പെട്ടെന്നുണ്ടാകുന്ന അതിതീവ്രമായ ഭയവും ശാരീരിക അസ്വസ്ഥതകളുമാണ് പാനിക് അറ്റാക്ക്. ഹൃദയമിടിപ്പ് കൂടുക, ശ്വാസംമുട്ടൽ, നെഞ്ചുവേദന, തലകറക്കം, മരണം സംഭവിക്കുമെന്ന് തോന്നൽ എന്നിവ ഇതിന്റെ പ്രധാന ലക്ഷണങ്ങളാണ്. യഥാർത്ഥത്തിൽ അപകടകരമായ സാഹചര്യങ്ങൾ ഒന്നുമില്ലെങ്കിലും ശരീരം വളരെ ശക്തമായി ഇതിനോട് പ്രതികരിക്കുന്നു. ഇത് അനുഭവപ്പെടുന്ന വ്യക്തിക്ക് താൻ മരിക്കാൻ പോകുകയാണെന്നോ ഹൃദയാഘാതം സംഭവിക്കുകയാണെന്നോ നിയന്ത്രണം നഷ്ടപ്പെടുകയാണെന്നോ ഒക്കെ തോന്നാം. അമിതമായ ജോലിഭാരം, പരീക്ഷാ പേടി, പൊതുവേദിയിൽ സംസാരിക്കാനുള്ള ഭയം, അല്ലെങ്കിൽ പെട്ടെന്നുണ്ടാകുന്ന ഒരു ദുരന്തം എന്നിവ പാനിക് അറ്റാക്കിന് കാരണമാകാം.
ജീവിതത്തിൽ ഒന്നോ രണ്ടോ തവണ മാത്രം ഇത്തരം അനുഭവമുണ്ടാകുന്നവർ നിരവധിയാണ്. എന്നാൽ ഇത് ആവർത്തിച്ച് വരികയും മറ്റൊരു അറ്റാക്കിനെക്കുറിച്ച് എപ്പോഴും ഭയന്ന് ജീവിക്കുകയും ചെയ്യുന്ന അവസ്ഥയെ പാനിക് ഡിസോർഡർ എന്ന് വിളിക്കുന്നു. തലച്ചോറിൽ ഭയത്തെ നിയന്ത്രിക്കുന്ന അമിഗ്ഡല പോലുള്ള ഭാഗങ്ങളുടെ അമിത പ്രതികരണം പാനിക് ഡിസോർഡറിന് കാരണമാകുന്നു. വീണ്ടും എപ്പോഴാണ് അറ്റാക്ക് വരുന്നത്? എന്ന നിരന്തരമായ ഉത്കണ്ഠയാണ് പാനിക് ഡിസോർഡറിന്റെ പ്രധാന കാരണം. അതായത് ഒരു കാരണവുമില്ലാതെ തന്നെ ശരീരം എപ്പോഴും ഭയത്തിന്റെ അവസ്ഥയിലായിരിക്കും. എല്ലാ പാനിക് ഡിസോർഡറുകളിലും പാനിക് അറ്റാക്ക് ഉണ്ടാകാറുണ്ട്. എന്നാൽ എല്ലാ പാനിക് അറ്റാക്കുകളും പാനിക് ഡിസോർഡർ ആയി മാറണമെന്നില്ല.
മുന്നറിയിപ്പുകളൊന്നുമില്ലാതെ പെട്ടെന്നാണ് ഇവ തുടങ്ങുന്നത്. സാധാരണയായി മിനിറ്റുകൾക്കുള്ളിൽ ഇവ അതിന്റെ തീവ്രതയിൽ എത്തും. മരണം സംഭവിക്കുമോ എന്ന ഭയം, നിയന്ത്രണം നഷ്ടപ്പെടുമെന്ന പേടി, നെഞ്ചിടിപ്പ് വർധിക്കുക, അമിതമായി വിയർക്കുക, കൈകാലുകൾ വിറക്കുക, ശ്വാസംമുട്ടൽ അല്ലെങ്കിൽ തൊണ്ടയിൽ എന്തോ കുടുങ്ങിയതുപോലെ തോന്നുക, വിറയലോടു കൂടിയ തണുപ്പ് അല്ലെങ്കിൽ അമിതമായ ചൂട് അനുഭവപ്പെടുക, മനംപുരട്ടൽ അല്ലെങ്കിൽ വയറ്റിൽ അസ്വസ്ഥത, നെഞ്ചുവേദനയും തലവേദനയും, തലകറക്കം അല്ലെങ്കിൽ ബോധക്ഷയം, ശരീരത്തിൽ മരവിപ്പ് അല്ലെങ്കിൽ തരിപ്പ്, യാഥാർത്ഥ്യവുമായി ബന്ധമില്ലാത്തതുപോലെയുള്ള തോന്നൽ എന്നിവയൊക്കെ ലക്ഷണങ്ങളാണ്.
എന്തുകൊണ്ടാണ് പാനിക് അറ്റാക്ക് ഉണ്ടാകുന്നത് എന്ന് വ്യക്തമായി അറിയില്ലെങ്കിലും ഘടകങ്ങൾ ഇതിന് കാരണമായേക്കാം. കുടുംബത്തിൽ ആർക്കെങ്കിലും ഈ അവസ്ഥയുണ്ടെങ്കിൽ വരാനുള്ള സാധ്യതയുണ്ട്. ജീവിതത്തിലുണ്ടാകുന്ന വലിയ മാനസിക വിഷമങ്ങൾ പാനിക് അറ്റാക്കിന് കാരണമാകാം. പെട്ടെന്ന് വികാരഭരിതരാകുന്നവർക്കും നെഗറ്റീവ് ചിന്താഗതിയുള്ളവർക്കും സാധ്യത കൂടുതലാണ്. തലച്ചോറിന്റെ ചില ഭാഗങ്ങളുടെ പ്രവർത്തനത്തിലുണ്ടാകുന്ന മാറ്റങ്ങളും ഇതിന് കാരണമാകാം.
പാനിക് അറ്റാക്കിന്റെ ലക്ഷണങ്ങൾ ഹൃദയാഘാതം പോലെയുള്ള ഗുരുതരമായ മറ്റ് ആരോഗ്യപ്രശ്നങ്ങളുമായി സാമ്യമുള്ളതാണ്. അതിനാൽ ഇത്തരം ലക്ഷണങ്ങൾ കണ്ടാൽ ഉടൻ തന്നെ ഒരു ഡോക്ടറെ കണ്ട് പരിശോധന നടത്തുന്നത് ഉചിതമാണ്. ഇവ ജീവന് ഭീഷണിയല്ലെങ്കിലും കൃത്യമായ ചികിത്സയിലൂടെ പരിഹരിക്കാവുന്നതാണ്.ലക്ഷണങ്ങൾ കണ്ടാലുടൻ ചികിത്സ തുടങ്ങുന്നത് രോഗം വഷളാകാതിരിക്കാൻ സഹായിക്കും. ശാരീരിക അധ്വാനം ഉത്കണ്ഠ കുറക്കാൻ സഹായിക്കും. ഡോക്ടർ നിർദേശിക്കുന്ന കാര്യങ്ങൾ കൃത്യമായി പാലിക്കുക. പുകവലി, അമിതമായ കഫീൻ എന്നിവ ഒഴിവാക്കുന്നതാണ് നല്ലത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.