ധാരാളം പോഷകങ്ങൾ അടങ്ങിയ ഒന്നാണ് മുട്ട. നമ്മുടെ ശരീരത്തിന് ആവശ്യമായ പ്രോട്ടീൻ, വിറ്റാമിൻ, ധാതുക്കൾ തുടങ്ങി ഒരുപാട് ആരോഗ്യഗുണങ്ങൾ മുട്ടയിൽ അടങ്ങിയിട്ടുണ്ട്. എന്നാൽ മുട്ടയിലെ മഞ്ഞ എല്ലാവർക്കും ഒരുപോലെ കഴിക്കാൻ പറ്റില്ല. ഉയർന്ന കൊളസ്ട്രോൾ, ഹൃദ്രോഗം, പ്രമേഹം, സന്ധിവാതം, മുട്ട അലർജി തുടങ്ങിയ ആരോഗ്യപ്രശ്നമുള്ളവർക്ക് മുട്ടയുടെ മഞ്ഞ അപകടകാരിയാണ്. അതേസമയം കലോറി കുറഞ്ഞ മുട്ടയുടെ വെള്ള ഇത്തരക്കാർക്ക് കഴിക്കാം.
ശ്രദ്ധിക്കേണ്ടവർ
ഉയർന്ന കൊളസ്ട്രോൾ: മുട്ടയുടെ മഞ്ഞയിൽ ധാരാളം കൊളസ്ട്രോളുകൾ അടങ്ങിയിട്ടുണ്ട്. ഒരു മുട്ടയുടെ മഞ്ഞയിൽ തന്നെ ഏകദേശം 185 മില്ലിഗ്രാം കൊളസ്ട്രോൾ ഉണ്ടാകും. ഇത്തരക്കാർ മുട്ട കഴിക്കുന്നത് പരിമിതപ്പെടുത്തുന്നത് നല്ലതാണ്. ഉയർന്ന കൊളസ്ട്രോൾ അളവ്, ഹൃദ്രോഗ ചരിത്രം, അല്ലെങ്കിൽ കുടുംബപരമായ ഹൈപ്പർ കൊളസ്ട്രോളീമിയ എന്നിവയുള്ള വ്യക്തികളിൽ കൊളസ്ട്രോൾ പ്രതികൂലമായി ബാധിക്കാൻ സാധ്യതയുണ്ട്. അധിക കൊളസ്ട്രോൾ ധമനികളിൽ പ്ലാക്ക് രൂപപ്പെടുന്നതിന് കാരണമാകും. ഇത് ഹൃദയാഘാതത്തിനും പക്ഷാഘാതത്തിനുമുള്ള സാധ്യത വർധിപ്പിക്കും.
പ്രമേഹം: ടൈപ്പ് 2 പ്രമേഹ രോഗികൾ മുട്ടയുടെ മഞ്ഞക്കരു കഴിക്കുന്നതിൽ ജാഗ്രത പാലിക്കേണ്ടതുണ്ട്. കാരണം ഉയർന്ന കൊളസ്ട്രോൾ പ്രമേഹമുള്ളവരിൽ ഹൃദയ സംബന്ധമായ പ്രശ്നങ്ങൾ കൂടുതൽ വഷളാക്കുമെന്നാണ് ഗവേഷണങ്ങൾ ചൂണ്ടിക്കാട്ടുന്നത്. അതുകൊണ്ട് അപകടസാധ്യത കുറക്കുന്നതിനായി പ്രമേഹരോഗികൾ മുട്ട ഉപയോഗിക്കുമ്പോൾ നാരുകൾ അടങ്ങിയ ഭക്ഷണങ്ങൾ, ലീൻ പ്രോട്ടീനുകൾ, ആരോഗ്യകരമായ കൊഴുപ്പുകൾ എന്നിവ ശ്രദ്ധിക്കണം.
