ഉണർന്ന ഉടനെയാണോ അതോ പ്രഭാതഭക്ഷണം കഴിച്ചതിന് 1-2 മണിക്കൂർ കഴിഞ്ഞാണോ രക്തത്തിലെ പഞ്ചസാര പരിശോധിക്കേണ്ടത്? രാത്രി ഭക്ഷണം കഴിഞ്ഞ് കുറഞ്ഞത് 8 മുതൽ 10 മണിക്കൂർ വരെ ഭക്ഷണം ഒന്നും കഴിക്കുകയോ മധുരമുള്ള പാനീയങ്ങൾ കുടിക്കുകയോ ചെയ്യാതെ ഷുഗർ ടെസ്റ്റ് ചെയ്യുന്നത് പ്രമേഹം നിർണയിക്കാനും, കഴിക്കുന്ന മരുന്നുകൾ രക്തത്തിലെ ഗ്ലൂക്കോസിന്‍റെ അളവ് രാത്രിയിൽ എത്രത്തോളം നിയന്ത്രിക്കുന്നു എന്ന് മനസിലാക്കാനും സഹായിക്കുന്നു. കഴിച്ച ഭക്ഷണം രക്തത്തിലെ ഗ്ലൂക്കോസിന്‍റെ അളവിൽ എത്രത്തോളം വർധനവുണ്ടാക്കുന്നു എന്ന് മനസിലാക്കാൻ പ്രഭാതഭക്ഷണം കഴിഞ്ഞ് ഷുഗർ ടെസ്റ്റ് ചെയ്യുന്നതാണ് നല്ലതെന്ന് താനെയിലെ കിംസ് ഹോസ്പിറ്റലിലെ ഡയബറ്റോളജി വിഭാഗം മേധാവി ഡോ. വിജയ് നെഗളൂർ പറയുന്നു.
പ്രഭാതഭക്ഷണത്തിന് മുമ്പ് കർശനമായി പരിശോധന നടത്തേണ്ടത് അത്യാവശ്യമാണെന്ന് ഡോ. നെഗളൂർ ഊന്നിപ്പറഞ്ഞു. പരിശോധനയ്ക്ക് മുമ്പ് കൃത്യം 8 മുതൽ 10 മണിക്കൂർ വരെ ഒന്നും കഴിക്കുകയോ കുടിക്കുകയോ ചെയ്യരുത്. രാത്രി ഭക്ഷണം കഴിച്ചതിനുശേഷം അടുത്ത ദിവസം രാവിലെ പരിശോധന നടത്തുകയാണ് പതിവ്. ഈ സമയത്ത് വെള്ളം മാത്രം കുടിക്കാവുന്നതാണ്. ചായ, കാപ്പി, ജ്യൂസുകൾ, മറ്റ് മധുരമുള്ള പാനീയങ്ങൾ എന്നിവ പൂർണമായി ഒഴിവാക്കണം.
പ്രഭാതഭക്ഷണം കഴിഞ്ഞിട്ടാണെങ്കിൽ പരിശോധനയുടെ കൃത്യം രണ്ട് മണിക്കൂർ മുമ്പ് സാധാരണ കഴിക്കുന്ന അളവിൽ ഭക്ഷണം കഴിക്കുക. അമിതമായി കഴിക്കുകയോ തീരെ കുറക്കുകയോ ചെയ്യരുത്. ഭക്ഷണം കഴിക്കാൻ തുടങ്ങുന്ന സമയം കുറിച്ചുവെക്കുക. കൃത്യം രണ്ട് മണിക്കൂർ കഴിയുമ്പോൾ തന്നെ പരിശോധന നടത്തുക. ഈ രണ്ട് മണിക്കൂർ ഇടവേളയിൽ വെള്ളം കുടിക്കാം. എന്നാൽ മറ്റ് ഭക്ഷണങ്ങളോ ലഘുഭക്ഷണങ്ങളോ പാനീയങ്ങളോ കഴിക്കാൻ പാടില്ല.
രക്തത്തിലെ ഗ്ലൂക്കോസ് പരിശോധന ചെയ്യുന്നത് പ്രധാനമായും രക്തത്തിലെ പഞ്ചസാരയുടെ അളവ് കണ്ടെത്താനും അത് സാധാരണ പരിധിക്കുള്ളിലാണോ അതോ കൂടുതലാണോ കുറവാണോ എന്ന് മനസിലാക്കാനുമാണ്. ഒരിക്കൽ പ്രമേഹം സ്ഥിരീകരിച്ചാൽ, ചികിത്സയുടെ ഭാഗമായി ഷുഗർ നില പതിവായി പരിശോധിക്കേണ്ടതുണ്ട്. ചിലപ്പോൾ മരുന്നുകളുടെ അളവ് കൂടിയാൽ രക്തത്തിലെ ഷുഗർ അപകടകരമാംവിധം കുറയാൻ (70 mg/dL-ൽ താഴെ) സാധ്യതയുണ്ട്. അതുകൊണ്ട് തന്നെ കൃത്യമായി ഷുഗർ പരിശോധിക്കേണ്ടത് അത്യാവശ്യമാണ്.
എല്ലാ ദിവസവും ഏകദേശം ഒരേ സമയം ഷുഗർ പരിശോധന നടത്തുന്നത് വളരെ നല്ലതും കൃത്യമായ ഫലം ലഭിക്കാൻ അത്യാവശ്യമാണ്. ഒരു ദിവസം രാവിലെ ഏഴ് മണിക്കും അടുത്ത ദിവസം ഒൻപത് മണിക്കുമാണ് ഫാസ്റ്റിങ് ഷുഗർ പരിശോധിക്കുന്നതെങ്കിൽ രണ്ട് ദിവസത്തെ അളവുകൾ തമ്മിൽ വലിയ വ്യത്യാസം ഉണ്ടാകാം. ഭക്ഷണം കഴിഞ്ഞുള്ള പരിശോധന കൃത്യമായി രണ്ട് മണിക്കൂർ കഴിയുമ്പോൾ തന്നെയായിരിക്കണം. ഈ സമയം തെറ്റിയാൽ അളവിൽ വലിയ വ്യത്യാസം വരും. ഇത് തെറ്റായ ചികിത്സാ തീരുമാനങ്ങളിലേക്ക് നയിച്ചേക്കാം. നിങ്ങളുടെ ഡോക്ടർക്ക് ഷുഗർ ചാർട്ട് നൽകുമ്പോൾ എല്ലാ ദിവസവും ഒരേ സമയത്ത് എടുത്ത റീഡിങ്ങുകളാണെങ്കിൽ ഡോക്ടർക്ക് നിങ്ങളുടെ ചികിത്സയുടെ പുരോഗതി എളുപ്പത്തിൽ വിലയിരുത്താനും ആവശ്യമെങ്കിൽ മരുന്നുകളുടെ ഡോസ് ക്രമീകരിക്കാനും കഴിയും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.