കാര്യങ്ങൾ പെട്ടെന്ന് മറന്നുപോകാറുണ്ടോ? എന്നാൽ ഓർമ്മശക്തി വർദ്ധിപ്പിക്കാൻ സഹായിക്കുന്ന ചില ഭക്ഷണങ്ങൾ ഇതാ...
ചെറിയ കാര്യങ്ങൾപോലും പെട്ടന്ന് മറന്നുപോകാറുണ്ടോ? ഇന്നത്തെ തിരക്കുപിടിച്ച ജീവിതത്തിൽ ആർക്കും സംഭവിക്കാവുന്ന സാധാരണ കാര്യമാണ്. ഒറ്റരാത്രികൊണ്ട് ഓർമ്മശക്തി ഇരട്ടിയാക്കുന്ന മാന്ത്രിക ഭക്ഷണങ്ങൾ ഒന്നും തന്നെയില്ലെങ്കിലും നാം തെരഞ്ഞെടുക്കുന്ന ആരോഗ്യകരമായ ഭക്ഷണക്രമം തലച്ചോറിന്റെ പ്രവർത്തനങ്ങളെയും ഓർമ്മശക്തിയെയും ദീർഘകാലത്തേക്ക് നിലനിർത്താൻ ഏറെ സഹായിക്കുമെന്ന് പഠനങ്ങൾ വ്യക്തമാക്കുന്നു. നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓൺ ഏജിങിന്റെ അഭിപ്രായത്തിൽ, പച്ചക്കറികൾ, പഴങ്ങൾ, ധാന്യങ്ങൾ, നട്സ്, മത്സ്യം എന്നിവ അടങ്ങിയ ആഹാരം മികച്ച മാനസികാരോഗ്യത്തിന് അടിത്തറയാകുന്നു.
ഓർമ്മശക്തിയും തലച്ചോറിന്റെ ഉന്മേഷവും നിലനിർത്താൻ സഹായിക്കുന്ന മികച്ച ചില ഭക്ഷണങ്ങൾ പരിചയപ്പെടാം:
ചീരയും മുട്ടയും: ചീരയും മുട്ടയും ഒന്നിച്ച് കഴിക്കുന്നത് തലച്ചോറിന്റെ ആരോഗ്യത്തിന് ആവശ്യമായ പോഷകങ്ങളുടെ ഒരു കലവറയാണ്. ചീരയിൽ ഫോളേറ്റ്, വിറ്റാമിൻ കെ, കരോട്ടിനോടുകൾ തുടങ്ങിയ ഘടകങ്ങൾ അടങ്ങിയിരിക്കുന്നു. അതേസമയം, മുട്ടയിൽ നാഡീവ്യവസ്ഥയുടെയും കോശങ്ങളുടെയും ആരോഗ്യത്തിന് നിർണ്ണായകമായ കോളിൻ ധാരാളമായി അടങ്ങിയിട്ടുണ്ട്. ഇവ രണ്ടും ചേർത്ത് ഓംലെറ്റോ സാലഡുകളോ ആക്കി കഴിക്കുന്നത് തലച്ചോറിന്റെ കാര്യക്ഷമത വർദ്ധിപ്പിക്കാൻ സഹായിക്കും.
ബെറികളും നട്സും: കുറച്ച് ബെറികളും അൽപ്പം വാൽനട്ടോ ബദാമോ ചേർത്ത് കഴിക്കുന്നത് തലച്ചോറിന് ഉന്മേഷം നൽകുന്ന മികച്ചൊരു ലഘുഭക്ഷണമാണ്. ബെറികളിൽ അടങ്ങിയിരിക്കുന്ന ആന്തോസയാനിനുകളും ഫ്ലേവനോയ്ഡുകളും ഓർമ്മശക്തി മെച്ചപ്പെടുത്താൻ സഹായിക്കുമെന്ന് പഠനങ്ങൾ സൂചിപ്പിക്കുന്നു. കൂടാതെ വാൽനട്ടിൽ അടങ്ങിയിരിക്കുന്ന ആരോഗ്യകരമായ കൊഴുപ്പുകളും മറ്റ് പോഷകങ്ങളും തലച്ചോറിന്റെ ആരോഗ്യത്തെ സംരക്ഷിക്കാൻ ഒപ്പമുണ്ട്.
മത്സ്യവും പച്ചക്കറികളും ഒലീവ് ഓയിലും: സാൽമൺ, മത്തി തുടങ്ങിയ ഒമേഗ-3 ഫാറ്റി ആസിഡുകൾ അടങ്ങിയ മത്സ്യങ്ങളും, ഒലീവ് ഓയിൽ പുരട്ടിയ പച്ചക്കറികളും കഴിക്കുന്നത് മെഡിറ്ററേനിയൻ ഭക്ഷണരീതിയുടെ ഭാഗമാണ്. ഹൃദയാരോഗ്യത്തോടൊപ്പം തന്നെ തലച്ചോറിന്റെ വാർദ്ധക്യസഹജമായ തകർച്ച തടയാനും ഒമേഗ-3 ഫാറ്റി ആസിഡുകൾ ഏറെ ഗുണം ചെയ്യും.
മുഴുവൻ ധാന്യങ്ങളും പയറുവർഗ്ഗങ്ങളും: ചോറിനൊപ്പം പരിപ്പുകറിയോ, ഗോതമ്പ് റൊട്ടിയോടൊപ്പം പയറുവർഗ്ഗങ്ങളോ കഴിക്കുന്നത് കോംപ്ലക്സ് കാർബോഹൈഡ്രേറ്റുകളും നാരുകളും നൽകുന്നു. വാർദ്ധക്യത്തിൽ ഓർമ്മക്കുറവ് വരാനുള്ള സാധ്യത കുറക്കാൻ ഇത്തരം പോഷകസമൃദ്ധമായ ഭക്ഷണങ്ങൾ സഹായിക്കുമെന്ന് യു.എസ്.ഡി.എയുടെ പഠനങ്ങളും വ്യക്തമാക്കുന്നു.
തൈരും ബെറികളും നട്സും: പ്രഭാതഭക്ഷണത്തിന് ഏറ്റവും അനുയോജ്യമായ ഒന്നാണ് പ്ലെയിൻ യോഗർട്ടിൽ ബെറികളും നട്സും ചേർത്ത് കഴിക്കുന്നത്. ഇത് പ്രോട്ടീൻ, ആരോഗ്യകരമായ കൊഴുപ്പുകൾ, ആന്റിഓക്‌സിഡന്റുകൾ എന്നിവ ശരീരത്തിന് ഒരേസമയം ലഭ്യമാക്കുന്നു.
ഭക്ഷണക്രമത്തിന് പുറമെ കൃത്യമായ ഉറക്കം, മാനസിക സമ്മർദ്ദം കുറക്കൽ, ആരോഗ്യകരമായ ജീവിതശീലങ്ങൾ എന്നിവയും തലച്ചോറിന്റെ ആരോഗ്യത്തിന് അത്യന്താപേക്ഷിതമാണ്. മറവിയെക്കുറിച്ച് ആശങ്കപ്പെടുന്നതിന് പകരം, ശരീരത്തിനും മനസ്സിനും ഒരുപോലെ ഊർജ്ജം പകരുന്ന സമീകൃതാഹാരം ശീലമാക്കുകയാണ് വേണ്ടത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.