ദുബൈ: ദുബൈ വിമാനത്താവളം സേവന ഗുണമേന്മയിലെ മികവിന്റെ വിദ്യാലയമാണെന്ന യു.എ.ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂമിന്റെ പ്രസ്താവന വലിയ അഭിമാനമാണെന്ന് ജി.ഡി.ആർ.എഫ്.എ ദുബൈ ഡയറക്ടർ ജനറൽ ലെഫ്റ്റനന്റ് ജനറൽ മുഹമ്മദ് അഹമ്മദ് അൽ മർറി വ്യക്തമാക്കി.
ഡയറക്ടറേറ്റിന്റെ സമൂഹ മാധ്യമ പ്ലാറ്റ്ഫോമിൽ പങ്കുവെച്ച പോസ്റ്ററിലൂടെയാണ് അദ്ദേഹത്തിന്റെ പ്രതികരണം. ശൈഖ് മുഹമ്മദിന്റെ വിലയിരുത്തൽ ദുബൈ വിമാനത്താവളത്തിന്റെ സേവന നിലവാരം അന്താരാഷ്ട്ര തലത്തിൽ ഉയർന്ന മാതൃകയാണെന്നതിന്റെ തെളിവാണെന്നും അതിനെ നിലനിർത്താനും കൂടുതൽ ഉയർത്താനും ബന്ധപ്പെട്ട വകുപ്പുകൾക്ക് വലിയ ഉത്തരവാദിത്തമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ദുബൈ എന്ന ആഗോള നഗരത്തിന്റെ മുഖച്ഛായയായി പ്രവർത്തിക്കുന്ന വിമാനത്താവളം സേവന മികവിൽ പുതിയ റെക്കോഡുകൾ സൃഷ്ടിച്ചുകൊണ്ടിരിക്കുകയാണ്. ശൈഖ് മുഹമ്മദിന്റെ കാഴ്ചപ്പാടിൽനിന്ന് പ്രചോദനം ഉൾക്കൊണ്ട് ദുബൈ ഏറ്റവും മികച്ച പ്രവേശനകവാടമായി തുടരാൻ പ്രതിജ്ഞാബദ്ധമാണെന്നും, മികച്ച പ്രകടനവും നേട്ടങ്ങളും വഴി നേതൃത്വവും മികവും കൈവരിക്കാൻ നിരന്തര ശ്രമം തുടരുന്നതായും അദ്ദേഹം കൂട്ടിച്ചേർത്തു. ദുബൈ വിമാനത്താവളം ലോകോത്തര സേവന നിലവാരത്തോടെയും കാര്യക്ഷമതയോടെയും മുന്നേറുന്ന പശ്ചാത്തലത്തിൽ ശൈഖ് മുഹമ്മദിന്റെ ഈ വാക്കുകൾ പുതിയ ഉണർവും ആത്മവിശ്വാസവും നൽകുമെന്ന് ജനറൽ ഡയറക്ടറേറ്റ് വിശദീകരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.