Representational Image
ദുബൈ: രാജ്യത്തെ സ്വദേശിവത്കരണ നിയമം ലംഘിച്ചതിന് അഞ്ഞൂറിലധികം കമ്പനികൾക്ക് പിഴ ചുമത്തി. കഴിഞ്ഞ വർഷം ജൂൺ മുതലാണ് മൊത്തം 565 കമ്പനികൾക്കെതിരെ പിഴ ചുമത്തിയതെന്ന് അധികൃതർ വ്യക്തമാക്കി. ജൂലൈ ഏഴു മുതൽ കുറഞ്ഞത് 50 ജീവനക്കാരുള്ള സ്വകാര്യ മേഖല കമ്പനികൾ ആകെ ജീവനക്കാരുടെ മൂന്നു ശതമാനം ഇമാറാത്തികളെ നിയമിക്കണമെന്ന് നിർദേശിച്ചിരുന്നു. ഇത് പാലിക്കാത്ത 129 കമ്പനികൾക്ക് അടക്കമാണ് പിഴ ചുമത്തിയിരിക്കുന്നത്.
നിലവിൽ 81,000ത്തിലധികം ഇമാറാത്തികൾ സ്വകാര്യ മേഖലയിൽ ജോലി ചെയ്യുന്നുണ്ടെന്ന് ബുധനാഴ്ച പുറത്തുവിട്ട ഏറ്റവും പുതിയ കണക്കുകൾ കാണിക്കുന്നു. 17,000 കമ്പനികളിലാണ് ഇത്രയും സ്വദേശികൾ ജോലി ചെയ്യുന്നത്. 20,000 ദിർഹം മുതൽ ഒരു ലക്ഷം ദിർഹം വരെ പിഴ ചുമത്തിയതായി മാനവ വിഭവശേഷി, എമിറേറ്റൈസേഷൻ മന്ത്രാലയം അറിയിച്ചു. യു.എ.ഇ പൗരന്മാരെ നിയമിക്കുന്നതിനുള്ള ഇമാറാത്തി ടാലന്റ് കോമ്പറ്റിറ്റിവ്നസ് കൗൺസിൽ പ്രോഗ്രാമിൽനിന്ന് ഈ കമ്പനികൾക്ക് ഇനി സാമ്പത്തിക ആനുകൂല്യങ്ങൾ ലഭിക്കില്ലെന്നും അധികൃതർ വ്യക്തമാക്കി.20 മുതൽ 49 വരെ ജീവനക്കാരുള്ള യു.എ.ഇയിലെ സ്വകാര്യ സ്ഥാപനങ്ങൾ അടുത്തവർഷം ഒരു സ്വദേശിയെ നിർബന്ധമായും നിയമിക്കണമെന്ന് നിർദേശിച്ചിട്ടുണ്ട്.
ഇത് പാലിച്ചില്ലെങ്കിൽ 2025 ജനുവരിയിൽ 96,000 ദിർഹം സ്ഥാപനത്തിൽനിന്ന് ഈടാക്കും. 2025ൽ നിലവിലെ സ്വദേശി ജീവനക്കാരന് പുറമെ മറ്റൊരു സ്വദേശിയെ കൂടി നിയമിക്കണം. ഇതിൽ വീഴ്ചയുണ്ടായാൽ 2026 ജനുവരിയിൽ 1,08,000 ദിർഹം പിഴ നൽകേണ്ടിവരും. ധനകാര്യം, റിയൽ എസ്റ്റേറ്റ്, പ്രഫഷനൽ ടെക്നിക്കൽ മേഖല തുടങ്ങി 14 മേഖലയിലെ ചെറുകിട സ്വകാര്യ സ്ഥാപനങ്ങൾക്കാണ് പുതിയ സ്വദേശിവത്കരണ നിർദേശം ബാധകമാക്കിയിരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.