സരിച്ച സമാജ്വാദി പാര്‍ട്ടി നേതാവ് മുലായം സിങ് യാദവിനും ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി അഖിലേഷ് യാദവിനുമൊപ്പം അവരുടെ എതിരാളിയായ ബി.എസ്.പി നേതാവ് മായാവതിയുടെ അസാന്നിധ്യവും ചര്‍ച്ചയായി.  

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.