താരങ്ങൾ അവരുടെ ആരോഗ്യ കാര്യത്തിലും ഫിറ്റ്‌നസ്സിലും വളരെയധികം ശ്രദ്ധാലുക്കളാണ്. സെലിബ്രിറ്റികളുടെ ഡയറ്റിനെക്കുറിച്ച് ചിന്തിക്കുമ്പോൾ വിദേശത്തുനിന്ന് വരുന്ന വിലകൂടിയ ഭക്ഷണപദാർത്ഥങ്ങളാണ് മനസ്സിൽ വരുന്നത്. എന്നാൽ നടി രവീണ ടണ്ടന്‍റെ ഭക്ഷണശീലം തികച്ചും ലളിതവും നാട്ടുരീതിയിലുള്ളതുമാണ്. രവീണ തന്‍റെ ദിവസം ആരംഭിക്കുന്നത് മഞ്ഞൾ വെള്ളം കുടിച്ചുകൊണ്ടാണ്. സ്വന്തം ഫാമിൽ വിളയിച്ചെടുത്ത ജൈവ മഞ്ഞളാണ് ഇതിനായി ഉപയോഗിക്കുന്നത്. മഞ്ഞളിലെ 'കുർക്കുമിൻ' ശരീരത്തിലെ വീക്കം കുറക്കാനും, പ്രതിരോധശേഷി വർധിപ്പിക്കാനും, ചർമത്തിന് തിളക്കം നൽകാനും സഹായിക്കുന്നു. അമിതമായ ഡയറ്റുകളിൽ വിശ്വസിക്കാത്ത താരം വീട്ടുഭക്ഷണത്തിനാണ് മുൻഗണന നൽകുന്നത്. മിക്ക സെലിബ്രിറ്റികളും പിന്തുടരുന്ന ഒരു പ്രധാന ശീലമാണ് രാത്രി നേരത്തെ ഭക്ഷണം കഴിക്കുന്നത്. രാത്രി ഏഴ് മണിയോടെ ലഘുവായ സൂപ്പോ മറ്റോ കഴിച്ച് അത്താഴം പൂർത്തിയാക്കുന്നത് ദഹനത്തിനും നല്ല ഉറക്കത്തിനും സഹായിക്കും.
‘എന്‍റെ ദിവസം ആരംഭിക്കുന്നത് മഞ്ഞൾ വെള്ളം കുടിച്ചുകൊണ്ടാണ്. മഞ്ഞൾ വെള്ളത്തിന് ശേഷം അവർ ഇഞ്ചി ചായ കുടിക്കുന്നു. കൂടെ ടോസ്റ്റ്, പഴങ്ങൾ, പ്രോട്ടീനായി മുട്ട എന്നിവയും ഉൾപ്പെടുത്താറുണ്ട്. പലരും ഭാരം കൂടുമെന്ന് പറഞ്ഞ് ഒഴിവാക്കുന്ന മുന്തിരി, നേന്ത്രപ്പഴം എന്നിവ കഴിക്കാൻ എനിക്ക് മടിയില്ല. പ്രകൃതിദത്തമായ ഒന്നും ശരീരത്തിന് ദോഷമല്ല, അമിതമാകാതെ കഴിച്ചാൽ മതി എന്നതാണ് എന്‍റെ നയം. ഇടനേരങ്ങളിൽ പഴങ്ങൾ കഴിക്കും. വളരെ ലളിതമായ വീട്ടിലുണ്ടാക്കുന്ന ഭക്ഷണമാണ് ഉച്ചക്ക് കഴിക്കുന്നത്. പരിപ്പ് കറി, പച്ചക്കറികൾ, റോട്ടി എന്നിവയാണ് പ്രധാന വിഭവങ്ങൾ. തൈര് ഭക്ഷണത്തിലെ അവിഭാജ്യ ഘടകമാണെന്ന്’ രവീണ പറയുന്നു.
വിപണിയിൽ തരംഗമാകുന്നതിന് മുമ്പ് തന്നെ അതായത് 90കൾ മുതൽ ഞാൻ മഖാന കഴിക്കാറുണ്ടായിരുന്നു. കൂടാതെ നിലക്കടല, കടലയൊക്കെ കഴിക്കും. വൈകുന്നേരം ഏഴ് മണിയോടെ സൂപ്പ് കുടിക്കുന്ന ശീലമുണ്ട്. തക്കാളി, കൂൺ അല്ലെങ്കിൽ ചുരക്ക എന്നിവ കൊണ്ടുള്ള സൂപ്പുകളാണ് സാധാരണയായി ഉണ്ടാക്കുന്നത്. അത്താഴം എപ്പോഴും വളരെ ലളിതമായിരിക്കാൻ ശ്രദ്ധിക്കും. ആരോഗ്യകരമായ ജീവിതത്തിന് വലിയ ട്രെൻഡുകൾക്ക് പിന്നാലെ പോകുന്നതിനേക്കാൾ നല്ലത് നമ്മുടെ ശരീരത്തിന് അനുയോജ്യമായ നാടൻ ഭക്ഷണരീതികൾ കൃത്യമായി പിന്തുടരുന്നതാണെന്ന് രവീണ ടണ്ടൻ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.