ജാപ്പനീസുകാരേക്കാൾ 13 വർഷം കുറവാണ് ഇന്ത്യക്കാരുടെ ആയുസ്സ് എന്ന് പഠനങ്ങൾ തെളിയിക്കുന്നു. ജനിതക കാരണങ്ങളേക്കാൾ ജീവിതശൈലി ശീലങ്ങൾ മൂലമാണ് ഇത് സംഭവിക്കുന്നത്. ഉദാസീനമായ ജീവിതം, കാർബോഹൈഡ്രേറ്റ് അടങ്ങിയ ഭക്ഷണക്രമം, വൈകിയുള്ള കനത്തിൽ കഴിക്കുന്ന രാത്രി ഭക്ഷണം, ഉറക്കകുറവ് എന്നിവയാണ് ഇന്ത്യൻ ആയുസ്സ് കുറക്കുന്ന പ്രധാന ഘടകങ്ങൾ.
വ്യായാമം ചെയ്യുക, സമീകൃതാഹാരം, ഉറക്കത്തിന് മുൻഗണന നൽകൽ തുടങ്ങിയ ജാപ്പനീസ് ശൈലിയിലുള്ള ശീലങ്ങൾ സ്വീകരിക്കുന്നത് ഇന്ത്യക്കാരുടെ ആയുർദൈർഘ്യം ഗണ്യമായി മെച്ചപ്പെടുത്തുമെന്ന് പഠനങ്ങൾ പറയുന്നു. ആഗോള ആയുർദൈർഘ്യത്തിൽ ജാപ്പനീസ് ജനതയാണ് മുന്നിൽ. ജപ്പാനിൽ ഒരാൾ ശരാശരി 85 വർഷം ജീവിക്കുന്നു. അതേസമയം ഇന്ത്യയിൽ ആയുർദൈർഘ്യം 72 വർഷത്തിനടുത്താണ്. എന്ത് കഴിക്കുന്നു, എങ്ങനെ നീങ്ങുന്നു, എത്ര ഉറങ്ങുന്നു, എടുക്കുന്ന ചെറിയ ദൈനംദിന പ്രവൃത്തികൾ ഇതൊക്കെ ആയുസ്സിന്‍റെ മാനദണ്ഡങ്ങളാണ്.
ടോക്കിയോയിൽ ട്രെയിൻ സ്റ്റേഷനിലേക്ക് നടക്കുകയോ സൈക്കിൾ ചവിട്ടുകയോ ചെയ്യുന്നത് സാധാരണമാണ്. ദിവസവും 7,000–10,000 ചുവടുകൾ കയറുന്നത് ജാപ്പനീസ് ശീലത്തിന്‍റെ ഭാഗമാണ്. എന്നാൽ ഡൽഹിയിലോ മുംബൈയിലോ കാറോ, കാബിനോ, ബൈക്കോ ആണ് ഭാരം വഹിക്കുന്നത്. ഒരു ശരാശരി ഇന്ത്യക്കാരൻ കഷ്ടിച്ച് 3,000 ചുവടുകൾ പോലും വെക്കാൻ കഴിയുന്നില്ല. ശാരീരിക പ്രവർത്തനങ്ങളുടെ കുറവ് അമിതവണ്ണം, ഹൃദയസംബന്ധമായ രോഗങ്ങൾ, പ്രമേഹം എന്നിവക്കുള്ള സാധ്യത വർധിപ്പിക്കുന്നു.അധികവും ശരീരം അനങ്ങാതെയുള്ള ജോലി ചെയ്യാനാണ് ഇന്ത്യക്കാർ ഇഷ്ടപ്പെടുന്നതെന്ന് പഠനങ്ങൾ പറയുന്നു.
ഒരു ശരാശരി ഇന്ത്യൻ ഭക്ഷണക്രമം കാർബോഹൈഡ്രേറ്റ് (അരി, റൊട്ടി) കൂടുതലും പ്രോട്ടീൻ കുറഞ്ഞതുമാണ്. ഇത് അമിതവണ്ണം, പേശികളുടെ നഷ്ടം, പ്രമേഹം എന്നിവക്ക് കാരണമാകുന്നു. എണ്ണ, ഉപ്പ്, പഞ്ചസാര എന്നിവയുടെ അമിത ഉപയോഗവും ഇന്ത്യക്കാർക്കിടയിൽ കൂടുതലാണ്. എണ്ണയിൽ വറുത്ത പലഹാരങ്ങൾ, എണ്ണമയമുള്ള കറികൾ, റെസ്റ്റോറന്റ് വിഭവങ്ങൾ എന്നിവയിലെ ഉയർന്ന അളവിലുള്ള എണ്ണ, ഉപ്പ്, പഞ്ചസാര എന്നിവ രക്താതിമർദ്ദം, ഉയർന്ന കൊളസ്ട്രോൾ തുടങ്ങിയ ജീവിതശൈലി രോഗങ്ങൾക്ക് കാരണമാകുന്നു.
