പ്രതീകാത്മക ചിത്രം
ചിന്തിച്ച് ചിന്തിച്ച് കാടുകയറുന്നവരാണോ? ഒരു കാര്യം പറയുന്നതിനും ചെയ്യുന്നതിനും മുമ്പ് റിഹേഴ്സലുകൾ ചെയ്യുകയും ആവർത്തിച്ച് പറഞ്ഞുനോക്കുകയും ചെയ്യാറുണ്ടോ? ഒരു ഇ-മെയിൽ ആണെങ്കിൽ പോലും വീണ്ടും വീണ്ടും മാറ്റി എഴുതാറുണ്ടോ? ചെറിയ കാര്യങ്ങളിൽപോലും ‘അങ്ങനെയാണെങ്കിൽ...’, ‘ഇങ്ങനെയായിരുന്നെങ്കിൽ’, ‘അതുതന്നെയാണോ’ തുടങ്ങിയ ചിന്തകൾ തലച്ചോറിൽ മനസ്സിൽ മിന്നിമറഞ്ഞുപോകുന്നവരാണോ? നിങ്ങൾ മാത്രമല്ല, 81ശതമാനം ഇന്ത്യക്കാരും അവരുടെ വിലയേറിയ സമയങ്ങളിൽ അധികവും ചെറുതും വലുതുമായ കാര്യങ്ങളെക്കുറിച്ച് അമിതമായി ചിന്തിക്കുന്നവരാണെന്നാണ് പറയുന്നത്. ഇത്തരം ചിന്തകൾക്ക് തടയിടാൻ സമൂഹമാധ്യമങ്ങളിൽ വൈറലായ ഒരു മാർഗമാണ് റിട്ടാർഡ്മാക്സിങ്.
ഒരു ക്ലിനിക്കൽ രോഗനിർണയമോ, പരിഷ്കരിച്ച സ്വയംസഹായ മാതൃകയോ അല്ല റിട്ടാർഡ്മാക്സിങ്. ഒരു വൈറൽ തത്ത്വചിന്തയാണിത്. സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറായ എലിഷ ലോങ്ങാണ് ഈ ആശയം വൈറലാക്കിയത്. അപൂർണമെന്നോ വിചിത്രമെന്നോ തീർത്തും മണ്ടത്തമെന്നോ തോന്നിയാലും മറ്റൊന്നും ആലോചിക്കാതെ, നല്ല നിമിഷം വരുന്നതുവരെ കാത്തിരിക്കാതെ അപ്പോൾതന്നെ ചെയ്തു തുടങ്ങുക എന്നതാണ് റിട്ടാർഡ്മാക്സിങ്ങിന്റെ ആശയം. മടികൂടാതെ ചുവടുകൾ മുന്നോട്ടുവെക്കാൻ ഇത് പ്രോത്സാഹിപ്പിക്കുന്നു.
ഒരു കാര്യം ചെയ്യാനുണ്ടെങ്കിൽ അതിന്റെ വരും വരായ്കകളെക്കുറിച്ച് ചിന്തിച്ച് എല്ലാ കോണുകളിലൂടെയും മനസ്സിനെ പോകാൻ അനുവദിക്കാതെ, ചിന്തകൾ കാടുകയറാൻ തുടങ്ങുന്നതിനുമുമ്പുതന്നെ ആ കാര്യത്തിൽ മുഴുകാൻ റിട്ടാർഡ്മാക്സിങ് പ്രോത്സാഹിപ്പിക്കും. ഒരു കാര്യത്തെ ചെയ്യാൻ പ്രോത്സാഹിപ്പിക്കുന്നതുകൊണ്ടുതന്നെ ഇത് സ്മാർട്ട് വർക്കാണെന്ന് വക്താക്കൾ പറയുന്നു. ആരംഭിക്കുക, കൂടുതൽ അതിനെ മനസ്സിലാക്കുക-പഠിക്കുക, ആവശ്യമുള്ളപ്പോൾ മാറ്റം വരുത്തുക എന്നതാണ് ഇതിന്റെ വഴിയെന്നും അവർ പറയുന്നു. ഇതിലൂടെ ‘ഞാൻ ചെയ്യണോ?’ എന്നതിൽനിന്ന് ‘നമുക്ക് ശ്രമിക്കാം’ എന്ന ചിന്തയിലേക്ക് ഇത് പരിവർത്തനം ചെയ്യിപ്പിക്കുന്നു.
അപൂർണമായ തുടക്കങ്ങൾ ക്രിയേറ്റിവിറ്റി വർധിപ്പിക്കുമെന്നതാണ് ഇതിന്റെ ഗുണങ്ങളിലൊന്ന്. ഇതിലൂടെയും വളർച്ചയും സഹകരണവും സൃഷ്ടിപരമായ കഴിവും മെച്ചപ്പെടും. ചിന്തിക്കുന്നതിലൂടെയല്ല, പ്രവർത്തിക്കുന്നതിലൂടെയാണ് ആത്മവിശ്വാസം വളരുക. ചെറിയ ചുവടുവെപ്പുകളിലൂടെ മടി കുറയും, കൂടാതെ സ്വയം സംശയിക്കുന്നിൽനിന്ന് പുറത്തുകടക്കാനും സാധിക്കും. ചിന്തകൾക്ക് പ്രവചിക്കാൻ കഴിയാത്ത യാഥാർഥ്യങ്ങളെ നേരിടേണ്ടി വരുമ്പോൾ തെറ്റുകൾ തിരുത്തി പഴുതുകളില്ലാതെ മുന്നേറാൻ സാധിക്കും. ഓരോ തെറ്റും പശ്ചാത്താപത്തിനുപകരം പാഠമാക്കി എടുക്കണമെന്നും ഇവർ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.