മനോജ് ബാജ്‌പേയി
ഫാമിലി മാൻ സീരിസിലൂടെയും മറ്റ് സിനിമകളിലൂടെയും ശ്രദ്ധേയമായ താരമാണ് മനോജ് ബാജ്‌പേയി. 31 വർഷമായി സിനിമയിൽ സജീവമാണ് താരം. നാല് ദേശീയപുരസ്‌കാരങ്ങൾ നേടിയിട്ടുമുണ്ട്. ആരോഗ്യ കാര്യത്തിലും വളരെ ശ്രദ്ധ പുലർത്തുന്ന ആളാണ് മനോജ് ബാജ്‌പേയി. ആരോഗ്യത്തിന്റെയും ഫിറ്റ്‌നസിന്റെയും കാര്യത്തിൽ മുത്തച്ഛന്റെ വഴികളാണ് താൻ പിന്തുടരുന്നതെന്ന് താരം പറയുന്നു. ഇപ്പോഴിതാ തന്‍റെ ഫിറ്റ്നെസിനെ കുറിച്ചും ഇന്റർമിറ്റന്റ് ഫാസ്റ്റിങ്ങിനെ കുറിച്ചും സംസാരിക്കുകയാണ് താരം. 14 വർഷത്തിലേറെയായി അത്താഴം ഒഴിവാക്കാറുണ്ടെന്നും അദ്ദേഹം പറയുന്നു.
‘ശരിയായ സമയത്ത്, ശരിയായ അളവിൽ ഭക്ഷണം കഴിക്കുക എന്നതാണ് എന്റെ ഫിറ്റ്‌നസ് മന്ത്രം. കുടുംബം മുഴുവനും ഇത് വളരെ കർശനമായി പാലിക്കുന്നു. വൈകുന്നേരം 6 മണിയാകുമ്പോഴേക്കും വീട്ടിലെ അടുക്കള അടച്ചിരിക്കും. അതുകൊണ്ടാണ് ഞങ്ങൾ പുറത്ത് അത്താഴത്തിന് പോകാത്തത്. രാത്രി അത്താഴത്തിന് ആളുകളെ ക്ഷണിക്കാത്തതിന് കാരണവും അതുതന്നെ. യോഗ, ധ്യാനം എന്നിവയിലൂടെയാണ് താരത്തിന്റെ ഒരുദിവസം തുടങ്ങുന്നത്. ജിം അല്ലെങ്കിൽ ട്രെഡ്മിൽ. അതില്ലെങ്കിൽ നന്നായി ഓടുകയോ 40 മിനിറ്റ് വേഗത്തിൽ നടക്കുകയോ ചെയ്യും. പിന്നെ സൂര്യനമസ്‌കാരം. എന്റെ ഒരുദിവസം തുടങ്ങുന്നത് ഇങ്ങനെയാണ്. ഷൂട്ടിങ്ങിലാണെങ്കിലും ഇത് മുടക്കില്ല’ മനോജ് പറഞ്ഞു.
‘എന്റെ മുത്തച്ഛനിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് ഈ ശീലം പിന്തുടരുന്നത്. ദിനചര്യയിൽ നിന്ന് അത്താഴം ഒഴിവാക്കിയത് എന്റെ ഫിറ്റ്നസ് നിലനിർത്താനും ഊർജ്ജ നില മെച്ചപ്പെടുത്താനും സഹായിച്ചു. ഇത് 13-14 വർഷമായി തുടരുന്നു. എന്റെ മുത്തച്ഛന് മെലിഞ്ഞ ശരീരമായിരുന്നു. അദ്ദേഹം എപ്പോഴും ആരോഗ്യവാനുമായിരുന്നു. അതിനാൽ അദ്ദേഹം കഴിച്ചിരുന്ന രീതി ഞാനും പിന്തുടർന്നു. അത് എനിക്ക് ഭാരം കുറക്കാൻ സഹായിച്ചു. എനിക്ക് കൂടുതൽ ഊർജ്ജസ്വലതയും ആരോഗ്യവും അനുഭവപ്പെടുന്നു. ഞാൻ ആദ്യം 12 മണിക്കൂർ മുതൽ 14 മണിക്കൂർ വരെ ഉപവാസം എടുത്ത് തുടങ്ങി. പിന്നീട് പതിയെ അത്താഴം പൂർണ്ണമായും ഒഴിവാക്കി. ഉച്ചഭക്ഷണത്തിന് ശേഷം അടുക്കള പ്രവർത്തിക്കില്ല. ഞങ്ങളുടെ മകൾ ഹോസ്റ്റലിൽ നിന്ന് വരുമ്പോൾ മാത്രമേ അത് പ്രവർത്തിക്കൂ’ മനോജ് പറഞ്ഞു.