ജാപ്പനീസ് ഭക്ഷണരീതിയിൽ മത്സ്യം, പച്ചക്കറികൾ, ഫെർമെന്‍റഡ് ഭക്ഷണങ്ങൾ, കുറഞ്ഞ അളവിലുള്ള പ്രോസസ് ചെയ്ത ഭക്ഷണങ്ങൾ എന്നിവ ഉൾപ്പെടുന്നു. രാത്രി 10 അല്ലെങ്കിൽ 11 മണിക്ക് കനത്ത ഭക്ഷണം (ബിരിയാണി, ബട്ടർ ചിക്കൻ പോലുള്ളവ) കഴിക്കുന്നത് ഇന്ത്യയിൽ സാധാരണമാണ്. ഇത് ദഹനക്കേട്, ശരീരഭാരം വർധിക്കൽ, ഉറക്കമില്ലായ്മ എന്നിവക്ക് കാരണമാകുന്നു. ജപ്പാനിലെ ഉച്ചഭക്ഷണം പലപ്പോഴും അരി, പച്ചക്കറികൾ, ടോഫു, മത്സ്യം എന്നിവ അടങ്ങിയ ഒരു ബെന്റോ ബോക്സ് പോലെയാണ്. ജാപ്പനീസ് കുടുംബങ്ങൾ സാധാരണയായി രാത്രി 8 മണിക്ക് മുമ്പ് ലഘുവായ അത്താഴം കഴിക്കാൻ ശ്രദ്ധിക്കുന്നു.
ശരാശരി ഒരു ജാപ്പനീസ് പൗരൻ ഏകദേശം 6.8-7 മണിക്കൂർ ഉറങ്ങുമ്പോൾ ഇന്ത്യക്കാർ 5.5-6 മണിക്കൂർ മാത്രമാണ് ഉറങ്ങുന്നത്. തുടർച്ചയായ ഉറക്കക്കുറവ് പ്രമേഹം, ഹൃദ്രോഗം, അമിതവണ്ണം, അകാല മരണം എന്നിവയുടെ സാധ്യത വർധിപ്പിക്കുന്നു. ജോലി, സോഷ്യലൈസിങ്, മൊബൈൽ ഉപയോഗം എന്നിവ കൂടുമ്പോൾ പലപ്പോഴും ഉറക്കത്തിന്‍റെ താളം നഷ്ടപ്പെടുന്നു. ഇത് ക്രമേണ ഉറക്കമില്ലായ്മയിലേക്ക് നയിക്കും.
ഇന്ത്യയിൽ പലരും പ്രതിദിനം 10-12 മണിക്കൂർ ജോലി ചെയ്യുന്നു. യാത്ര ചെയ്യാനെടുക്കുന്ന സമയവും കൂട്ടുമ്പോൾ, ഒരു വ്യക്തിയുടെ ദിവസം മുഴുവനും ഇരുന്നുകൊണ്ടുള്ള ജോലിയും സമ്മർദ്ദവും നിറഞ്ഞതായിരിക്കും. സമ്മർദ്ദവും ജോലിയും ജീവിതവും തമ്മിലുള്ള അസന്തുലിതാവസ്ഥയും മൊത്തത്തിലുള്ള ആരോഗ്യത്തെ മോശമായി ബാധിക്കുന്നു. ജപ്പാനിൽ ഓവർടൈം ഉണ്ടെങ്കിലും ധ്യാനം, പ്രകൃതിയുമായി അടുത്തിടപഴകൽ ഫോറസ്റ്റ് ബാത്തിങ് (Shinrin-yoku), തുടങ്ങിയവയിലൂടെ മാനസിക പിരിമുറുക്കം കുറക്കാൻ കഴിയുന്നു. ഇത് ഹൃദയാരോഗ്യത്തിനും മൊത്തത്തിലുള്ള ആരോഗ്യത്തിനും നല്ലതാണ്. ജാപ്പനീസ് സമൂഹത്തിൽ ശക്തമായ സാമൂഹിക ബന്ധങ്ങൾ നിലനിൽക്കുന്നു. 'മോവായി' (Moai) പോലുള്ള സാമൂഹിക കൂട്ടായ്മകൾ ആളുകൾക്ക് പരസ്പരം പിന്തുണ നൽകാനും ഒറ്റപ്പെടൽ ഒഴിവാക്കാനും സഹായിക്കുന്നു.
ഇന്ത്യയിലെ പല നഗരങ്ങളിലെയും ഉയർന്ന വായു മലിനീകരണം ആയുർദൈർഘ്യം കുറക്കുന്നതിൽ വലിയ പങ്ക് വഹിക്കുന്നുണ്ട്. പുകയിലയുടെയും മദ്യത്തിന്റെയും അമിതമായ ഉപയോഗം ആയുർദൈർഘ്യത്തെ സാരമായി ബാധിക്കും. ശിശുമരണ നിരക്കും മറ്റ് മരണനിരക്കുകളും ജപ്പാനെ അപേക്ഷിച്ച് ഇന്ത്യയിൽ കൂടുതലാണ്. വ്യായാമം, സമീകൃതാഹാരം, മതിയായ ഉറക്കം, സമ്മർദ്ദം നിയന്ത്രിക്കൽ എന്നിവയിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിലൂടെ ഇന്ത്യക്കാർക്ക് ഈ ആയുർദൈർഘ്യത്തിലെ വിടവ് കുറക്കാൻ സാധിക്കുമെന്ന് പഠനങ്ങൾ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.