ദുബൈ: ഗൾഫ് സഹകരണ കൗൺസിൽ അംഗങ്ങളായ രാജ്യങ്ങളിൽ ജനസംഖ്യയിൽ വൻ വർധന രേഖപ്പെടുത്തിയതായി ഗൾഫ് സ്റ്റാറ്റിസ്റ്റിക്കൽ സെന്‍റർ റിപ്പോർട്ട്. ഐക്യരാഷ്ട്ര സഭയുടെ പ്രവചനം അടിസ്ഥാനമാക്കിയുള്ള റിപോർട്ട് പ്രകാരം കഴിഞ്ഞ വർഷം അവസാനത്തോടെ ജി.സി.സി രാജ്യങ്ങളിലെ മൊത്തം ജനസംഖ്യ 6.15 കോടിയിലെത്തിയിരിക്കുകയാണ്.
2019 മായി താരതമ്യം ചെയ്യുമ്പോൾ 85 ലക്ഷത്തിന്‍റെ വർധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. അതായത് പ്രതിവർഷം ജനസംഖ്യയുടെ വളർച്ച നിരക്ക് 2.8 ശതമാനമാണ്. ആഗോള ശരാശരിയുടെ ഏതാണ്ട് മൂന്നു മടങ്ങ് വരുമിത്. മേഖലയിലെ ജനസംഖ്യ വർധനവിലുണ്ടാകുന്ന ധ്രുതഗതിയിലുള്ള വളർച്ചയെ പ്രതിഫലിപ്പിക്കുന്നതാണീ കണക്കുകൾ. പ്രായഘടന സംബന്ധിച്ച് നോക്കുമ്പോൾ, ജി.സി.സി ജനസംഖ്യയുടെ 76.7 ശതമാനവും ജോലി ചെയ്യുന്ന പ്രായത്തിലുള്ളവരാണ് (15–64 വയസ്സ്) ഏറ്റവും വലിയ പങ്ക് വഹിക്കുന്നതെന്ന് റിപ്പോർട്ട് സൂചിപ്പിക്കുന്നു. ഇതു പ്രകാരം കുട്ടികൾ (0-14 വയസ്സ്) 20.6 ശതമാനവും പ്രായമായവർ (65 വയസ്സും അതിൽ കൂടുതലുമുള്ളവർ) ഏകദേശം 2.6 ശതമാനവുമാണ്.
മേഖലയിലെ യുവ ജനസംഖ്യയേയും ശക്തമായ തൊഴിൽ ശക്തിയെയുമാണ് ഈ കണക്കുകൾ പ്രതിഫലിപ്പിക്കുന്നത്. മൊത്തം ആശ്രിതത്വ അനുപാതം 100 ജോലി ചെയ്യുന്ന പ്രായത്തിലുള്ള വ്യക്തികൾക്ക് ഏകദേശം 30 കുട്ടികളും പ്രായമായവരുമാണ്. മൊത്തം ജനസംഖ്യയുടെ 62.7 ശതമാനം പുരുഷൻമാരും 37.3 ശതമാനം സ്ത്രീകളുമാണ്. 100 സ്ത്രീകൾക്ക് 168 പുരുഷൻമാർ എന്നതാണ് ലിംഗാനുപാതം. പ്രവാസി തൊഴിലാളികളുമായി ബന്ധപ്പെട്ട ജനസംഖ്യാ ഘടനയാണ് ഈ അസന്തുലിതാവസ്ഥക്ക് പ്രധാന കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നത്.
അതേസമയം, 2050 ഓടെ ജി.സി.സി രാജ്യങ്ങളിലെ ആകെ ജനസംഖ്യ 8.36 കോടിയിലെത്തുമെന്നും റിപോർട്ട് വ്യക്തമാക്കുന്നു. അതോടൊപ്പം വയോധികരുടെ എണ്ണം ഇരട്ടിയാകുമെന്നും റിപോർട്ട് പ്രവചിക്കുന്നുണ്ട്. 2050 ഓടെ വയോധികരുടെ ആകെ എണ്ണം 55 ലക്ഷത്തിലെത്തുമെന്നാണ് പ്രവചനം. ജി.സി.സി രാജ്യങ്ങളിലുടനീളം സുസ്ഥിരമായ വികസനത്തിന് നഗരാസൂത്രണം, ആരോഗ്യരക്ഷ, തൊഴിൽ വിപണികൾ, സാമൂഹിക സുരക്ഷ എന്നീ മേഖലകളിൽ ദീർഘകാല നയം രൂപീകരിക്കേണ്ടതിന്‍റെ പ്രാധാന്യമാണ് ഈ കണക്കുകൾ അടിവരയിടുന്നതെന്നും റിപോർട്ട് സൂചിപ്പിക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.