അബൂദബി: നിയമലംഘനം നടത്തുന്ന സൈക്കിള്‍, ഇ-സ്‌കൂട്ടര്‍ റൈഡര്‍മാര്‍ക്ക് 500 ദിര്‍ഹം പിഴ ചുമത്തുമെന്ന് അബൂദബി പൊലീസ് അറിയിച്ചു. സംയോജിത ഗതാഗതകേന്ദ്രവുമായി സഹകരിച്ച് അബൂദബി പൊലീസ് പുതിയ പിഴ ഏര്‍പ്പെടുത്തിത്തുടങ്ങി. 200 ദിര്‍ഹം മുതല്‍ 500 ദിര്‍ഹം വരെയാണ് ഇതുസംബന്ധിച്ച നിയമലംഘനങ്ങള്‍ക്ക് പിഴ ചുമത്തുകയെന്ന് അധികൃതര്‍ അറിയിച്ചു. സുരക്ഷ മാനദണ്ഡങ്ങള്‍ പാലിക്കാതെ സൈക്കിളുകളിലും ഇ-സ്‌കൂട്ടറുകളിലും കൂട്ടിച്ചേര്‍ക്കലുകള്‍ വരുത്തുക, നിര്‍ദിഷ്ട പാത ഉപയോഗിക്കാതിരിക്കുക, സുരക്ഷ ഉപകരണങ്ങള്‍ ധരിക്കാതിരിക്കുക, പിന്നില്‍ യാത്രികരെ വെക്കുക തുടങ്ങിയ കുറ്റങ്ങള്‍ക്കാണ് പിഴ ചുമത്തുന്നത്.
രണ്ടുമാസം നീണ്ട ബോധവത്കരണ കാമ്പയിനുശേഷം കഴിഞ്ഞമാസം നിയമലംഘകരില്‍ നിന്ന് പിഴ ചുമത്തുന്ന വിഡിയോ അബൂദബി പൊലീസ് പങ്കുവെച്ചിരുന്നു. ഇലക്ട്രിക് സ്‌കൂട്ടറുകളില്‍ ഒരാള്‍ മാത്രമേ സഞ്ചരിക്കാവൂ എന്നും ഇതില്‍ ഇരുന്നു യാത്ര ചെയ്യാന്‍ പാടില്ലെന്നും അധികൃതര്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു. ഇ-സ്‌കൂട്ടറുകളില്‍ സീറ്റ് ഘടിപ്പിക്കുന്നത് നിയമവിരുദ്ധമാണെന്നും അധികൃതര്‍ വ്യക്തമാക്കിയിരുന്നു. നിര്‍ദിഷ്ട സൈക്കിള്‍ പാതകള്‍ ഇല്ലാത്തിടത്ത് വശത്തെ റോഡുകള്‍ മാത്രമേ സൈക്കിള്‍ ഓടിക്കുന്നവര്‍ ഉപയോഗിക്കാവൂ എന്നും അധികൃതര്‍ നിര്‍ദേശം നല്‍കിയിരുന്നു. ഇ-സ്‌കൂട്ടറുകളില്‍ പാചകവാതക സിലിണ്ടറുകളും മറ്റു സാധനസാമഗ്രികളും കൊണ്ടുപോവുന്നതും സീറ്റ് ഘടിപ്പിക്കുന്നതും നിയമവിരുദ്ധവും അപകടകരവുമാണെന്നും അധികൃതര്‍ അറിയിച്ചിരുന്നു. ആയിരക്കണക്കിന് താമസക്കാരാണ് തൊഴിലിടങ്ങളിലേക്ക് പോകാനും വിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്ക് പോകാനും ഇലക്ട്രിക് സ്‌കൂട്ടറുകള്‍ ഉപയോഗിക്കുന്നത്.
ഇത് അമിതവേഗതയില്‍ ഓടിച്ചും മറ്റുമൊക്കെ സ്വന്തം ജീവനും മറ്റുള്ളവരുടെ ജീവനും അപകടത്തിലാക്കുന്ന പ്രവണത കണ്ടുവരുന്നുണ്ട്. സ്വന്തം സുരക്ഷയും മറ്റുള്ളവരുടെ സുരക്ഷയും ഉറപ്പുവരുത്തണമെന്നും തെറ്റായ ഡ്രൈവിങ് പ്രവണതയില്‍നിന്ന് വിട്ടുനില്‍ക്കണമെന്നും പൊലീസ് കാമ്പയിനില്‍ ആവശ്യപ്പെട്ടിരുന്നു. സീറ്റുകളുള്ള ഇലക്ട്രിക് സ്‌കൂട്ടറുകള്‍ക്ക് അടുത്തിടെയാണ് അബൂദബിയില്‍ നിരോധനം ഏര്‍പ്പെടുത്തിയത്. ഇലക്ട്രിക് സ്‌കൂട്ടറുകളില്‍ നിന്നുള്ള യാത്രകള്‍ മാത്രമേ അനുവദിക്കൂ. മുന്‍വശത്ത് പെട്ടിയുള്ള സ്‌കൂട്ടര്‍, സീറ്റുള്ള ഇ-സ്‌കൂട്ടര്‍, സാധാ സീറ്റുള്ള സ്‌കൂട്ടര്‍ എന്നിങ്ങനെ മൂന്നുതരം ഇലക്ട്രിക് സ്‌കൂട്ടറുകള്‍ക്കാണ് വിലക്ക്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.