ലോകമെമ്പാടുമുള്ള അമിതവണ്ണത്തെക്കുറിച്ചും അതിനെ പ്രതിരോധിക്കാനുള്ള വഴികളെക്കുറിച്ചും അവബോധം വളർത്തുന്നതിനായി എല്ലാ വർഷവും മാർച്ച് 4 ലോക അമിതവണ്ണ ദിനമായി ആചരിക്കുന്നു. 2026ലെ ഈ ദിനത്തിന്റെ പ്രമേയം 'അമിതവണ്ണത്തിനെതിരെ പ്രവർത്തിക്കാൻ 800 കോടി കാരണങ്ങൾ' എന്നതാണ്. ലോകമെമ്പാടുമുള്ള 800 കോടി ജനങ്ങളെയും ഈ പ്രശ്നം ഒരു തരത്തിലല്ലെങ്കിൽ മറ്റൊരു തരത്തിൽ ബാധിക്കുന്നുണ്ടെന്നും, അതിനാൽ തന്നെ ഇതിനെതിരെ പ്രവർത്തിക്കേണ്ടത് എല്ലാവരുടെയും ഉത്തരവാദിത്തമാണെന്നും ഈ വർഷത്തെ കാമ്പയിൻ ഓർമിപ്പിക്കുന്നു. സോഷ്യൽ മീഡിയ നമ്മുടെ ഭക്ഷണശീലങ്ങളെയും ജീവിതരീതികളെയും വലിയ രീതിയിൽ സ്വാധീനിക്കുന്നുണ്ടെന്ന് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.
ഭക്ഷണശീലങ്ങളെ സ്വാധീനിക്കുന്നു: ഇൻഫ്ലുവൻസർമാരുടെ 'വാട്ട് ഐ ഈറ്റ് ഇൻ എ ഡേ' വ്ലോഗുകളും വൈറൽ ഡയറ്റ് ചലഞ്ചുകളും നമ്മുടെ ഭക്ഷണ തിരഞ്ഞെടുപ്പുകളെ മാറ്റുന്നു. ഫാസ്റ്റ് ഫുഡ് പരസ്യങ്ങളും വലിയ അളവിലുള്ള ഭക്ഷണങ്ങളുടെ വിഡിയോകളും കാണുന്നത് വിശപ്പ് വർധിപ്പിക്കാനും അനാരോഗ്യകരമായ ഭക്ഷണങ്ങൾ തിരഞ്ഞെടുക്കാനും പ്രേരിപ്പിക്കുന്നു.
വ്യായാമമില്ലാത്ത ജീവിതരീതി: മണിക്കൂറുകളോളം സോഷ്യൽ മീഡിയ ഉപയോഗിക്കുന്നത് ശാരീരിക അധ്വാനം കുറക്കാൻ കാരണമാകുന്നു. ഇത് ശരീരഭാരം വർധിപ്പിക്കുകയും അമിതവണ്ണത്തിനുള്ള സാധ്യത കൂട്ടുകയും ചെയ്യുന്നു.
അശാസ്ത്രീയമായ ഡയറ്റ് ട്രെൻഡുകൾ: കീറ്റോ ഡയറ്റ്, ഡിറ്റോക്സ് ക്ലെൻസിങ് തുടങ്ങിയവ ശാസ്ത്രീയമായ അറിവില്ലാതെ പിന്തുടരുന്നത് പോഷകാഹാരക്കുറവിനും ദഹനപ്രശ്നങ്ങൾക്കും കാരണമാകും.
പെട്ടെന്ന് തടി കുറക്കാൻ സഹായിക്കുന്ന 'ക്രാഷ് ഡയറ്റുകൾ' (Crash Diets) ദീർഘകാലാടിസ്ഥാനത്തിൽ ഗുണത്തേക്കാളേറെ ദോഷമാണ് ചെയ്യുന്നത്.‘ഇത്തരം ഡയറ്റുകൾ ചെയ്യുമ്പോൾ കുറയുന്നത് ശരീരത്തിലെ കൊഴുപ്പല്ല, മറിച്ച് പേശികളും ജലാംശവുമാണ്. ഭക്ഷണം പെട്ടെന്ന് കുറക്കുമ്പോൾ നമ്മുടെ മെറ്റബോളിസം മന്ദഗതിയിലാകുന്നു. പിന്നീട് സാധാരണ നിലയിൽ ഭക്ഷണം കഴിച്ചു തുടങ്ങുമ്പോൾ ശരീരം വേഗത്തിൽ കൊഴുപ്പ് സംഭരിക്കുകയും തടി കൂടുകയും ചെയ്യുന്നുവെന്ന് എൻഡോക്രൈനോളജിസ്റ്റ് ഡോ. ദാനേന്ദ്ര സാഹു പറയുന്നു. ശരീരത്തിലെ വിശപ്പിനെ നിയന്ത്രിക്കുന്ന ഹോർമോണുകളുടെ സന്തുലിതാവസ്ഥ തെറ്റിക്കാനും ഇത്തരം കർശനമായ ഡയറ്റുകൾ കാരണമാകുന്നു.
സോഷ്യൽ മീഡിയയിൽ കാണുന്ന അമിതമായ മെലിഞ്ഞ രൂപങ്ങളാണ് സൗന്ദര്യത്തിന്റെ ലക്ഷണമെന്ന് പലരും തെറ്റിദ്ധരിക്കുന്നു. ഇത് അനാവശ്യമായ മാനസിക സമ്മർദത്തിനും ഭക്ഷണത്തോടുള്ള ഭയത്തിനും വഴിതെളിക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ശരിയായ വിവരങ്ങളും ലഭ്യമാണെങ്കിലും, പലപ്പോഴും തെറ്റിദ്ധരിപ്പിക്കുന്നതും ആകർഷകവുമായ വിഡിയോകളാണ് ആളുകൾക്കിടയിൽ കൂടുതൽ പ്രചരിക്കുന്നത് എന്നതാണ് പ്രധാന വെല്ലുവിളി. സീറോ സൈസ് മോഹിച്ചുള്ള പട്ടിണി കിടക്കലും, അല്പം ഭക്ഷണം കഴിച്ചാൽപ്പോലും ഉണ്ടാകുന്ന കുറ്റബോധവും ഗുരുതരമായ ആരോഗ്യപ്രശ്നങ്ങളുണ്ടാക്കുന്നു. ഇത് അനോറെക്സിയ, ബുലീമിയ തുടങ്ങിയ രോഗാവസ്ഥകളിലേക്ക് നയിച്ചേക്കാം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.