ജോലി സുരക്ഷിതത്വത്തിനൊപ്പംതന്നെ മാനസിക സൗഖ്യവും വർക്ക്-ലൈഫ് ബാലൻസും പ്രധാനമെന്ന സോഷ്യൽ മീഡിയ ഉപദേശങ്ങൾ കേൾക്കുക മാത്രമല്ല, അത് തങ്ങളുടെ ജീവിതത്തിൽ പ്രാവർത്തികമാക്കാൻ ശ്രമിക്കുന്നവർകൂടിയാണ് ജെൻ സി. അതുകൊണ്ടുതന്നെ പല പരമ്പരാഗത കരിയറുകളോടും പുതുതലമുറ നോ പറയുകയാണ്.
സുരക്ഷിതമായ ജോലി, സ്ഥിരവരുമാനം, കോർപറേറ്റ് ഓഫിസ് എന്ന ഒരു കാലത്തെ കരിയർ സ്വപ്നങ്ങൾക്ക് പകരം ഇന്ന് യുവതലമുറ ചോദിക്കുന്നത്, ‘ജീവിതം മുഴുവൻ ജോലിക്കായി മാറ്റിവെക്കേണ്ടതുണ്ടോ?’ എന്നാണ്. പകരം, വർക്-ലൈഫ് ബാലൻസ്, മാനസിക സൗഖ്യം, മാന്യമായ പ്രതിഫലം എന്നിവയിലാണവരുടെ ശ്രദ്ധ. അത്തരം കരിയർ തേടുന്നവരുടെ പുതിയ ഒരു സാധ്യതയാണ് ‘ആഡംബര ആയ’ അഥവാ luxury nannying ! കോർപറേറ്റ് ജോലിക്ക് പകരം സമ്പന്ന കുടുംബങ്ങളിലെ പ്രഫഷനൽ പരിചാരകരായി ജോലി ചെയ്യാൻ താൽപര്യപ്പെടുകയാണ് വൻ നഗരങ്ങളിലെ പല പ്രഫഷനലുകളും.
ഉയർന്ന ശമ്പളം, വിദേശയാത്രകൾ, മികച്ച ജീവിതസാഹചര്യങ്ങൾ എന്നു തുടങ്ങി, സാധാരണ ഓഫിസ് ജോലികളിലെ തുടക്കക്കാരായ ചെറുപ്പക്കാർക്ക് സ്വപ്നം കാണാൻ കഴിയാത്ത സൗകര്യങ്ങളാണ് ‘ആഡംബര ആയ’ എന്നു വിളിക്കപ്പെടുന്ന പ്രഫഷനൽ പരിചാരക ജോലി വാഗ്ദാനം ചെയ്യുന്നത്.
“10-12 മണിക്കൂർ ജോലി, ഭാവിയിലെ നേട്ടത്തിന് ഇപ്പോഴത്തെ സ്വസ്ഥതയെല്ലാം മാറ്റി വെക്കുന്ന അവസ്ഥ തുടങ്ങിയവയും ഒപ്പം അപ്രതീക്ഷിത ജോലി നഷ്ടവും ശമ്പള സ്റ്റാഗ്നേഷനും സമ്മർദവും എന്നതാണ് കോർപറേറ്റ് ജോലിയുടെ ഇന്നത്തെ അവസ്ഥ’’ -ശിവാംഗി ശ്രീവാസ്തവ വിശദീകരിക്കുന്നു. അതുകൊണ്ട്, എന്തിനാണ് കോർപറേറ്റ് ജോലിക്ക് പിന്നാലെ പോകുന്നതെന്നാണ് ജെൻ സി ചോദിക്കുന്നത്.
ഇത്തരം കാഴ്ചപ്പാടുകൊണ്ട്, ജെൻ സി മടിയന്മാരാണെന്ന് കരുതരുതെന്നും ശിവാംഗി ശ്രീവാസ്തവ കൂട്ടിച്ചേർക്കുന്നു. ജോലിക്ക് ഉടൻ പ്രതിഫലവും എന്നത് ‘ലക്ഷ്വറി നാനിയി’ങ്ങിലൂടെ തങ്ങൾക്ക് ലഭിക്കുന്നുണ്ടെന്ന് ഈ മേഖലയിൽ പ്രവർത്തിക്കുന്ന ജൻ സി അവകാശപ്പെടുന്നു. ഓഫിസ് രാഷ്ട്രീയം കുറവ്, ഉത്തരവാദിത്തങ്ങളിലെ വ്യക്തത, സുതാര്യത എന്നിവയെല്ലാം തങ്ങളുടെ കാഴ്ചപ്പാടുകളോട് ചേർന്നുനിൽക്കുന്നുവെന്നും അവർ പറയുന്നു. വെറും ‘ബേബി സിറ്റിങ്’ അല്ല ഈ ജോലിയെന്നും അവർ പറയുന്നു.
മെട്രോ നഗരങ്ങളിലെ സമ്പന്ന കുടുംബങ്ങൾക്ക് അവരുടെ വീടുകളിലും വ്യക്തിപരമായ തിരക്കുകളിലും സഹായത്തിന് വിദ്യാസമ്പന്നരും ഇംഗ്ലീഷ് സംസാരിക്കുന്നവരും പ്രഫഷനലുകളുമായ പരിചാരകരെ ആവശ്യമുണ്ടെന്ന് കരിയർ/ജോബ് സൈറ്റുകൾ പറയുന്നു. സമ്പന്ന വ്യക്തികളുടെ ദൈനംദിന ജീവിതത്തിൽ സഹായിക്കാനും കുട്ടികളുടെ പഠനത്തിൽ സഹായിക്കാനും അവരുടെ വികാസത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കാനും കുടുംബത്തോടൊപ്പം സഞ്ചരിക്കാനുമെല്ലാമാണ് ഇവർ നിയോഗിക്കപ്പെടുന്നത്.
പ്രീമിയം കെയർ ജോലികൾക്ക് ചിലപ്പോൾ 40,000 മുതൽ ഒരു ലക്ഷം രൂപ വരെ ലഭിക്കും. എന്നാൽ ഈ അവസരങ്ങൾ അപൂർവവും ഉയർന്ന ഉത്തരവാദിത്തമുള്ളതുമാണെന്ന കാര്യം മറക്കരുതെന്നും വിദഗ്ധർ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.