സമ്മർദത്തെ സർഗാത്മകത കൊണ്ട് നേരിടാം, ഹാപ്പിയാവാം

ഹാർവാർഡ് സർവകലാശാലയുടെ ഹ്യൂമൻ ഫ്ലൂറിഷിങ് പ്രോഗ്രാം, ബെയ്‌ലർ ഇൻസ്റ്റിറ്റ്യൂട്ട്, ഗാലപ്പ് എന്നിവയുടെ സഹകരണത്തോടെ 22 രാജ്യങ്ങളിലെ 2,00,000ത്തിലധികം ആളുകളെ ഉൾപ്പെടുത്തി നടത്തിയ പഠനമാണ് ഗ്ലോബൽ ഫ്ലൂറിഷിങ് സ്റ്റഡി (GFS). 'ഫ്ലൂറിഷിങ്' എന്നാൽ ഒരു വ്യക്തിയുടെ ജീവിതത്തിലെ പ്രധാനപ്പെട്ട എല്ലാ വശങ്ങളും (ആരോഗ്യം, സന്തോഷം, ലക്ഷ്യം, ബന്ധങ്ങൾ, സാമ്പത്തിക സുരക്ഷിതത്വം) നന്നായിരിക്കുന്നു എന്ന അവസ്ഥയാണ്. മോശം മാനസിക-ശാരീരിക ആരോഗ്യം, അസന്തുഷ്ടത, സ്വന്തത്തെ ക്കുറിച്ചുള്ള നെഗറ്റീവ് ചിന്തകൾ, ജീവിതത്തിന്റെ ലക്ഷ്യം കണ്ടെത്തൽ, സാമ്പത്തിക സുരക്ഷാ, ബന്ധങ്ങളുടെ ഗുണനിലവാരം എന്നീ പ്രശ്‍നങ്ങളുമായി പുതു തലമുറ നിരന്തരം മല്ലിടുകയാണെന്ന് ഗവേഷകർ ചൂണ്ടിക്കാണിക്കുന്നു.

ലോകമെമ്പാടുമുള്ള യുവജനങ്ങളിൽ 19ശതമാനം പേർക്ക് സാമൂഹിക പിന്തുണക്കായി ആശ്രയിക്കാൻ ആരുമില്ലെന്ന് റിപ്പോർട്ട് വ്യക്തമാക്കുന്നു. അടുത്തിടെയുള്ള പല ആഗോള പഠനങ്ങളും സർവേകളും സൂചിപ്പിക്കുന്നത് 1990കളുടെ മധ്യത്തിനും 2010കളുടെ തുടക്കത്തിനും ഇടയിൽ ജനിച്ച ജെൻ സി എന്നറിയപ്പെടുന്ന യുവതലമുറ (ഇപ്പോൾ ഏകദേശം 15 മുതൽ 30 വയസ്സ് വരെ പ്രായമുള്ളവർ) മുൻ തലമുറകളെ അപേക്ഷിച്ച് ഏറ്റവും കൂടുതൽ മാനസികാരോഗ്യ വെല്ലുവിളികൾ നേരിടുന്നവരാണ് എന്നാണ്. ഉത്കണ്ഠ, വിഷാദം, സമ്മർദ്ദം എന്നീ അവസ്ഥകൾ മറ്റ് തലമുറകളെ അപേക്ഷിച്ച് ജെൻ സിയിൽ ഗണ്യമായി ഉയർന്നതായി അമേരിക്കൻ സൈക്കോളജിക്കൽ അസോസിയേഷൻ (APA), ഗാലപ്പ് തുടങ്ങിയവയുടെ സർവേകൾ സ്ഥിരീകരിക്കുന്നു. സമ്മർദത്തെ സർഗാത്മകത കൊണ്ട് നേരിടാമെന്ന് പഠനങ്ങൾ സൂചിപ്പിക്കുന്നു.

