ആഗോള സർക്കാർ ഉച്ചകോടിയുടെ ആദ്യദിനം ശൈഖ് മുഹമ്മദ് ബിൻ സായിദ് ആൽ നെഹ്യാൻ, ശൈഖ് മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂം, ശൈഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂം, ഈജിപ്ഷ്യൻ പ്രസിഡന്റ് അബ്ദുൽ ഫത്താഹ് അൽ സീസി എന്നിവർ സദസ്സിൽ
ദുബൈ: ലോകത്തിന്റെ വിവിധ ഭാഗങ്ങളിലെ സർക്കാറുകൾ സംഗമിക്കുന്ന ആഗോളസർക്കാർ ഉച്ചകോടിക്ക് ദുബൈയിൽ പ്രൗഢോജ്ജ്വല തുടക്കം.
ലോകനേതാക്കൾ ഒഴുകിയെത്തിയ ആദ്യദിനംതന്നെ ചർച്ചകളാൽ സമ്പന്നമായി. യു.എ.ഇ പ്രസിഡൻറ് ശൈഖ് മുഹമ്മദ് ബിൻ സായിദ് ആൽ നെഹ്യാൻ, യു.എ.ഇ വൈസ് പ്രസിഡൻറും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂം, ദുബൈ കിരീടാവകാശിയും എക്സിക്യൂട്ടിവ് കൗൺസിൽ ചെയർമാനുമായ ശൈഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂം, റാസൽ ഖൈമ ഭരണാധികാരി ശൈഖ് സാദ് ബിൻ സഖ്ർ അൽ ഖാസിമി എന്നിവർ എത്തിയ വേദിയിൽ ഈജിപ്ഷ്യൻ പ്രസിഡന്റ് അബ്ദുൽ ഫത്താഹ് അൽ സീസിയായിരുന്നു പ്രധാന പ്രഭാഷകൻ. കുവൈത്ത് പ്രധാനമന്ത്രി ശൈഖ് അഹ്മദ് നവാഫ് അൽ അഹ്മദ് അസ്സബാഹ്, യമൻ പ്രധാനമന്ത്രി മഈൻ അബ്ദുൽ മാലിക്, ഇറാഖിലെ കുർദിസ്താൻ മേഖല പ്രസിഡന്റ് മസ്റൂർ ബർസാനി, സീഷൽസ് പ്രസിഡന്റ് വേവൽ റാംകലാവൻ, പരാഗ്വേ പ്രസിഡന്റ് മരിയോ അബ്ദോ ബെനറ്റിസ്, ഐ.എം.എഫ് മാനേജിങ് ഡയറക്ടർ ക്രിസ്റ്റലിന ജോർജീവ, ലോക സാമ്പത്തികഫോറം സ്ഥാപകൻ ക്ലോസ് ഷ്വാബ് എന്നിവർ ശ്രദ്ധേയ സാന്നിധ്യമായി.
വിവിധ രാജ്യങ്ങളിലെ സർക്കാറുകളുമായി കൈകോർക്കാൻ യു.എ.ഇക്ക് താൽപര്യമുണ്ടെന്ന് പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിൻ സായിദ് വ്യക്തമാക്കി. ഭാവി വെല്ലുവിളികൾക്ക് പരിഹാരം കാണാൻ ഉച്ചകോടി സഹായിക്കും. ലോകമെമ്പാടുമുള്ള സർക്കാർ പ്രവർത്തനങ്ങളെ മുൻ ഉച്ചകോടികൾ സ്വാധീനിച്ചിട്ടുണ്ട്. അതിവേഗം മാറിക്കൊണ്ടിരിക്കുന്ന ലോകം അനുദിനം പുതിയ വെല്ലുവിളികളെ അഭിമുഖീകരിക്കുകയാണ്. ലോക ഗവൺമെന്റുകൾ തമ്മിലെ സഹകരണം മനുഷ്യരാശിക്ക് നല്ല നാളെയെക്കുറിച്ചുള്ള പ്രതീക്ഷ പകരുന്നുവെന്നും ശൈഖ് മുഹമ്മദ് പറഞ്ഞു.
‘ഭാവി സർക്കാറിനെ രൂപപ്പെടുത്തുക’ എന്ന പ്രമേയത്തിൽ നടക്കുന്ന ഉച്ചകോടി ബുധനാഴ്ച സമാപിക്കും. 20 രാജ്യങ്ങളിലെ പ്രസിഡന്റുമാരും 250 മന്ത്രിമാരും 10,000 സർക്കാർ ഉന്നതോദ്യോഗസ്ഥരും സെലിബ്രിറ്റികളും പങ്കെടുക്കുന്നുണ്ട്. 200 സെഷനുകളിലായി 300 പ്രഭാഷകർ സംസാരിക്കും. 80 പ്രാദേശിക, അന്താരാഷ്ട്ര സർക്കാർ സംഘടനകളും പങ്കെടുക്കുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.