നമ്മുടെ ശ്വസനമോ കണ്ണ് ചിമ്മലോ പോലെ അബോധമനസ്സോടെ ചെയ്യുന്ന ഒരു ശീലമായി ഫോൺ പരിശോധിക്കുന്നതും ഇപ്പോൾ മാറിയിരിക്കുന്നു. അമിതമായ ഫോൺ ഉപയോഗം ഏകാഗ്രതയെ എങ്ങനെ ബാധിക്കുമെന്ന് ചിന്തിച്ചിട്ടുണ്ടോ? ഓരോ തവണ ഫോൺ നോക്കുമ്പോഴും തലച്ചോർ ചെയ്തുകൊണ്ടിരിക്കുന്ന ജോലി നിർത്തി വെക്കുന്നു. വീണ്ടും ജോലിയിലേക്ക് മടങ്ങുമ്പോൾ തലച്ചോറിന് കൂടുതൽ അധ്വാനം വേണ്ടിവരുന്നു. ഇത് തലച്ചോറിനെ പെട്ടെന്ന് തളർത്തുമെന്ന് ബംഗളൂരു ആസ്റ്റർ വൈറ്റ്ഫീൽഡിലെ സൈക്കോളജിസ്റ്റ് എസ്. ഗിരിപ്രസാദ് പറയുന്നു.
ദീർഘനേരം ഒരു കാര്യത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിന് പകരം ചെറിയ ഇടവേളകൾ എടുക്കുന്ന രീതിയിലേക്ക് തലച്ചോർ ശീലിക്കപ്പെടുന്നു. ഇത് ഏകാഗ്രത പതുക്കെ കുറക്കുന്നു. എത്ര സമയം ഫോൺ ഉപയോഗിക്കുന്നു എന്നതിനേക്കാൾ എത്ര തവണ ഇടക്കിടെ ഫോൺ നോക്കുന്നു എന്നതിലാണ് പ്രശ്നമിരിക്കുന്നത്. ദിവസവും എത്ര തവണ ഫോൺ നോക്കാം എന്നത് ഓരോ വ്യക്തിക്കും വ്യത്യസ്തമായിരിക്കുമെങ്കിലും പഠനങ്ങൾ ചില പൊതുനായ കാര്യങ്ങൾ സൂചിപ്പിക്കുന്നുണ്ട്. 50 മുതൽ 80 തവണ വരെ നോക്കുന്നത് സാധാരണമാണെങ്കിൽ നോട്ടിഫിക്കേഷനുകൾ ഇല്ലാതെ തന്നെ 100 തവണയിലധികം ഫോൺ നോക്കുന്നത് ഏകാഗ്രതയെയും ശ്രദ്ധയെയും ഗുരുതരമായി ബാധിക്കുമെന്നതിന്റെ മുന്നറിയിപ്പാണ്.
ഫോൺ കയ്യിലില്ലാത്തപ്പോൾ അമിതമായ ഉത്കണ്ഠ തോന്നുക, ഭക്ഷണം കഴിക്കുമ്പോഴോ സുഹൃത്തുക്കളുമായി സംസാരിക്കുമ്പോഴോ അറിയാതെ ഫോൺ എടുത്ത് നോക്കുക, ഒന്നും ചെയ്യാനില്ലാത്തപ്പോഴോ ജോലിയിൽ ചെറിയ തടസ്സങ്ങൾ വരുമ്പോഴോ ആദ്യം ഫോണിലേക്ക് കൈ പോവുക, ഫോൺ വൈബ്രേറ്റ് ചെയ്തതായി വെറുതെ തോന്നുക (ഫാന്‍റം വൈബ്രേഷൻ സിൻഡ്രോം) എന്നിവയൊക്കെ ഇതിന്‍റെ ലക്ഷണങ്ങളാണ്. ഒരിക്കൽ നഷ്ടപ്പെട്ട ശ്രദ്ധ തിരികെ കിട്ടാൻ ശരാശരി 23 മിനിറ്റ് വേണ്ടിവരുമെന്നാണ് പഠനങ്ങൾ പറയുന്നത്.
ഫോൺ നോക്കുമ്പോൾ പുതിയതായി എന്തെങ്കിലും (ഒരു ലൈക്ക്, മെസ്സേജ്, അല്ലെങ്കിൽ വാർത്ത) കാണാൻ സാധിക്കുമെന്ന പ്രതീക്ഷ തലച്ചോറിൽ ഡോപ്പമിൻ എന്ന ഉത്പാദിപ്പിക്കുന്നു. ഈ താൽക്കാലിക സന്തോഷം വീണ്ടും വീണ്ടും ഫോൺ നോക്കാൻ നമ്മെ പ്രേരിപ്പിക്കുന്നു. ഈ ഡോപ്പമിൻ ലൂപ്പിൽപ്പെട്ട് പോകുന്നത് കൊണ്ടാണ് മിക്ക ആളുകൾക്കും ഫോൺ ഉപയോഗം കുറക്കാൻ സാധിക്കാത്തത്. ലോകത്ത് നടക്കുന്ന കാര്യങ്ങൾ താൻ അറിയാതെ പോകുന്നുണ്ടോ എന്ന അനാവശ്യമായ ഭയവും (ഫോമോ -FOMO - Fear Of Missing Out) ഇടക്കിടെ ഫോൺ നോക്കിക്കുന്നു.
നോട്ടിഫിക്കേഷനുകൾ ഓഫ് ചെയ്യുക: അനാവശ്യ നോട്ടിഫിക്കേഷനുകൾ ഓഫ് ചെയ്യുന്നത് ശ്രദ്ധ മാറുന്നത് ഒഴിവാക്കാൻ സഹായിക്കും. പഠിക്കുമ്പോഴോ നടക്കുമ്പോഴോ ഫോൺ അകറ്റി വെക്കുക.
ഫോൺ നോക്കാൻ സമയം നിശ്ചയിക്കുക: എപ്പോഴും ഫോൺ നോക്കാതെ, മൂന്ന് അല്ലെങ്കിൽ നാല് മണിക്കൂർ കൂടുമ്പോൾ മാത്രം ഫോൺ പരിശോധിക്കാനായി സമയം മാറ്റിവെക്കുക.
ഒരേസമയം ഒരു കാര്യം മാത്രം ചെയ്യുക: ഒരു ജോലിയിൽ മാത്രം 20 മുതൽ 50 മിനിറ്റ് വരെ ശ്രദ്ധ കേന്ദ്രീകരിക്കുക. അതിനുശേഷം ചെറിയ ഇടവേള എടുക്കാം.
തലച്ചോറിന് വ്യായാമം നൽകുക: ശ്വസന വ്യായാമങ്ങൾ, മൈൻഡ്‌ഫുൾനസ് രീതികൾ, പുസ്തക വായന അല്ലെങ്കിൽ ശ്രദ്ധ ആവശ്യമുള്ള ഹോബികൾ എന്നിവ ശീലിക്കുക.
മതിയായ ഉറക്കം ഉറപ്പാക്കുക: നല്ല ഉറക്കം ശ്രദ്ധയും ഏകാഗ്രതയും വർധിപ്പിക്കും. രാത്രി വൈകി ഫോൺ ഉപയോഗിക്കുന്നത് ഒഴിവാക്കുക, ഇത് ഉറക്കത്തെയും അടുത്ത ദിവസത്തെ പ്രവർത്തനങ്ങളെയും ബാധിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.