‘തുടക്കത്തിൽ ഈ ദിനചര്യ നിലനിർത്താൻ എളുപ്പമായിരുന്നില്ല. പക്ഷേ ഞാൻ പിന്മാറിയില്ല. വിശപ്പ് നിയന്ത്രിക്കാനായി വെള്ളവും ആരോഗ്യകരമായ ബിസ്കറ്റുകളും ഉപയോഗിച്ചിരുന്നു. അത്താഴം ഒഴിവാക്കുന്നത് പ്രമേഹം, കൊളസ്‌ട്രോൾ തുടങ്ങിയവ ഇല്ലാതാക്കാനും സഹായിച്ചുവെന്ന്’ അദ്ദേഹം വ്യക്തമാക്കുന്നു. എല്ലാ ദിവസവും അഞ്ചുതരം പഴങ്ങൾ കഴിക്കാറുണ്ട്. സീസൺ അനുസരിച്ചാണ് പഴങ്ങൾ തിരഞ്ഞെടുക്കുന്നത്. പക്കോഡ പോലുള്ള ഫ്രൈ ചെയ്ത ഭക്ഷണങ്ങൾ പൂർണമായും ഒഴിവാക്കും. സമോസ എനിക്കിഷ്ടമാണ്. പക്ഷേ അത് കഴിക്കുന്നതും വ്യത്യസ്തരീതിയിലാണ്. സമോസയുടെ ഉള്ളിലുള്ള സ്റ്റഫിങ് മാത്രമേ കഴിക്കൂ’-മനോജ് പറഞ്ഞു.
പ്രമേഹം, ഉയർന്ന കൊളസ്ട്രോൾ, ഹൃദയ സംബന്ധമായ അസുഖങ്ങൾ തുടങ്ങിയ നിലവിലുള്ള രോഗാവസ്ഥകളുള്ളവർ ഇന്റർമിറ്റന്റ് ഫാസ്റ്റിങ് പോലുള്ള തീവ്രമായ ഡയറ്റ് രീതികൾ പിന്തുടരരുതെന്ന് ആരോഗ്യ വിദഗ്ധർ മുന്നറിയിപ്പുകൾ നൽകുന്നു. പ്രമേഹരോഗികൾ അത്താഴം ഒഴിവാക്കുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവിൽ വലിയ വ്യതിയാനങ്ങൾക്ക് കാരണമാകും. ഇവർക്ക് സ്ഥിരമായ രക്തത്തിലെ പഞ്ചസാരയുടെ അളവ് ആവശ്യമാണ്. ചിലർക്ക് രാത്രിയിൽ ഭക്ഷണം കഴിക്കാതെ വരുമ്പോൾ ഉറങ്ങാൻ ബുദ്ധിമുട്ട് അനുഭവപ്പെടാം. ദീർഘനേരത്തെ ഉപവാസം ശക്തമായ വിശപ്പുണ്ടാക്കാനും, തുടർന്ന് ഭക്ഷണം കഴിക്കുന്ന സമയത്ത് അമിതമായി കഴിക്കാനും കലോറി കൂടുതൽ അകത്താക്കാനും കാരണമാവാം. ഭക്ഷണം കഴിക്കുന്ന എട്ട് മണിക്കൂർ സമീകൃതവും പോഷകസമൃദ്ധവുമായ ഭക്ഷണം കഴിക്കുന്നുണ്ടെന്ന് ഉറപ്പാക്കണം. പോഷകങ്ങൾ കുറഞ്ഞ ഭക്ഷണം കഴിച്ചാൽ ക്ഷീണവും ആരോഗ്യപ്രശ്നങ്ങളും ഉണ്ടാകാൻ സാധ്യതയുണ്ടെന്നും വിദഗ്ധർ അഭിപ്രായപ്പെടുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.