എട്ടു മണിക്കൂർ നീണ്ട, മികച്ചൊരു ഉറക്കത്തിൽ നിന്ന് എഴുന്നേറ്റ ഒരു യുവ കോർപറേറ്റ് ഉദ്യോഗസ്ഥന് എന്തെന്നില്ലാത്ത കുറ്റബോധം. വളരെ പ്രൊഡക്ടിവായി ചെലവഴിക്കേണ്ട രണ്ടോ മൂന്നോ മണിക്കൂറെങ്കിലും താൻ വെറുതെ ഉറങ്ങിക്കളഞ്ഞല്ലോ എന്നതായിരുന്നു അയാളുടെ കുറ്റബോധത്തിന്റെ ആധാരം.
ഉറക്കമുണർന്നശേഷം, ആ ഉറക്കത്തെക്കുറിച്ച് നഷ്ടബോധം തോന്നാറുണ്ടോ നിങ്ങൾക്ക് ? ഇന്നലെ രാത്രി തീർക്കാതെയിട്ട ഓഫിസ് ജോലിയോ കോളജ് അസൈൻമെന്റോ വീട്ടുജോലിയോ നിങ്ങളെ ഈ കുറ്റബോധത്തിന്റെ പ്രഭാതത്തിലേക്ക് എഴുന്നേൽപിക്കാറുണ്ടോ? ഇത് പതിവായാൽ പിന്നെ, എപ്പോൾ ഉറക്കമുണർന്നാലും എന്തിനോവേണ്ടിയുള്ള ഒരു നഷ്ടബോധം നമ്മെ വന്നുമൂടാൻ തുടങ്ങുന്നതായി അനുഭവപ്പെടും. യഥാർഥത്തിൽ ഈ കുറ്റബോധവും പെർഫോമൻസ് നഷ്ടബോധവും ആവശ്യമോ?
ഉറക്കം ഒരു കുറ്റമോ?
ഉറക്കമെന്നത് ആഡംബരമല്ല, മനുഷ്യന്റെ ജൈവികമായ ആവശ്യമാണ്. മനോരോഗ വിദഗ്ധൻ ഡോ. ഗുലെ പറയുന്നതിങ്ങനെ: ‘‘കുറച്ചുമാത്രം ഉറങ്ങുന്നത് കാര്യക്ഷമതയുടെ ലക്ഷണമായി കാണുന്നുണ്ടെങ്കിൽ അത് അബദ്ധമാണ്. കാര്യമായ ഉറക്കനഷ്ടം നമ്മുടെ ഉൽപാദനക്ഷമത വളരെയധികം കുറക്കും. വിവിധതരം അസ്വസ്ഥതകൾ വർധിപ്പിക്കും, ആധിയും വിഭ്രാന്തിയും വരെ ഉണ്ടാക്കും’’ -ഗുലെ പറയുന്നു.
ബിസിയായിരുന്നാലോ?
എപ്പോഴും തിരക്കിലാണെന്നത് മഹത്തരമായ ഗുണമായി എണ്ണപ്പെടുന്ന ജീവിതശെലിയിൽ കഴിയുന്ന നമുക്ക് ഏഴും എട്ടും മണിക്കൂർ ഉറങ്ങുന്നത് പെർഫോമൻസ് കുറവാണെന്ന് തോന്നുന്നത് സ്വാഭാവികമാണെന്ന് വിദഗ്ധർ പറയുന്നു. ‘‘തീർക്കാത്ത ജോലിയാണ് എന്നിൽ കുറ്റബോധം സൃഷ്ടിക്കാറുള്ളത്. ഡിജിറ്റൽ ലോകത്ത് കൂടുതൽ സമയം ചെലവഴിക്കുന്നതും എന്നിൽ നഷ്ടബോധമുണ്ടാക്കുന്നു. അതിനേക്കാളുപരി, തിരക്കിനെ വിജയവുമായി കൂട്ടിച്ചേർത്ത് പറയുന്നതും അസ്വസ്ഥതയുണ്ടാക്കുന്നു’’ -പി.ആർ വിദഗ്ധൻ അധിരാജ് അലിസൺ അഭിപ്രായപ്പെടുന്നു.
വേണ്ട, കുറ്റബോധം
കുറഞ്ഞ സമയം മാത്രം ഉറങ്ങി ബാക്കി സമയം ജോലിക്കായി നീക്കിവെച്ചാൽ കൂടുതൽ റിസൽട്ട് ഉണ്ടാവുമെന്നാണ് നിങ്ങൾ കരുതുന്നതെങ്കിൽ ഒന്നുകൂടി ചിന്തിക്കാനാണ് ഡോ. ഗുലെ ആവശ്യപ്പെടുന്നത്. ‘‘ആവശ്യമായ ഉറക്കം ലഭിക്കുന്നവർക്ക് വൈകാരിക നിയന്ത്രണം എളുപ്പമാണ്. ഓർമശക്തിയും തീരുമാനമെടുക്കാനുള്ള കഴിവും രോഗപ്രതിരോധശേഷിയും മാനസികാരോഗ്യവുമെല്ലാം അവർക്ക് കൂടുതലായിരിക്കും. അതുകൊണ്ടുതന്നെ ഉറക്കമെന്നത് ഉൽപാദനക്ഷമതക്കുവേണ്ടിയുള്ള നിക്ഷേപമാണ്. അല്ലാതെ അതിൽ നിന്നുള്ള പിൻവാങ്ങലല്ല. ഉറങ്ങിയതിന് കുറ്റബോധം തോന്നുന്നത് ശ്വസിച്ചതിനും ഭക്ഷണം കഴിച്ചതിനും കുറ്റബോധം തോന്നുംപോലെയാണെന്നും അദ്ദേഹം കൂട്ടിച്ചേർക്കുന്നു.
കുറ്റബോധമില്ലാതെ ഉറങ്ങാൻ
1. ഉറക്കത്തെക്കുറിച്ചുള്ള മനോഭാവം ശരിയാക്കുക: ‘ഉറക്കമെന്റെ ജോലിയുടെ ഭാഗമാണ്, അതിൽ നിന്നുള്ള ഒളിച്ചോട്ടമല്ലെ’ന്ന് സ്വന്തത്തോട് പറയുക.
2. ഷട്ട്ഡൗൺ സെറ്റ് ചെയ്യാൻ ശീലിക്കുക: ഒരു ദിവസത്തെ അടച്ചുവെക്കാൻ, കൃത്യമായ ഒരു സമയം വെക്കുകയും അത് പാലിക്കുകയും വേണം. നാളെ ചെയ്തു തീർക്കാനുള്ള ‘ടു-ഡു’ ലിസ്റ്റ് രാത്രി തയാറാക്കിക്കഴിഞ്ഞാൽ പിന്നെ, അന്ന് തീർക്കാതെ വെച്ച ഒന്നിനെയും ബെഡിലേക്കും മനസ്സിലേക്കും എടുക്കരുത്.
3. സ്വന്തത്തോട് കരുണയുള്ളവരാകണം: വിശ്രമം മനുഷ്യന്റെ ആവശ്യമാണെന്ന് മനസ്സിലാക്കുകയും അത് പ്രാവർത്തികമാക്കുകയും ചെയ്യുക.
4. ഉൽപാദനക്ഷമതയിൽ താരതമ്യം വേണ്ട: മറ്റുള്ളവർക്ക് യോജിക്കുന്നതല്ല നിങ്ങൾക്ക് യോജിക്കുക. അതുകൊണ്ട് നിങ്ങളുടെ താളം നിങ്ങൾ തന്നെ കണ്ടെത്തണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.