സിവില്‍ ഡിഫന്‍സ് റാസല്‍ഖൈമ ഹുലൈല വ്യവസായ മേഖലയില്‍ നടത്തിയ മോക്ഡ്രില്‍
റാസല്‍ഖൈമ: അടിയന്തര സാഹചര്യങ്ങളിലെ പ്രതികരണ ശേഷി വര്‍ധിപ്പിക്കുന്നതിന് വിപുലമായ സുരക്ഷാ അഭ്യാസം സംഘടിപ്പിച്ച് റാക് സിവില്‍ ഡിഫന്‍സ് വകുപ്പ്. ഹുലൈല വ്യവസായിക മേഖലയില്‍ നടന്ന മോക് ഡ്രില്‍ വിവിധ വകുപ്പുകള്‍ തമ്മിലുള്ള ഏകോപനം ശക്തിപ്പെടുത്തി വേഗത്തിലും കൃത്യതയിലും സേവനം ലഭ്യമാക്കാന്‍ ലക്ഷ്യമിട്ടുള്ളതാണെന്ന് അധികൃതര്‍ വ്യക്തമാക്കി.
പ്രവര്‍ത്തനശേഷി വികസിപ്പിക്കുകയും പങ്കാളികളുമായി സഹകരണം ഉറപ്പാക്കിയുമുള്ള അഗ്നിശമന വിഭാഗത്തിന്റെ പ്രവര്‍ത്തനങ്ങള്‍ തുടരും. സുരക്ഷ മുന്‍ നിര്‍ത്തി വ്യാവസായിക സ്ഥാപനങ്ങളില്‍ മുന്‍കരുതല്‍ മാനദണ്ഡങ്ങള്‍ ഉറപ്പാക്കുക, ജീവനും സ്വത്തിനും സംരക്ഷണം നല്‍കുക, ബിസിനസ് പ്രവര്‍ത്തനങ്ങളുടെ തുടര്‍ച്ച ഉറപ്പുവരുത്തുക തുടങ്ങിയവ സുരക്ഷാ അഭ്യാസത്തിന്റെ ലക്ഷ്യങ്ങളാണ്. അംഗീകൃത മാനദണ്ഡങ്ങള്‍ പാലിച്ചാണ് വിപുല രീതിയിലുള്ള മോക്ഡ്രില്‍ നടത്തിയതെന്നും അധികൃതര്‍ വ്യക്തമാക്കി.
അതേസമയം, സ്ഥാപനങ്ങളിലും കെട്ടിടങ്ങളിലും അഗ്നിശമന ഉപകരണങ്ങള്‍ സ്ഥാപിക്കുന്നതിനും അവയുടെ പ്രവര്‍ത്തനം കുറ്റമറ്റതാക്കുന്നതിനും റാസല്‍ഖൈമ സിവില്‍ ഡിഫന്‍സ് പ്രത്യേക ഊന്നലാണ് നല്‍കുന്നത്. യു.എ.ഇ ഫയര്‍കോഡ് അനുസരിച്ച് തയാറാക്കിയ ഡ്രോയിങ് പ്രകാരമാണ് പുതിയ കെട്ടിട നിര്‍മാണങ്ങള്‍ക്ക് അധികൃതര്‍ അനുമതി നല്‍കുന്നത്.
ഇത് നിലവില്‍ പഴയ കെട്ടിടങ്ങള്‍ക്കും റാസല്‍ഖൈമയില്‍ ബാധകമാണ്. അഗ്നിശമന സംവിധാനങ്ങളില്ലാത്ത കെട്ടിടങ്ങളില്‍ സ്ഥാപനങ്ങള്‍ക്ക് നിശ്ചിത മാനദണ്ഡങ്ങള്‍ പ്രകാരമുള്ള സാങ്കേതിക സംവിധാനങ്ങള്‍ സജ്ജീകരിക്കേണ്ടതുണ്ട്. സിവില്‍ ഡിഫന്‍സ് അംഗീകൃത കരാര്‍-കണ്‍സല്‍ട്ടന്റ് സ്ഥാപനങ്ങള്‍ വഴി ഡ്രോയിങ് സമര്‍പ്പിച്ച് അനുമതി വാങ്ങലാണ് പ്രഥമ നടപടി.
അനുമതി ലഭിക്കുന്ന ഡ്രോയിങ് പ്രകാരം അഗ്നിശമന ഉപകരണങ്ങള്‍ സ്ഥാപിച്ച് സിവില്‍ ഡിഫന്‍സ് പരിശോധനക്ക് ശേഷമാണ് ബില്‍ഡിങ് കംപ്ലീഷന്‍ സര്‍ട്ടിഫിക്കറ്റ് ലഭിക്കുന്നത്. ഇത് ഓരോ വര്‍ഷവും പുതുക്കുകയും ചെയ്യേണ്ടതുണ്ട്. ഇതിന് വാര്‍ഷിക അറ്റകുറ്റപ്പണിക്ക് അംഗീകൃത സിവില്‍ ഡിഫന്‍സ് കമ്പനിയെ സ്ഥാപന-കെട്ടിട ഉടമകള്‍ നിശ്ചയിക്കണം. നിശ്ചിത കമ്പനിയും ഉടമയും സിവില്‍ ഡിഫന്‍സും തമ്മിലുള്ള ആന്വല്‍ മെയിന്റനന്‍സ് കോണ്‍ട്രാക്ട് അടിസ്ഥാനപ്പെടുത്തിയാണ് ബില്‍ഡിങ് കംപ്ലീഷന്‍ സര്‍ട്ടിഫിക്കറ്റ് പുതുക്കി
നല്‍കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.