ദുബൈ: യു.എ.ഇയിലെ ഏറ്റവും വലിയ ചെറുകിട ഇന്ധന വിതരണ സ്ഥാപനമായ അഡ്നോക് ഡിസ്ട്രിബ്യൂഷൻ കഴിഞ്ഞ വർഷം നേടിയത് റെക്കോഡ് ലാഭം. 2025 ഡിസംബർ 31 വരെയുള്ള കണക്കുകൾ പ്രകാരം കമ്പനി നേടിയത് 761 ദശലക്ഷം ഡോളറിന്റെ ലാഭമാണ്. 15.4 ശതമാനമാണ് വർധന.
അബൂദബി സെക്യൂരിറ്റീസ് എക്സ്ചേഞ്ചിൽ സമർപ്പിച്ച റിപ്പോർട്ടിലാണ് ഈ വിവരങ്ങൾ വ്യക്തമാക്കുന്നത്. കൂടുതൽ പെട്രോൾപമ്പുകൾ തുറന്നതും ഉയർന്ന അളവിലുള്ള ഇന്ധന വിതരണവുമാണ് ലാഭം കുതിച്ചുയരാൻ കാരണം.
കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് വരുമാനത്തിൽ 1.2 ശതമാനം വർധനവാണ് രേഖപ്പെടുത്തിയത്. കഴിഞ്ഞ വർഷം 15.7 ശതകോടി ലിറ്റർ ഇന്ധനം വിറ്റതിലൂടെ 35.89 ശതകോടി ദിർഹമിന്റെ വരുമാനമാണ് നേടിയത്. യു.എ.ഇ കൂടാതെ സൗദി അറേബ്യ, ഈജിപ്ത് രാജ്യങ്ങളിലേക്കും ഇന്ധന വിതരണം വ്യാപിപ്പിച്ചതും വരുമാന വർധനവിന് ആക്കംകൂട്ടി. കഴിഞ്ഞ വർഷത്തെ കണക്കുപ്രകാരം കമ്പനിയുടെ ആകെ പെട്രോൾ പമ്പുകളുടെ എണ്ണം 1,010ലെത്തിയിട്ടുണ്ട്. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് ഈ രംഗത്ത് 13 ശതമാനത്തിന്റെ വർധനവാണുണ്ടായിരിക്കുന്നത്. 2028ഓടെ ചെറുകിട വിതരണ പമ്പുകളുടെ എണ്ണം 1,150ലെത്തും.
ഇതിനായുള്ള പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണെന്നും കമ്പനി പ്രസ്താവനയിൽ വെളിപ്പെടുത്തി. ഇന്ധന ഇതര മേഖലയിൽനിന്നുള്ള വരുമാനത്തിലും ലാഭത്തിലും വർധന കൈവരിച്ചിട്ടുണ്ട്. ഈ രംഗത്ത് നാലാംപാദ വർഷത്തിൽ കമ്പനിയുടെ അറ്റലാഭം 15 ശതമാനം ഉയർന്ന് 668 ദശലക്ഷം ദിർഹമായി. വരുമാനത്തിൽ ഏഴ് ശതമാനം വർധനവുമായി 9.4 ശതകോടി ദിർഹവും നേടാനായി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.