സ്വയം സംസാരിക്കുന്ന ശീലമുണ്ടോ...എന്നാൽ നിങ്ങൾക്ക് 'പ്രൈവറ്റ് സ്പീച്ചാ'വാം

നിങ്ങൾ ഒറ്റക്ക് ഇരിക്കുമ്പോൾ സ്വയം സംസാരിക്കുന്ന ശീലം ഉണ്ടോ? എന്നാൽ അത് വിചിത്രമോ അസ്വാഭാവികമോ ആണെന്ന് തോന്നേണ്ട. മനശ്ശാസ്ത്രം ഇതിനെ “പ്രൈവറ്റ് സ്പീച്ച്” (Private Speech) അല്ലെങ്കിൽ സ്വയംസംഭാഷണം എന്നാണ് വിളിക്കുന്നത്. പലരും ചിന്തകൾ ക്രമീകരിക്കാൻ, തീരുമാനങ്ങൾ എടുക്കാൻ, ജോലികൾ പ്ലാൻ ചെയ്യാൻ എന്നിങ്ങനെ സ്വയം സംസാരിക്കാറുണ്ട്. ഇത് മാനസിക അസ്വസ്ഥതയുടെ ലക്ഷണമല്ല. മറിച്ച് നമുടെ തലച്ചോർ കൂടുതൽ സജീവമായി പ്രവർത്തിക്കുന്നു എന്നതിന്‍റെ സൂചനയാണ്.

സ്വയം സംസാരിക്കുന്നത് ഓർമ്മശക്തിയും പ്രശ്നപരിഹാര ശേഷിയും വർധിപ്പിക്കാൻ സഹായിക്കുന്നതായി പഠനങ്ങൾ പറയുന്നു. ചിന്തകൾ പുറത്തുപറയുമ്പോൾ അവയെ കൂടുതൽ വ്യക്തമായി മനസ്സിലാക്കാനും നിയന്ത്രിക്കാനും കഴിയും. “നിനക്ക് ഇത് ചെയ്യാൻ കഴിയും” എന്നപോലെ സ്വയം സംസാരിക്കുന്നത് ഉത്കണ്ഠ കുറയ്ക്കാനും ആത്മവിശ്വാസം വർധിപ്പിക്കാനും സഹായിക്കുമെന്നും പഠനങ്ങൾ വ്യക്തമാക്കുന്നു.

കുട്ടികളിലും ഇത് സാധാരണയായി കാണപ്പെടാറുണ്ട്. കുട്ടികൾ വളരുമ്പോൾ ഈ ഉറക്കെയുള്ള സംസാരം കുറയുകയും അത് മനസ്സിലുള്ള ചിന്തകളായി (Inner Speech) മാറുകയും ചെയ്യുന്നു. മുതിർന്നവരിൽ കഠിനമായ കാര്യങ്ങൾ ചെയ്യുമ്പോഴോ സമ്മർദ്ദത്തിലായിരിക്കുമ്പോഴോ സ്വയം സംസാരിക്കാറുണ്ട്. ഇത് കാര്യങ്ങൾ വ്യക്തമായി മനസ്സിലാക്കാൻ സഹായിക്കുന്നു.

അതിനാൽ സ്വയം സംസാരിക്കുന്നത് തെറ്റല്ല. പല സാഹചര്യങ്ങളിലും അത് ബുദ്ധിശക്തി, ആത്മനിയന്ത്രണം, പ്രശ്നപരിഹാര കഴിവ് എന്നിവയുടെ അടയാളമാണ്. മനശ്ശാസ്ത്രം ഇതിനെ സാധാരണവും പ്രയോജനകരവുമായ മാനസിക ശീലം ആയി അംഗീകരിക്കുന്നുണ്ട്.

മനശ്ശാസ്ത്ര ഗവേഷണങ്ങൾ പറയുന്നത്,

ബുദ്ധികാര്യക്ഷമത (Cognitive benefits)

നിങ്ങൾ സ്വയം സംസാരിക്കുന്നത് ശ്രദ്ധ, ഓർമ്മ, തീരുമാനമെടുക്കൽ എന്നിവ മെച്ചപ്പെടുത്തുന്നു.

വൈകാരിക നിയന്ത്രണം (Emotional regulation)

സ്വയംസംഭാഷണം നിങ്ങളുടെ ഉളളിൽ പോസറ്റീവ് സമീപനം വളർത്തുന്നു.ഇത് സമ്മർദ്ദം കുറയ്ക്കാനും മനസ്സിനെ ശാന്തമാക്കാനും സഹായിക്കുന്നു.

സാധാരണവും ആരോഗ്യകരവും

നിങ്ങൾ സ്വയം സംസാരിക്കുന്നത് സാധാരണമായ കാര്യമാണ്. പക്ഷേ ആരോ സംസാരിക്കുന്നതായി കേൾക്കുക, ആ ശബ്ദങ്ങൾ നിയന്ത്രിക്കാൻ സാധിക്കാതിരിക്കുക അല്ലെങ്കിൽ അത് ഭയമോ വിഷമമോ ഉണ്ടാക്കുകയാണെങ്കിൽ നിങ്ങൾ തീർച്ചയായും വിദഗ്ധ സഹായം തേടേണ്ടതാണ്.

Tags:    
News Summary - Let's understand what 'private speech' is

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.