ദുബൈ: പ്ലാസ്റ്റികിനെ പടിക്കുപുറത്താക്കാനുള്ള ഒരുക്കത്തിലാണ് യു.എ.ഇ. ദുബൈയിലെ സർക്കാർ ഓഫിസുകൾ പൂർണമായും കടലാസ് രഹിതമാക്കിയതിന് പിന്നാലെ ദുബൈയിലും അബൂദബിയിലും പ്ലാസ്റ്റിക് സഞ്ചികളെ വിലക്കാനൊരുങ്ങുകയാണ്. അബൂദബിയിൽ ജൂണിലും ദുബൈയിൽ ജൂലൈയിലും നിലവിൽ വരും. ഇതോടെ മറ്റ് എമിറേറ്റുകളും ഈ നയം ഏറ്റെടുത്തു നടപ്പാക്കുമെന്നാണ് കരുതുന്നത്.
പ്രകൃതി സംരക്ഷണത്തിന് ഏറെ പ്രാധാന്യം നൽകുന്ന യു.എ.ഇ പ്ലാസ്റ്റിക്കിനെതിരായ പ്രവർത്തനം തുടങ്ങിയിട്ട് നാളുകളായി. പ്ലാസ്റ്റിക് ഉപയോഗം കുറക്കൽ, പുനരുപയോഗം പോലുള്ള നിരവധി പ്രവർത്തനങ്ങളാണ് നടത്തി വരുന്നത്. നഗരത്തിൽ പ്ലാസ്റ്റിക് കുപ്പികളുടെ ഉപയോഗം കൂടിയതോടെ കുടിവെള്ളം കുപ്പികളിൽ വിതരണം ചെയ്യുന്ന 'ദുബൈ കാൻ' പദ്ധതിക്ക് ദുബൈ തുടക്കമിട്ടിരുന്നു. കുപ്പികളിൽ വെള്ളം എടുക്കുന്നതിന് വാട്ടർ സ്റ്റേഷൻ സ്ഥാപിക്കുന്ന പദ്ധതിയാണിത്. ഇതിന്റെ ഭാഗമായി നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ വാട്ടർ സ്റ്റേഷനുകൾ സ്ഥാപിച്ചിട്ടുണ്ട്. ഇതിന് മികച്ച പ്രതികരണവുമാണ് ജനങ്ങളിൽ നിന്ന് ലഭിക്കുന്നത്. 'ബീഅ' എന്ന ഏജൻസി വഴി ഷാർജയിലും പ്ലാസ്റ്റിക് ഉപയോഗം കുറക്കാനുള്ള പദ്ധതികളുണ്ട്. പ്ലാസ്റ്റിക് കുപ്പികൾ നൽകിയാൽ പണമോ സമ്മാനമോ ലഭിക്കുന്ന പദ്ധതികൾ പോലും അവർ അവതരിപ്പിക്കുന്നു.
ദുബൈയിൽ ജൂലൈ ഒന്ന് മുതലാണ് ചില പ്ലാസ്റ്റിക് സഞ്ചികൾ വിലക്കുന്നത്. പുനരുപയോഗം സാധ്യമല്ലാത്ത സഞ്ചികൾ ഉപയോഗിക്കുന്ന സ്ഥാപനങ്ങളിൽ നിന്ന് പണം ഈടാക്കാനാണ് തീരുമാനം. രണ്ടുവർഷത്തിനകം ഇത്തരം സഞ്ചികൾ സമ്പൂർണമായി നിരോധിക്കും. പുനരുപയോഗം സാധ്യമല്ലാത്ത പ്ലാസ്റ്റിക് സഞ്ചികളിൽ സാധനങ്ങൾ നൽകുന്ന സ്ഥാപനങ്ങളിൽ നിന്ന് സഞ്ചി ഒന്നിന് 25 ഫിൽസ് വീതമാണ് തുക ഈടാക്കുക. ഫാർമസികൾ, ടെക്സ്റ്റൈൽസുകൾ തുടങ്ങി ഓൺലൈനിൽ സാധനങ്ങൾ എത്തിക്കുന്ന സ്ഥാപനങ്ങൾക്ക് വരെ ഇത് ബാധകമായിരിക്കും. വിശദമായ സർവേകളുടെ അടിസ്ഥാനത്തിലാണ് നടപടി. പ്ലാസ്റ്റിക് കിറ്റ് നിരോധത്തെ മുഴുവൻ വ്യാപാര സ്ഥാപനങ്ങളും 85 ശതമാനം രാജ്യനിവാസികളും സർവേയിൽ പിന്തുണക്കുന്നുണ്ട്.
നൂറുകണക്കിന് ഒട്ടകങ്ങളും ആമകളുമടക്കം നിരവധി ജീവികളാണ് ദുബൈയിൽ പ്ലാസ്റ്റിക് സഞ്ചികൾ ഭക്ഷിച്ച് ചത്തൊടുങ്ങുന്നത്. കുപ്പികളുടെ അടപ്പുകൾ സമുദ്രത്തിൽ എത്തിപ്പെടുന്നതോടെ സമുദ്രജീവജാലങ്ങൾ ചത്തടിയുന്നതായും പഠനങ്ങളുണ്ടായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.