ഇനി ഹാപ്പിയാവാം

ഡ്രാമ തെറാപ്പി

ഡ്രാമ തെറാപ്പി എന്നത് വെറും അഭിനയ പരിശീലനം അല്ല. ചികിത്സ തേടുന്ന വ്യക്തി രോഗശാന്തിക്കും വ്യക്തിഗത വളർച്ചക്കും വേണ്ടി നാടകീയമായ ഘടകങ്ങൾ ഉപയോഗിക്കുന്ന ഒരു ചികിത്സാ രീതിയാണ്. റോൾ-പ്ലേയും ഇംപ്രൊവൈസേഷനും ജെൻ സി കുട്ടികൾക്ക് വികാരങ്ങൾ പ്രകടമാക്കാൻ പ്രാപ്തമാക്കുന്നു. ഇത് അവരുടെ ഐഡന്റിറ്റി വ്യക്തമാകാനും, ഭയങ്ങളെ നേരിടാനും, സുരക്ഷിതമായ മാനസികയിടം കണ്ടെത്താനും പരിശീലിക്കാനും സഹായിക്കും. കെട്ടിക്കിടക്കുന്ന വികാരങ്ങളും സമ്മർദ്ദവും അഭിനയത്തിലൂടെയോ നാടകീയമായ ചലനങ്ങളിലൂടെയോ സുരക്ഷിതമായി പുറത്തുവിടാൻ സാധിക്കുന്നു.

സ്ലാം പോയട്രി‌

സ്ലാം പോയട്രി എന്നത് വൈയക്തികമായ അനുഭവങ്ങളും തീവ്രമായ വികാരങ്ങളും (ദേഷ്യം, സങ്കടം, ഉത്കണ്ഠ) ധൈര്യത്തോടെയും കലാപരമായും തുറന്നു പ്രകടിപ്പിക്കാനുള്ള ഒരു വേദിയാണ്. അടിച്ചമർത്തപ്പെട്ട വികാരങ്ങളെ വാക്കുകളിലൂടെയും പ്രകടനത്തിലൂടെയും പുറത്തുവിടുന്നത് മാനസികമായ ഭാരം കുറക്കാൻ സഹായിക്കുന്നു. ഫിൽട്ടർ ചെയ്യാതെ, എഴുതുന്ന കവിതകൾ ഉള്ളിലെ പ്രകടിപ്പിക്കാത്ത വികാരങ്ങളെ അല്ലെങ്കിൽ സമ്മർദത്തെ പുറത്തെത്തിക്കാൻ സഹായിക്കും.

അബ്സ്ട്രാക്ട് ആർ‌ട്

മനസ് ആശയക്കുഴപ്പത്തിലാകുമ്പോൾ നിറങ്ങൾ, രൂപം, ഘടന എന്നിവയെ കൂട്ടുപിടിക്കുന്നത് ആഴത്തിലുള്ള ആശ്വാസം നൽകും. അബ്സ്ട്രാക്ട് ആർ‌ട് തെറാപ്പി, മാനസിക സമ്മർദം നേരിടാനുള്ള മികച്ച മാർഗമാണ്. അബ്സ്ട്രാക്ട് ആർട്ട് ഉപയോഗിക്കുമ്പോൾ, നിറങ്ങൾ, വരകൾ, രൂപങ്ങൾ എന്നിവയിലൂടെ ഈ വികാരങ്ങളെ നിയന്ത്രണങ്ങളില്ലാതെ പുറത്തുവിടാൻ സാധിക്കുന്നു. ഭയം, ദേഷ്യം, അല്ലെങ്കിൽ ഉത്കണ്ഠ എന്നിവയെ ഒരു പ്രത്യേക നിറത്തിലോ ചലനത്തിലോ ചിത്രീകരിക്കുമ്പോൾ, ആ വികാരത്തിന്‍റെ തീവ്രത കുറയുന്നു. കലാസൃഷ്ടിയിൽ മുഴുകുന്നത് ശാന്തവും ധ്യാനാത്മകവുമായ ഒരവസ്ഥ സൃഷ്ടിക്കുകയും, ഹൃദയമിടിപ്പ് കുറയ്ക്കുകയും പേശീവലിവ് ലഘൂകരിക്കുകയും ചെയ്യുന്നു.

Tags:    
News Summary - You can cope with stress with creativity

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.