സ്റ്റോക്ക്ഹോം സിൻഡ്രോമിനെക്കുറിച്ച് കേട്ടിട്ടില്ലേ? ഒരു വ്യക്തി, തന്നെ ദുരുപയോഗം ചെയ്തയാളോടോ ബന്ദിയാക്കിയയാളോടോ നല്ല ബന്ധം പുലർത്തുന്നതിനെയാണ് സ്റ്റോക്ക്ഹോം സിൻഡ്രോം എന്ന് വിളിക്കുക. സ്റ്റോക്ക്ഹോം സിൻഡ്രോമിന് വിപരീതമായ ഒന്നുണ്ടെന്ന് നിങ്ങൾക്കറിയാമോ? തെറ്റാണെന്ന് അറിയാമായിരുന്നിട്ടും ഒരു വ്യക്തിയോടുള്ള കരുതലും സഹാനുഭൂതിയും വിട്ടൊഴിയാത്ത അവസ്ഥയാണ് അത്. ഈ മാനസികാവസ്ഥയെ ലിമ സിൻഡ്രോം എന്നു വിളിക്കും.
സ്റ്റോക്ക്ഹോം സിൻഡ്രോമിൽ ഇരകളാണ് പീഡകരോട് അടുപ്പം കാണിക്കുക. എന്നാൽ, ലിമ സിൻഡ്രോമിൽ നേരെ തിരിച്ചായിരിക്കും. അധികാരം കൈയാളുന്നവർ തങ്ങളുടെ നിയന്ത്രണത്തിലുള്ളവരോട് സഹാനുഭൂതി കാണിക്കുകയാണ് ചെയ്യുക. കാലക്രമേണ ഇത് കുറ്റകൃത്യങ്ങളിലേക്ക്‍ വഴിമാറുന്ന സാഹചര്യവുമുണ്ടാക്കാം.
ഈയിടെ വ്യക്തിഗത ബന്ധങ്ങളിൽ ഇത്തരം പ്രവണതകൾ കൂടിവരുന്നതായാണ് മനഃശാസ്ത്രജ്ഞരുടെ അഭിപ്രായം. ഒരാളെ നിരന്തരം വേദനിപ്പിക്കുന്ന വ്യക്തിതന്നെ പിന്നീട് അവരെ ആശ്വസിപ്പിക്കുക, കരുതലും സംരക്ഷണവും നൽകുക തുടങ്ങിയവയാണ് ഇതിന്റെ ലക്ഷണങ്ങൾ. ഇത്തരം വ്യക്തിബന്ധങ്ങൾ കൂടുതലും അസമത്വം നിറഞ്ഞതായിരിക്കും.
ടോക്സിക് ബന്ധങ്ങളെ ന്യായീകരിക്കുകയും തെറ്റുകൾക്ക് കാരണങ്ങൾ കണ്ടെത്താൻ ശ്രമിക്കുകയും ചെയ്യും. ഇത് ദാമ്പത്യ-പ്രണയ ബന്ധങ്ങളെയാണ് കൂടുതലായി ബാധിക്കുക. അതിക്രമിക്കുന്നയാൾതന്നെ സഹാനുഭൂതിയോടെ പെരുമാറുമ്പോൾ എല്ലാം ശരിയാകും, അയാൾ മാറും എന്ന പ്രതീക്ഷയിൽ ബന്ധം തുടർന്നുകൊണ്ടുപോകും.
ഇത് പിന്നീട് കൂടുതൽ മോശമായ അവസ്ഥയിലേക്ക് കൊണ്ടെത്തിക്കും. കുറ്റബോധം, ഒറ്റപ്പെടൽ, വൈകാരിക ആശ്രയത്വം എന്നിവയാണ് ലിമ സിൻഡ്രോമിലേക്ക് കൂടുതൽ വഴിതെളിക്കുന്നത്. വേദനിപ്പിച്ചതിന്റെ കുറ്റബോധവും ഒറ്റപ്പെടലുമെല്ലാം ഇരകളെ സംരക്ഷിക്കുന്നതിലേക്കും സഹാനുഭൂതിയിലേക്കും വഴിമാറുകയാണ് ചെയ്യുക.
ഇത് സ്വയം ചെയ്ത തെറ്റുകളെ ലഘൂകരിക്കും, അതിന് വിവിധ ന്യായങ്ങൾ കണ്ടെത്താനും ശ്രമിച്ചുകൊണ്ടിരിക്കും. പ്രത്യക്ഷത്തിൽ ഇത്തരം കരുതലും സംരക്ഷണവും ആരോഗ്യകരമായ ബന്ധമായി തോന്നാമെങ്കിലും മാനസിക സമ്മർദത്തിലേക്കും അസമത്വത്തിലേക്കും നയിച്ചേക്കാം. അതിക്രമം ഏറ്റുവാങ്ങുന്നവർ വീണ്ടും ഇത്തരം ആക്രമണങ്ങൾക്ക് വിധേയരാകുകയും ചെയ്യും.
അതുകൊണ്ടുതന്നെ ലിമ സിൻഡ്രോമിലാണെന്ന് തിരിച്ചറിഞ്ഞാൽ ഇത്തരം ബന്ധങ്ങളിൽനിന്ന് പുറത്തുകടക്കാൻ ശ്രമിക്കണം. പ്രണയമോ സ്നേഹമോ അല്ല, മാനസികമായ അടിച്ചമർത്തലാണെന്ന് തിരിച്ചറിയാൻ സാധിക്കണം. സഹാനുഭൂതി, ഉത്തരവാദിത്തം, കരുതൽ തുടങ്ങിയവ മാനസികമായി വീണ്ടും ടോക്സിക് ബന്ധങ്ങളിലേക്ക് കൊണ്ടെത്തിക്കുകയാണ് ചെയ്യുന്നതെന്ന് മനസ്സിലാക്കി പുറത്തുവരാൻ കഴിയണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.