അജ്മാൻ ഹാബിറ്റാറ്റ് സ്കൂൾ ഓഡിറ്റോറിയത്തിൽ സ്രോതസ്സ് സംഘടിപ്പിച്ച ‘കോലോ ഡി പറുദീസോ’ എന്ന സംഗീതക്കച്ചേരിയിൽനിന്ന്
അജ്മാൻ: പ്രമുഖ സംഗീതജ്ഞനും ഗാനരചയിതാവുമായ ഡോ. എം.പി. ജോർജ് കോർ എപ്പിസ്കോപ്പയുടെ നേതൃത്വത്തിൽ അജ്മാനിൽ നടത്തിയ ‘കോലോ ഡി പറുദീസോ’ എന്ന സംഗീതക്കച്ചേരി ശ്രദ്ധേയമായി. മരണമടഞ്ഞ അംഗങ്ങൾക്കും കുടുംബാംഗങ്ങൾക്കും ആദരാഞ്ജലി അർപ്പിക്കാനായി സ്രോതസ്സ് സിൽവർ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിച്ചതാണ് പരിപാടി. അജ്മാൻ ഹാബിറ്റാറ്റ് സ്കൂൾ ഓഡിറ്റോറിയത്തിലായിരുന്നു പരിപാടി.
ഇന്ത്യൻ ക്ലാസിക്കൽ സംഗീതത്തിലെ എട്ട് രാഗങ്ങളിലാണ് വാദ്യോപകരണങ്ങളുടെ സഹായത്താൽ ഗാനങ്ങൾ ആലപിച്ചത്. വെസ്റ്റേൺ ഡയടോണിക് സ്കെയിൽ കൂടാതെ മോഹനം, ഹംസധ്വനി, കല്യാണി, സിന്ധുഭൈരവി, ഹിന്തോളം, ചാരുകേശി, ദേശ്, ശങ്കാരഭരണം തുടങ്ങിയ രാഗങ്ങളിലാണ് സുറിയാനിയിലും മലയാളത്തിലുമുള്ള ക്രിസ്തീയ ഭക്തിഗാനങ്ങൾ ആലപിച്ചത്. ഇന്ത്യയിൽ നിരവധി വേദികളിൽ കർണാടക സംഗീതക്കച്ചേരി നടത്തിയിട്ടുള്ള ഡോ.എം.പി. ജോർജ് കോർ എപ്പിസ്കോപ്പ ആദ്യമായാണ് യു.എ.ഇയിൽ സംഗീതക്കച്ചേരി അവതരിപ്പിക്കുന്നത്. കർണാടക സംഗീതജ്ഞൻ കിടങ്ങറ അജിത് കുമാറിന്റെ നേതൃത്വത്തിലെ സംഘമാണ് പിന്നണി പാടിയത്.
പരിപാടികൾക്ക് തുടക്കം കുറിച്ചുകൊണ്ട് നടന്ന ‘കോലോ ഡി പറുദീസോ’ അനുസ്മരണ സമ്മേളനത്തിൽ സ്രോതസ്സ് പ്രസിഡന്റ് തോമസ് പി. മാത്യു അധ്യക്ഷതവഹിച്ചു. പരിപാടി ഡോ.എം.പി. ജോർജ് കോർ എപ്പിസ്കോപ്പ ഉദ്ഘാടനം ചെയ്തു. സ്രോതസ്സ് സെക്രട്ടറി ജയൻ തോമസ്, ജനറൽ കൺവീനർ ഡോ. ഫിലിപ്പോസ് പുതുക്കുളങ്ങര, സഭ മാനേജിങ് കമ്മിറ്റി ജോൺ മത്തായി, ട്രഷറർ റോജി സക്കറിയ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.