ശൈഖ് മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂം ലോക സർക്കാർ ഉച്ചകോടി വേദി സന്ദർശിക്കുന്നു
ദുബൈ: അറുപതിലധികം രാഷ്ട്രതലവന്മാരും 500ൽ അധികം മന്ത്രിമാരും ഉൾപ്പെടെ 150ൽ ഏറെ രാജ്യങ്ങളിൽനിന്നുള്ള പ്രതിനിധികൾ പങ്കെടുക്കുന്ന ലോക സർക്കാർ ഉച്ചകോടി 2026ന് ദുബൈയിൽ പ്രൗഢ തുടക്കം. ‘ഭാവി സർക്കാറുകളെ രൂപപ്പെടുത്തുന്നു’ എന്ന പ്രമേയത്തിലാണ് മൂന്നു ദിവസങ്ങളിലായി ഉച്ചകോടി നടക്കുന്നത്.
യു.എ.ഇ വൈസ് പ്രസിഡൻറും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂം ഉച്ചകോടിയുടെ ഉദ്ഘാടനത്തിന് മുന്നോടിയായി വിവിധ പരിപാടികളും സർക്കാർ പവിലിയനുകളും സന്ദർശിച്ചു. ഭരണനവീകരണം, നിർമിത ബുദ്ധി, സാമ്പത്തിക വളർച്ച, സുസ്ഥിര വികസനം എന്നിവ ലക്ഷ്യമാക്കി വിവിധ രാജ്യങ്ങൾ അവതരിപ്പിച്ച നവീന പദ്ധതികൾ അദ്ദേഹം സന്ദർശിച്ചു.
ജനങ്ങളുടെ അഭിലാഷങ്ങൾ നിറവേറ്റുന്നതിനുള്ള ഏറ്റവും ഫലപ്രദമായ മാർഗം സർക്കാറുകളുടെ നവീകരണമാണെന്ന് ശൈഖ് മുഹമ്മദ് പ്രസ്താവിച്ചു. ആഗോള വെല്ലുവിളികൾക്ക് ഫലപ്രദമായ പരിഹാരങ്ങൾ കണ്ടെത്തുന്ന, ശക്തമായ ഭരണമാതൃക രൂപപ്പെടുത്തുന്നതിൽ യു.എ.ഇ വിജയിച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. ഉച്ചകോടിയുടെ ആദ്യ ദിനത്തിൽ അറബ് ഫിസ്കൽ ഫോറം, അറബ് യങ് ലീഡേഴ്സ് മീറ്റിങ്, അറബ് യൂത്ത് ലീഡേഴ്സ് ഫോറം, കുവൈത്ത്-യു.എ.ഇ സാമ്പത്തിക ഫോറം, ലാറ്റിൻ അമേരിക്ക-കരീബിയൻ നിക്ഷേപ ഫോറം തുടങ്ങിയ നിരവധി ഉയർന്ന തലത്തിലുള്ള സമ്മേളനങ്ങളും മന്ത്രിതല യോഗങ്ങളും നടന്നു.
രാഷ്ട്ര നേതാക്കൾക്കൊപ്പം 80ൽ അധികം അന്താരാഷ്ട്ര സംഘടനകൾ, 700ൽ അധികം ആഗോള കമ്പനികളുടെ സി.ഇ.ഒമാർ, 6,250ൽ അധികം പ്രതിനിധികൾ എന്നിവരും ഉച്ചകോടിയിൽ പങ്കെടുക്കുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.