ദുബൈ: കഴിഞ്ഞ രണ്ടു ദിവസങ്ങളിലായി പെയ്ത അതിശക്തമായ മഴയിൽ തകരാറിലായ വാഹനങ്ങൾ കൊണ്ട് വർക്ക്ഷോപ്പുകൾ നിറഞ്ഞുകവിഞ്ഞു. ദുബൈ, ഷാർജ, അജ്മാൻ, റാസൽഖൈമ, ഫുജൈറ എമിറേറ്റുകളിൽ നൂറുകണക്കിന് വാഹനങ്ങളാണ് വെള്ളത്തിൽ അകപ്പെട്ടത്. റാസൽഖൈമയിൽ ഉരുൾപൊട്ടിയതിനെ തുടർന്ന് മണ്ണിനടിയിൽ പൂണ്ടുപോയ വാഹനങ്ങൾ ക്രെയ്നുകളുടെ സഹായത്തോടെ ഉയർത്തിയാണ് ഗാരേജുകളിൽ എത്തിക്കുന്നത്. മഴ രാത്രി ശക്തിപ്രാപിച്ചതിനാൽ പലർക്കും വാഹനങ്ങൾ വെള്ളക്കെട്ടിൽ നിന്ന് മാറ്റിയിടാനുള്ള അവസരം ലഭിച്ചിരുന്നില്ല. ഷാർജയിലും അജ്മാനിലും വാഹനങ്ങൾ പാർക്കു ചെയ്യുന്ന താഴ്ന്ന പ്രദേശങ്ങളെല്ലാം വെള്ളത്തിൽ മുങ്ങിയ നിലയിലാണ്. ഇവിടെ നിന്ന് വെള്ളം നീക്കംചെയ്യാനുള്ള പ്രവർത്തനങ്ങളിലാണ് അധികൃതർ.
കേടായ വാഹനങ്ങൾക്ക് പൊലീസ് സർട്ടിഫിക്കറ്റ് നൽകുന്നതിനായി ഷാർജ പൊലീസ് ഡിജിറ്റൽ സൗകര്യവും സജ്ജമാക്കിയിട്ടുണ്ട്. പുതിയ മോഡൽ വാഹനങ്ങളിൽ ഭൂരിഭാഗവും സെൻസർ സംവിധാനത്തിൽ പ്രവർത്തിക്കുന്നതിനാൽ വെള്ളപ്പൊക്കം കാര്യമായി ബാധിച്ചിട്ടുണ്ട്. എങ്കിലും കഴിഞ്ഞ ഏപ്രിലിൽ അനുഭവപ്പെട്ട അത്ര വലിയ തകരാറുകൾ അല്ലെന്ന ആശ്വാസത്തിലാണ് പലരും.
2024 ഏപ്രിലിൽ ഉണ്ടായ വെള്ളപ്പൊക്കത്തിൽ വലിയ നാശനഷ്ടങ്ങളാണ് ഉണ്ടായിരുന്നത്. കേടായ വാഹനങ്ങളുടെ എണ്ണം കൂടിയതോടെ ചില വർക്ക് ഷോപ്പുകൾ പ്രത്യേക ബുക്കിങ് ഓപ്ഷനുകളും ഒരുക്കിയിട്ടുണ്ട്. എയർ ഫിൽട്ടറുകളിൽ വെള്ളം കയറുക, സ്പാർട്ട് പ്ലഗുകളിൽ ചളി കയറുക, സ്റ്റാർട്ടിങ് പ്രശ്നങ്ങൾ, ബാറ്ററിയുമായി ബന്ധപ്പെട്ട വിഷയങ്ങൾ തുടങ്ങിയവയാണ് പ്രധാനമായും സംഭവിച്ച തകരാറുകൾ. വെള്ളം കയറിയ കാറുകൾ ഉടൻ സ്റ്റാർട്ട് ചെയ്യരുതെന്നും വെള്ളം പോയശേഷം മാത്രമേ സ്റ്റാർട്ടാക്കാവൂവെന്നുമാണ് മെക്കാനിക്കുകൾ നൽകുന്ന ഉപദേശം. വെള്ളം കയറിയെന്ന് ഉറപ്പായാൽ ബാറ്ററി ടെർമിനലുകൾ വിച്ഛേദിക്കണം. ഷോർട്ട് സർക്യൂട്ട് ഒഴിവാക്കാൻ ഇത് സഹായകമാവും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.