എന്നാൽ പ്രോട്ടീൻ നൽകുന്ന മുട്ടയുടെ വെള്ള രക്തത്തിലെ പഞ്ചസാരയുടെ അളവും ഹൃദയാരോഗ്യവും നിയന്ത്രിക്കുന്നവർക്ക് സുരക്ഷിതമായ ഒരു മാർഗമാണെന്ന് വിദഗ്ധർ ശിപാർശ ചെയ്യുന്നുണ്ട്.
സന്ധിവാതം: മുട്ടയുടെ മഞ്ഞക്കരുവിൽ ശരീരം യൂറിക് ആസിഡായി തരം തിരിക്കുന്ന പ്രകൃതിദത്ത സംയുക്തങ്ങളായ പ്യൂരിനുകൾ അടങ്ങിയിട്ടുണ്ട്. അതുകൊണ്ട് അധിക യൂറിക് ആസിഡ് സന്ധിവാതത്തിന് കാരണമാകുകയും സന്ധി വേദനക്കും വീക്കത്തിനും കാരണമാവുകയും ചെയ്യും. സന്ധിവാതത്തിന് സാധ്യതയുള്ള വ്യക്തികളിൽ വേദന കുറക്കുന്നതിനായി പ്യൂരിൻ അടങ്ങിയ ഭക്ഷണങ്ങൾ പരിമിതപ്പെടുത്തണം. സന്ധിവാതം നിയന്ത്രിക്കുന്നതിൽ ജലാംശം, ചുവന്ന മാംസം, മത്സ്യം തുടങ്ങിയ ഭക്ഷണങ്ങളിൽ നിന്നുള്ള പ്യൂരിൻ ഉപഭോഗം നിരീക്ഷിക്കണം.
മുട്ട അലർജി: മുട്ടയോട് അലർജിയുണ്ടാവുന്നത് താരതമ്യേന സാധാരണമാണ്. പ്രത്യേകിച്ച് കുട്ടികളിൽ. മുട്ടയുടെ വെള്ളയാണ് സാധാരണയായി പ്രശനമെങ്കിലും ചില ആളുകൾക്ക് മുട്ടയുടെ മഞ്ഞക്കരുവും പ്രശ്നമായേക്കാം. ദഹനസംബന്ധമായ അസ്വസ്ഥതകൾ അല്ലെങ്കിൽ ചർമത്തിലെ തിണർപ്പ് പോലുള്ള ലക്ഷണങ്ങൾ മുതൽ അനാഫൈലക്സിസ് പോലുള്ള ഗുരുതരമായ അലർജി പ്രതിപ്രവർത്തനങ്ങൾക്ക് മുട്ടയുടെ മഞ്ഞ കാരണമാകാം. മുട്ടയോട് അലർജി ഉണ്ടെന്ന് കണ്ടെത്തിയാൽ മുട്ടയുടെ മഞ്ഞ പൂർണ്ണമായും ഒഴിവാക്കുകയും ഉടനടി വൈദ്യസഹായം തേടുകയും വേണം.
മരുന്നുകൾ: കൊളസ്ട്രോൾ കുറക്കാൻ ഉപയോഗിക്കുന്ന സ്റ്റാറ്റിനുകൾ അല്ലെങ്കിൽ രക്തം നേർപ്പിക്കുന്ന പ്രത്യേക മരുന്നുകൾ പോലുള്ള ചില മരുന്നുകൾക്ക് കൃത്യമായ ഭക്ഷണക്രമം ആവശ്യമാണ്. മുട്ടയുടെ മഞ്ഞക്കരു പൂർണ്ണമായും ഒഴിവാക്കേണ്ടതില്ലെങ്കിലും മിതത്വം പ്രധാനമാണ്. മുട്ട കഴിക്കുന്നത് മരുന്നുകളുടെ ഫലപ്രാപ്തിയെ തടസ്സപ്പെടുത്തുകയോ പാർശ്യഫലങ്ങൾക്ക് കാരണമാവുകയോ ചെയ്യുന്നില്ലെന്ന് ഉറപ്പാക്കണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.