പഞ്ച് എന്ന കുട്ടിക്കുരങ്ങനാണ് കഴിഞ്ഞ കുറച്ച് ദിവസമായി സോഷ്യൽമീഡിയയിൽ തരംഗം. ഇതൊരു സാധാരണ മൃഗ വിഡിയോ ആണെന്ന് കരുതി നമുക്ക് തള്ളിക്കളയാം. എന്നാൽ ജപ്പാനിലെ ഇച്ചിക്കാവ സൂവിലുള്ള പഞ്ച് എന്ന ബേബി കുരങ്ങിന്റെ കഥ ഇന്ന് ലോകമെമ്പാടുമുള്ള ദശലക്ഷക്കണക്കിന് ആളുകളുടെ ഹൃദയത്തെ സ്പർശിച്ചിരിക്കുകയാണ്. അമ്മ ഉപേക്ഷിച്ച പഞ്ച്, ഒരു പാവക്കുരങ്ങിനെ കെട്ടിപ്പിടിച്ച് ആശ്വാസം കണ്ടെത്തുന്ന കാഴ്ച വെറുമൊരു ക്യൂട്ട് വിഡിയോ എന്നതിലുപരി മനുഷ്യ മനശാസ്ത്രത്തിന്റെ ആഴത്തിലുള്ള വശങ്ങളാണ് വെളിപ്പെടുത്തുന്നത്.
മൃഗലോകത്ത് കുഞ്ഞുങ്ങളെ ഉപേക്ഷിക്കുന്നത് സ്വാഭാവികമായ ഒരു കാര്യമാണ്. എന്നാൽ പഞ്ചിൽ നമ്മൾ കാണുന്നത് നമ്മളെത്തന്നെയാണ്. ഇതിന്റെ കാരണങ്ങൾ വിദഗ്ധർ വ്യക്തമാക്കുന്നുണ്ട്. കൊച്ചു കുഞ്ഞുങ്ങളോടും നിസ്സഹായരായ ജീവികളോടും സഹതാപം തോന്നാൻ മനുഷ്യർ ജന്മനാ പ്രോഗ്രാം ചെയ്യപ്പെട്ടവരാണ്. വലിയ കണ്ണുകളും നിഷ്കളങ്കമായ മുഖവുമുള്ള കുഞ്ഞുങ്ങളെ കാണുമ്പോൾ നമ്മുടെ സംരക്ഷണാത്മകമായ വികാരം ഉണരുന്നു. ഇതിനെ 'ബേബി സ്കീമ' (Baby Schema) എന്ന് വിളിക്കുന്നു.
നമ്മൾ എപ്പോഴെങ്കിലും ഒറ്റപ്പെട്ടുപോയതോ, സങ്കടപ്പെട്ടതോ ആയ നിമിഷങ്ങളെ പഞ്ച് ഓർമിപ്പിക്കുന്നു. ആ പാവക്കുട്ടിയെ പഞ്ച് മുറുകെ പിടിക്കുമ്പോൾ, നമ്മളും ജീവിതത്തിലെ പ്രതിസന്ധികളിൽ പിടിച്ചുനിൽക്കാൻ ശ്രമിക്കുന്ന ഒരു നിഴൽ അതിൽ കാണുന്നു. ലോകം മുഴുവൻ തനിക്കെതിരാണെന്ന് തോന്നുമ്പോഴും, കൂട്ടിന് ഒരു ചെറിയ പാവയുണ്ടെങ്കിൽ ആശ്വാസം ലഭിക്കുമെന്ന് പഞ്ച് കാണിച്ചുതരുന്നു. മനുഷ്യരും സങ്കടകാലത്ത് പ്രിയപ്പെട്ടവരെയോ അല്ലെങ്കിൽ ചില വസ്തുക്കളെയോ മുറുകെ പിടിക്കുന്നത് ഇതേ സുരക്ഷാബോധത്തിന് വേണ്ടിയാണ്.
ഈ വൈകാരിക ബന്ധം മറ്റൊരു കൗതുകകരമായ പ്രവണതക്കും വഴിവെച്ചു. വിപണിയിലെ 'പഞ്ച് തരംഗം' വെറുമൊരു കൗതുകമല്ല, മറിച്ച് മനുഷ്യരുടെ വൈകാരികതയെ എങ്ങനെ ബിസിനസ്സ് സാധ്യതയാക്കി മാറ്റാം എന്നതിന്റെ വലിയൊരു ഉദാഹരണമാണ്. പഞ്ച് എന്ന കുരങ്ങുക്കുട്ടിയുടെ വിഡിയോകൾ വൈറലായതോടെ അതിനോടൊപ്പമുള്ള ആ പാവക്കുരങ്ങും ഒരു ആഗോള ബ്രാൻഡായി മാറി. പഞ്ച് കൂട്ടിനു പിടിച്ചിരിക്കുന്ന ആ പാവക്കുരങ്ങ് ഇന്ന് ലോകമെമ്പാടും വൻതോതിൽ വിറ്റഴിക്കപ്പെടുന്നു.
പഞ്ച് എപ്പോഴും കൂടെക്കൂട്ടുന്ന ആ പാവക്കുരങ്ങ് പ്രമുഖ ഫർണിച്ചർ ബ്രാൻഡായ IKEAയുടേതാണ്. ഈ വിഡിയോകൾ പ്രചരിച്ചതോടെ ഇന്ത്യയുൾപ്പെടെയുള്ള പല രാജ്യങ്ങളിലെയും IKEA വെബ്സൈറ്റുകളിൽ ഈ പാവ ടോപ്പ് സെല്ലറാണ്. പലയിടങ്ങളിലും സ്റ്റോക്ക് തീർന്നുപോകുന്ന അവസ്ഥയുമുണ്ട്. പഞ്ചിന്റെ ചിത്രങ്ങൾ വെച്ചുള്ള ടീഷർട്ടുകൾ, മഗ്ഗുകൾ, ഫോൺ കവറുകൾ എന്നിവ വിപണിയിൽ ഇറങ്ങിക്കഴിഞ്ഞു. സോഷ്യൽ മീഡിയയിലെ 'ഫാൻ പേജുകൾ' വഴി ഇത്തരം ഉൽപ്പന്നങ്ങൾ വൻതോതിൽ വിറ്റഴിക്കപ്പെടുന്നു. പഞ്ചിന്റെ ലാറ്റിൻ അമേരിക്കൻ ഫാൻ പേജ് (Punch Monkey LATAM) പോലുള്ളവ ഇതിന് ഉദാഹരണമാണ്.
നമ്മൾ ഒരു വികാരത്തെ വെറുതെ അനുഭവിക്കുക മാത്രമല്ല ചെയ്യുന്നത്. അതിനെ ഒരു വസ്തുവിലൂടെ സ്വന്തമാക്കാൻ കൂടി ആഗ്രഹിക്കുന്നു. ആ പാവയെ വാങ്ങുന്നതിലൂടെ പഞ്ചിനോടുള്ള സ്നേഹവും ആശ്വാസവും സ്വന്തം ജീവിതത്തിലേക്കും കൊണ്ടുവരാൻ ആളുകൾ ശ്രമിക്കുന്നു. ടെഡി ബിയറുകൾ, കാർട്ടൂൺ കഥാപാത്രങ്ങൾ, വിപണിയിലെ കളിപ്പാട്ടങ്ങൾ എന്നിവയെല്ലാം ആളുകളെ ആകർഷിക്കാൻ വേണ്ടി 'ബേബി സ്കീമ' തത്വമാണ് ഉപയോഗിക്കുന്നത്.
പഞ്ചിന്റെ കഥയിൽ നമ്മൾ അവനെ പിന്തുണക്കുമ്പോൾ യഥാർത്ഥത്തിൽ നമ്മുടെ ഉള്ളിലെ നന്മയെയാണ് നമ്മൾ തിരിച്ചറിയുന്നത്. അനിശ്ചിതത്വങ്ങൾ നിറഞ്ഞ ഈ ലോകത്ത്, ഒരു കുഞ്ഞു ജീവനോട് കാണിക്കുന്ന ഈ കരുണ നമുക്ക് പ്രത്യാശ നൽകുന്നു. ശക്തിയേക്കാൾ കൂടുതൽ ദുർബലതയും നിസ്സഹായതയുമാണ് മനുഷ്യരെ തമ്മിൽ അടുപ്പിക്കുന്നത് എന്ന് പഞ്ച് തെളിയിക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.